പ്രിസ്‌ക്രിപ്ഷനില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കിയാല്‍ ഫാര്‍മസികളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും ലൈസന്‍സ് റദ്ദാക്കും: മന്ത്രി വീണാ ജോര്‍ജ്

മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഇനി ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഫാര്‍മസികളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല എന്നുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിസ്റ്റമാറ്റിക്കായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം 627 കോടി രൂപയുടെ മരുന്നുകള്‍ ഇതുവരെ വാങ്ങി. മരുന്ന് ധാരാളമായി സ്റ്റോക്കുണ്ട്. അടുത്ത ഇന്റ്റെന്റില്‍ 20 ശതമാനം മരുന്നുകള്‍ വാങ്ങാന്‍ ആശുപത്രികളില്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. ആളുകള്‍ സ്വയം പോയി ആന്റിബയോട്ടിക്കുകള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗികളുടെ എണ്ണം കൂടുന്നത് പ്രശ്‌നമാണ്. കൂടുന്നതിനനുസരിച്ച് മരുന്ന് വാങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Also Read : ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കണം; ബില്ല് പാസാക്കുന്നതിനുള്ള തടസം ഗവര്‍ണറാണ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍എവിഎച്ച് അംഗീകാരം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. 150 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഇത് ആരോഗ്യമേഖലയിലെ നാഴിക കല്ലാണെന്നും 100 ആയുഷ് കേന്ദ്രങ്ങള്‍ കൂടി അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഫണ്ട് ലഭ്യമാകുന്നില്ലെന്നും എന്‍ എച്ച് എം പദ്ധതികള്‍ താളം തെറ്റുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര വിഹിതം 60 ശതമാനം ആണ് നല്‍കേണ്ടത്. എന്നാല്‍ അത് കേന്ദ്രം നല്‍കുന്നില്ല. 278.4 കോടി രൂപ ലഭിക്കാനുണ്ടെങ്കിലും അത് കിട്ടിയിട്ടില്ലെന്നും സംസ്ഥാനത്തിന്റെ വിഹിതം ഉപയോഗിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

കോബ്രാന്‍ഡിങ്ങിന്റെ പ്രശ്‌നം ഉന്നയിച്ചാണ് കേന്ദ്രം ഇപ്പോള്‍ ഫണ്ട് നല്‍കാത്തത്. കോബ്രാന്‍ഡിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രം പറഞ്ഞ 99 ശതമാനവും പൂര്‍ത്തിയാക്കി. എന്നിട്ടും ദൗര്‍ഭാഗ്യവശാല്‍ ഫണ്ട് നല്‍കുന്നില്ല. കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റാന്‍ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ ലോഗോ വെക്കാം, പക്ഷേ പേര് മാറ്റാന്‍ കഴിയില്ലെന്ന് കേരളം അറിയിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News