
പാർവതി യു എസ്
മലയാള ചലച്ചിത്ര സംഗീതത്തെ ശാസ്ത്രീയമായ അടിത്തറയിൽ ഉറപ്പിച്ചുനിർത്തി അതിനു സാർവ്വലൗകികമായ ഭാവുകത്വം നൽകിയ സംഗീത മന്ത്രികനായിരുന്നു ജി.ദേവരാജൻ . കേവലം പാട്ടുകൾ ചിട്ടപ്പെടുത്തുക എന്നതിലുപരി ,ഓരോ വരിയുടെയും ആത്മാവ് തൊട്ടറിഞ്ഞ ആ ഈണങ്ങൾ മലയാളിക്ക് വെറും സംഗീതമായിരുന്നില്ല , അതൊരു വികാരമായിരുന്നു .
മൃദംഗ വിദ്വാനായിരുന്ന അച്ഛനിൽ നിന്നും താളബോധത്തിന്റെയും ലയത്തിന്റെയും ആദ്യ പാഠങ്ങൾ പഠിച്ച അദ്ദേഹം പിന്നീട് ശാസ്ത്രീയ സംഗീതത്തിൽ അഗാധമായ പാണ്ഡിത്യം നേടി .ഒരു മികച്ച കർണാടക ഗായകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ തുടക്കം . സംഗീതത്തോടുള്ള അദ്ധേഹത്തിന്റെ സമീപനം അത്യന്തം ഗൗരവമായിരുന്നു അതുകൊണ്ടുതന്നെ ‘മാസ്റ്റർ ‘എന്ന വിളിപ്പേര് അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായി .
ALSO RAED : കാലത്തെ അതിജീവിച്ച ദൃശ്യകവിത; ദൃശ്യവിസ്മയങ്ങളുടെ തമ്പുരാൻ ജി അരവിന്ദൻ
സിനിമയ്ക്ക് മുമ്പേ ദേവരാജൻ മാസ്റ്റർ കേരളത്തിന്റെ മുക്കിലും മൂലയിലും തരംഗമായത് കെ. പി .എ. സി നാടങ്ങളിലൂടെയായിരുന്നു. മലയാളത്തിലെ മഹാകവി ഒ.എൻ .വി .കുറുപ്പുമായി ചേർന്നുള്ള ആ സംഗീതയാത്ര കേരളത്തിലെ സാമൂഹിക -രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ് .” പൊന്നരിവാൾ അമ്പിളിയിൽ കണ്ണ് എറിയുന്നോളെ …”,ബലികുടീരങ്ങളെ …സ്മരണകളിരമ്പുന്ന രണസ്മാരകങ്ങളെ …” തുടങ്ങിയ വിപ്ലവ ഗാനങ്ങൾ ഇന്നും കേരളത്തിലെ സമര ഭൂമികളിൽ ആവേശം പകരുന്നു . നാടക ഗാനങ്ങൾക് സിനിമയോളം വലിയ ജനപ്രീതി നേടിക്കൊടുത്തത് മാസ്റ്ററുടെ ഈണങ്ങളായിരുന്നു .
1955 -ൽ പുറത്തിറങ്ങിയ “കാലം മാറുന്നു” എന്ന ചിത്രത്തിലൂടെ ആണ് മാസ്റ്റർ ചലച്ചിത്ര സംഗീത സംവിദാനത്തിലേക്ക് ചുവടുവെക്കുന്നത് .ആ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് ഒ.എൻ.വി.കുറുപ്പായിരുന്നു . “ആ മലർപ്പൊയ്കയിൽ ആടിക്കളിക്കുന്നൊരോമനത്താമരപ്പൂവേ” എന്ന ഗാനത്തിലൂടെ മാസ്റ്റർ ശ്രദ്ധേയനായി . ഈ ചിത്രത്തിന് ശേഷം മലയാള സിനിമ കണ്ടത് ദേവരാജൻ മാസ്റ്റർ എന്ന സംഗീതസൂര്യന്റെ ഉദയമായിരുന്നു.
ALSO READ : വാസവൻ എന്ന അപൂര്‍വമായ പേര്; പേരിന് പിന്നിലെ കഥ മീനാക്ഷിയുമായി പങ്കിട്ട് മന്ത്രി വി എൻ വാസവൻ
മലയാള സംഗീത ചരിത്രത്തിൽ മാറ്റി നിർത്താനാകാത്ത പേരാണ് വയലാർ -ജി . ദേവരാജൻ കൂട്ടുകെട്ട് . ഒരേ ചിന്താഗതിയും ഒരേ ഭാവുകത്വവുമുള്ള ഈ രണ്ടു പ്രതിഭകൾ ഒന്നിച്ചപ്പോൾ മലയാളികൾക്ക് ലഭിച്ചത് ആയിരകണക്കിന് അനശ്വര ഗാനങ്ങളാണ് . ഇവരുടെ കൂട്ടുകെട്ടിൽ വിരിഞ്ഞ “ഗന്ധർവ്വ ക്ഷേത്രം” ഇന്നും പുതിയ തലമുറക്ക് പോലും പാഠപുസ്തകമാണ്.
വയലാറിന്റെ കവിത തുളുമ്പുന്ന വരികൾക്ക് ദേവരാജൻ മാസ്റ്റർ നൽകിയ ഈണങ്ങൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് . മികച്ച സംഗീത സംവിദായകനുള്ള കേരളം സംസ്ഥാന ചലച്ചിത്ര അവാർഡ് അഞ്ച് തവണ അദ്ദേഹം സ്വന്തമാക്കി .
“ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി…” – നദി (1969 ) , “സംഗമം സംഗമം ത്രിവേണി സംഗമം ശൃംഗാരപദമാടും യാമം – മദാലസയാമം…”-ത്രിവേണി (1970 ) , “ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നൂ…”-ചെമ്പരത്തി (1972 ) “ചിദംബരം ” 1985 , 1991 ഒരേ തൂവൽ പക്ഷികൾ , എന്നിങ്ങനെ നിരവധി ഗാനങ്ങൾക് പുരസ്‌കാരങ്ങൾ ലഭിച്ചു . സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച് കേരളം സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി.ഡാനിയേൽ.അവാർഡും അദ്ദേഹത്തിന് ലഭിച്ചു .
ALSO RAED : മലയാളത്തിന്റെ ‘നിർമ്മാല്യം’; പി ജെ ആൻ്റണി: അരങ്ങിലെ വിപ്ലവകാരിയുടെ ഓർമകൾക്ക് മുന്നിൽ…
2006 മാർച്ച് 15 നു ചെന്നൈയിൽ വെച്ച് ഗന്ധർവ സംഗീതം അസ്തമിച്ചു . മഅലയള സംഗീതത്തിൽ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ട്ടിച്ച ശൂന്യത ഇന്നും നികത്താനാവാത്തതാണ് . വയലാർ ,ഒ.എൻ.വി.,പി.ഭാസ്കരൻ തുടങ്ങിയവരുടെ വരികൾക്ക് അദ്ദേഹം നൽകിയ ഈണങ്ങൾ ഓരോ മലയാളിയുടെയും ഉള്ളിൽ ഇന്നും അനശ്വരമായി നിലനിൽക്കുന്നു . മലയാള ചലച്ചിത്ര സംഗീതത്തിലെ ആ രാജ ശില്പി ഇന്നും വിസ്മരിക്കപ്പെടാത്ത ഒരു ചരിത്രമാണ് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

