
പിലിഭിത്ത് കടുവാ സങ്കേതത്തില്‍ രണ്ടു വയസുള്ള പെണ്‍പുലിയുടെ ശരീരത്തിലൂടെ അമിത വേഗതയില്‍ സഞ്ചരിച്ച വാഹനം കയറിയിറങ്ങി. ശനിയാഴ്ച വൈകിട്ട് നടന്ന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പുലി ചത്തു. പുലി വനത്തിനുള്ളിലെ റോഡ് കടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഭാരത് കുമാര്‍ പറഞ്ഞു.
അപകടത്തിന്റെ ആഘാതത്തില്‍ പുലി വാഹനത്തില്‍ കുടുങ്ങി തുടര്‍ന്ന 200 മീറ്ററോളം നിരങ്ങി നീങ്ങി. സംഭവം ശ്രദ്ധയില്‍പ്പെട്ട വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞെങ്കിലും ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നു രക്ഷപ്പെടുകയായിരുന്നു.
പരുക്കേറ്റ പുലിയുടെ അടുത്തേത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ അത് ആക്രമിക്കാന്‍ ശ്രമിക്കുകയും അനോഘേല്‍ എന്ന ഉദ്യോഗസ്ഥന് പരുക്കേല്‍ക്കുകയും ചെയ്തു. അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. അമിതമായി വേദന അനുഭവിച്ചിരുന്ന പുലി പെട്ടെന്ന് മനുഷ്യരെ സമീപം കണ്ടപ്പോള്‍ ഇത്തരത്തില്‍ പ്രതികരിച്ചതാണെന്നാണ് ഡിഎഫ്ഒ പ്രതികരിച്ചത്.
പുലിയെ ചികിത്സിക്കാനായി ഡോക്ടറും സംഘവും എത്തുന്നതിന് മുമ്പ് ചത്തു. നിലവില്‍ പുലിയുടെ ശരീരം പോസ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ ഡ്രൈവറിനായുള്ള തെരച്ചില്‍ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here