
ഇന്നത്തെ കാലത്ത് ഒരു വിഭാഗം ഉയരമെന്നത് അലങ്കമായിട്ടാണ് കാണുമ്പോൾ മറ്റൊരു വിഭാഗം അതിനെ ശാപമായിട്ടാണ് കാണുന്നത്. ഉയരം കാരണം ബുദ്ധിമുട്ടുന്ന ഒരു യുവാവിനെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (TSRTC) കണ്ടക്ടർ അമീൻ അഹമ്മദ് അൻസാരിയാണ് തന്റെ ഉയരം കാരണം ബുദ്ധിമുട്ടുന്നത്.
തന്റെ ഉയരം അൻസാരിക്ക് ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. 6 അടി 6 ഇഞ്ച് ഉയരമുള്ള അമീന് ബസിനുള്ളിലെ പരിമിതമായ സൗകര്യങ്ങൾ കാരണം കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ഇതിനെ തുടർന്ന് ആർടിസി അദ്ദേഹത്തിന് പകരം തസ്തിക അനുവദിക്കുകയായിരുന്നു.
also read: വിമാനം പറത്താതെ പൈലറ്റ് ജോലി; ശമ്പളം 95 ലക്ഷം രൂപ വരെ, വെറൈറ്റി അവസരം
32 വയസ്സുള്ള അമീൻ അഹമ്മദ് അൻസാരി ഹൈദരാബാദ് – കരിംനഗർ റൂട്ടിൽ ഓർഡിനറി ബസിലായിരുന്നു ജോലി ചെയ്തിരുന്നത്. 6.6 അടി ഉയരമുള്ള അമീന് ദിവസം 8 മണിക്കൂർ ഷിഫ്റ്റിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനും പണം വാങ്ങുന്നതിനുമായി നിരന്തരം കുനിഞ്ഞുനിൽക്കേണ്ടി വരുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് അമീന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. കടുത്ത കഴുത്തുവേദനയും നടുവേദനയും അനുഭവപ്പെടുന്ന സാഹചര്യത്തിൽ അമീന്റെ അപേക്ഷ പരിഗണിച്ച TSRTC മാനേജ്മെന്റ് അദ്ദേഹത്തെ കണ്ടക്ടർ ജോലിയിൽ നിന്ന് മാറ്റി.
മേയ് അഞ്ചിന് മുഷീറാബാദിലെ ബസ് ഭവൻ കോർപ്പറേഷന്റെ ആസ്ഥാനത്തുനിന്ന് വന്ന ഔദ്യോഗിക ഉത്തരവിൽ, അമീൻ അഹമ്മദ് അൻസാരിക്ക് ഔട്ട് ഓഫ് ഡെസിഗ്നേഷൻ ഡ്യൂട്ടിയിലേക്ക് നിയമനം നൽകുകയായിരുന്നു. ഇപ്പോൾ നിവർന്നു നിന്ന് ജോലി ചെയ്യാൻ കഴിയുന്നത് വലിയ ആശ്വാസമായിട്ടാണ് അൻസാരി കാണുന്നത്. ശമ്പളത്തിലോ മറ്റ് ആനുകൂല്യങ്ങളിലോ കുറവ് വരുത്താതെയാണ് പുതിയ നിയമനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

