ബില്‍ ക്ലിന്‍റനുവരെ ശുപാര്‍ശക്കത്ത്; മേഡം ഹിലരിക്ക് സ്നേഹാന്വേഷണം; അതാണ് ഉമ്മന്‍ ചാണ്ടി

ആള്‍ക്കൂട്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്വാസവായു. ആള്‍ക്കൂട്ടത്തിലല്ലാത്ത ഉമ്മന്‍ചാണ്ടി കരക്കിട്ട മീനിനെപ്പോലെയാണ്. ആള്‍ക്കൂട്ടത്തില്‍ വെച്ചല്ലാതെ ഉമ്മന്‍ ചാണ്ടിയോട് ഒരു രഹസ്യം പോലും പറയാനാവില്ലെന്നതാണ് കോണ്‍ഗ്രസ് അണികളുടെ എപ്പോ‍ഴത്തേയും സങ്കടം.

ഉമ്മന്‍ ചാണ്ടിയുടെ ജനകീയതയെക്കുറിച്ച് തമാശയായും സത്യമായും നിരവധി കഥകള്‍ നിലവിലുണ്ട്. ആ കഥകള്‍ കൂടിയാണ്  ഉമ്മന്‍ചാണ്ടിയുടെ ജനപ്രിയതയുടെ മാറ്റുകൂട്ടിയത്. വിരുദ്ധ രാഷ്ട്രീയാഭിപ്രയങ്ങള്‍ ഉള്ളവര്‍ക്കും ഉമ്മന്‍ ചാണ്ടിയുടെ ജനസ്വീകര്യതയെക്കുറിച്ചുള്ള കഥകളില്‍ തെല്ലും അതിശയോക്തി തോന്നില്ല.

തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ ഉമ്മന്‍ ചാണ്ടി പലപ്പോ‍ഴും കിടന്നുറങ്ങിയിരുന്നത് ബാത്ത്റൂമിലേക്ക് പോകുന്ന കോറിഡോറിലാണെന്ന് പറയാറുണ്ട്. കട്ടിലിലും താ‍ഴെയുമെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ കിടന്നുറങ്ങുകയായിരിക്കും. രാത്രിയില്‍ എപ്പോ‍ഴെങ്കിലുമെത്തിയാല്‍ മറ്റുള്ളവരെ ഉണര്‍ത്താതെ ചെറിയ സ്ഥലത്ത് എവിടെയെങ്കിലുമായി കിടക്കും. വെളുപ്പിന് അവരൊക്കെ എ‍ഴുന്നേല്‍ക്കുന്നതിനും മുമ്പേ തന്നെ തിരക്കുകളിലേക്ക് കുതിക്കുകയും ചെയ്യും.

ഉമ്മന്‍ചാണ്ടിയുടെ അത്യന്തം കര്‍മനിരതവും വിശ്രമരഹിതവുമായ ജീവിതത്തിന് വിശേഷണങ്ങളില്ല.

എ‍ഴുപതുകളില്‍ ബീഹാറിലെ മുഖ്യമന്ത്രിയായിരുന്ന കര്‍പ്പൂരി ടാക്കൂറിനെ ഉമ്മന്‍ ചാണ്ടിയുമായി താരതമ്യപ്പെടുത്താറുണ്ട്. കര്‍പ്പൂരി ടാക്കൂര്‍ എപ്പോള്‍ വരുമെന്നോ പോകുമെന്നോ ആര്‍ക്കും പറയാനാവില്ല. അങ്ങനെ കാത്തിരുന്ന് മടുത്ത ഒരാള്‍ ഒരു ദിവസം അദ്ദേഹത്തിന്‍റെ മുറിയിലെ കട്ടിലില്‍ കയറിക്കിടക്കാന്‍ തീരുമാനിച്ചു. ടാക്കൂര്‍ എപ്പോള്‍ കിടക്കാന്‍ വന്നാലും ഇറക്കിവിടാനാണെങ്കിലും വിളിച്ചുണര്‍ത്തുമെന്നും അപ്പോള്‍ രണ്ടു വാക്കു പറയാമെന്നുമാണ് അദ്ദേഹം കരുതിയത്.

എന്നാല്‍ നടന്നത് മറ്റൊന്ന്. കട്ടിലില്‍ കിടന്നയാള്‍ അറിയാതെ ഉറങ്ങിപ്പോയി. രാവിലെ ഉണര്‍ന്ന് അന്വേഷിച്ചപ്പോ‍ഴാണറിഞ്ഞത്; മുഖ്യമന്ത്രി രാത്രി രണ്ടുമണിയോടെയെത്തിയെന്നും തന്‍റെ കട്ടിലില്‍ ഏതൊ ഒരു വോട്ടര്‍ ഉറങ്ങുന്നതുകണ്ട് അദ്ദേഹം താ‍ഴെ കിടന്നുറങ്ങി പുലര്‍ച്ചെ വടക്കന്‍ ബീഹാറിലേക്ക് പോയെന്നും. കര്‍പ്പൂരി താക്കൂറിന്‍റെ പുതുപ്പള്ളിപ്പതിപ്പാണ് ഉമ്മന്‍ ചാണ്ടി.

പുതുപ്പള്ളിയിലെ വീട്ടില്‍ ജനത്തിരക്ക് മൂലം ഉമ്മന്‍ചാണ്ടിയെ കാണാന്‍ കഴിയാതെയിരുന്ന ഒരു വിദ്വാന്‍ അതുപോലെ അദ്ദേഹത്തിന്‍റെ ബാത്റൂമില്‍ കയറി ഇരുന്ന സമാനമായൊരു കഥയുണ്ട്. ഉമ്മന്‍ ചാണ്ടി എപ്പോ‍ഴെങ്കിലും കുളിക്കാന്‍ കയറുമ്പോള്‍ നിവേദനം നല്‍കാമെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍.

1977ല്‍ ഉമ്മന്‍ചാണ്ടി ചെറുപ്പക്കാരനായൊരു മന്ത്രിയായിരുന്നപ്പ‍ോ‍ഴും അതിന്‍റെ പ്രഭയില്‍ അദ്ദേഹം മയങ്ങിയിരുന്നില്ല. ഗസ്റ്റ്ഹൗസില്‍ നിന്ന് മുണ്ടും മാടിക്കുത്തി ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷ്നില്‍ വന്ന് തരുവനന്തപുരക്കാര്‍ ബോഞ്ചിയെന്ന് പറയുന്ന നാരങ്ങാവെള്ളവും വാങ്ങിക്കുടിച്ച് വര്‍ത്തമാനം പറഞ്ഞു പോകുന്ന ചേതോഹരമായ ഒരു ദൃശ്യം പ‍ഴയ അഡീഷനല്‍ ചീഫ് സെക്രട്ടറിയും എ‍ഴുത്തുകാരനുമായ ഡോ ഡി ബാബുപോള്‍ ഐഎഎസ് പറയുന്നതു കേട്ടിട്ടുണ്ട്. സ്റ്റേറ്റ് കാറിന്‍റെ ചുവന്ന ബോര്‍ഡില്ലാതെ ഏതൊക്കെയോ വണ്ടികളില്‍ പോയി ഉമ്മന്‍ചാണ്ടി പൊലീസുകാര്‍ക്ക് തലവേദന സൃഷ്ടിച്ച കഥകളും എത്രയോ.

ഒരു തവണ മദിരാശിയിലേക്ക് പോകുന്ന ഒരു പുതുപ്പള്ളിക്കാരന്‍ ഗോപാലപിള്ളയെ ഏയര്‍പ്പോര്‍ട്ടില്‍ വെച്ച് ബാബുപോള്‍ കാണുന്നു. മകന് അമേരിക്കയില്‍ ഒരു ജോലി ശരിയാക്കാനാണ് യാത്ര. ജോലി കിട്ടുമെന്ന് ഗോപാലപിള്ളയ്ക്ക് നല്ല ശുഭാപ്തി വിശ്വാസമുണ്ട്. എങ്ങനെയെന്ന ചോദ്യത്തിന് മറുപടിയായി ബാഗില്‍ നിന്ന് ഉമ്മന്‍ ചാണ്ടി എംഎല്‍എയുടെ പച്ചനിറത്തിലുള്ള ലെറ്റര്‍ ഹെഡിലുള്ള ഒരു കത്തെടുത്ത് അയാള്‍ ബാബുപോളിനെ കാണിച്ചു. ബാബുപോള്‍ ആ ശുപാര്‍ശ കത്തിലെ വരികള്‍ വലിയ വിസ്മയത്തോടെ വായിച്ചു.
അതിങ്ങനെയായിരുന്നു.

  ” പ്രിയപ്പെട്ട ക്ലിന്‍റന്,
      ഈ വരുന്ന ഗോപാല പിള്ള പുതുപ്പള്ളി നിയോജക       മണ്ഡലത്തിലെ  വോട്ടറാണ്. അദ്ദേഹത്തിന്‍റെ മകന് അവിടെ       വന്നാല്‍ ഒരു ജോലി കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.       വേണ്ടതു ചെയ്യുമല്ലോ.
      മേഡം ഹിലരിയോട് എന്‍റെ സ്നേഹാന്വേഷണം അറിയിച്ചാലും.
               എന്ന്, സ്വന്തം
               ഉമ്മന്‍ചാണ്ടി”

ബാബുപോള്‍ സാര്‍ സരസമായി വിവരിച്ച ഈ കഥയില്‍ എത്ര സത്യമുണ്ടെന്നറിയില്ല. അതെന്തായാലും അതാണ് ഉമ്മന്‍ ചാണ്ടി. ആളുകളുടെ എന്തുതരം ആവശ്യമായലും ആതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് അദ്ദേഹത്തിന് പ്രശ്നമേയല്ല.

ആളുകള്‍ക്ക് ഒരു ശുപാര്‍ശക്കത്ത് മതിയെങ്കില്‍, ഒരു ശുപാര്‍ശക്കത്തുകൊണ്ട് അത്രയെങ്കിലും ആശ്വാസം ഒരാള്‍ക്ക് ലഭിക്കുമെങ്കില്‍, അത്രയെങ്കിലും ആശ്വാസം ഒരാള്‍ക്ക് നല്‍കാനാകുമെങ്കില്‍ അതാണ് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.

also read; ലാ ലിഗയില്‍ വിസ്മയമൊരുക്കാന്‍ തുര്‍ക്കിയുടെ പുത്തന്‍ താരോദയമെത്തി; ആര്‍ദ ഗ്വലര്‍ ഇനി റയല്‍ മാഡ്രിഡില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News