
വിവാഹം ഇപ്പോഴും ഒരു ആജീവനാന്ത ബന്ധമായാണ് ഇന്ത്യൻ സമൂഹം പൊതുവേ കണക്കാക്കുന്നത്. എന്നാൽ ഇന്ന്, വിവാഹമോചനം വളരെ സാധാരണമായി മാറിയിരിക്കുന്നു. ചില സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വരികയും പങ്കാളികൾ വേർപിരിയാൻ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാൽ പല കേസുകളിലും, ചെറിയ തെറ്റിദ്ധാരണകൾ ശരിയായ സമയത്ത് പരിഹരിക്കപ്പെടാത്തതിനാൽ അക്കാര്യം പിന്നീട് വലിയ പ്രശ്നങ്ങളായി വളരുകയാണ് ചെയ്യുന്നത്.
തങ്ങളുടെ ചെറിയ തെറ്റുകൾ പങ്കാളിയെ വൈകാരികമായി വേദനിപ്പിക്കുകയും ബന്ധത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നത് പലപ്പോഴും പുരുഷന്മാർ തിരിച്ചറിയാറില്ല. സ്ത്രീകൾ വികാരങ്ങൾക്ക് വലിയ വില നൽകുന്നവരാണ്. അതിനാൽ, പുരുഷന്മാർ പറയുന്ന ചെറിയ കാര്യങ്ങൾ പോലും സ്ത്രീകളെ ബാധിച്ചെന്ന് വരാം. ഓരോ ചെറിയ ശ്രമങ്ങളും ബന്ധത്തെ ശക്തിപ്പെടുത്തുമെങ്കിലും, ചില ശീലങ്ങളും പെരുമാറ്റങ്ങളും അകൽച്ചയുണ്ടാക്കുകയും വികാരങ്ങളെ മുറിപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകളുടെ മനസ്സിനെ തകർക്കുന്ന പുരുഷന്മാരുടെ അഞ്ച് സാധാരണ ശീലങ്ങൾ അറിയാം…
പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാതിരിക്കുക
തുടക്കത്തിൽ പല പുരുഷന്മാരും പങ്കാളിക്കൊപ്പം ധാരാളം സമയം ചെലവഴിക്കാറുണ്ട്. എന്നാൽ ക്രമേണ അവരോടൊപ്പം പുറത്തുപോകുന്നത് നിർത്തുകയും പൊതുസ്ഥലങ്ങളിൽ അവരോടൊപ്പം പോകാൻ വിസമ്മതിക്കുകയും ചെയ്യുന്നു. ഇത് ഒരു സ്ത്രീക്ക് താൻ ഒറ്റപ്പെട്ടവളാണെന്നും അവഗണിക്കപ്പെട്ടവളാണെന്നും തോന്നാൻ കാരണമാകുന്നു. തിരിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ഈ പെരുമാറ്റം പങ്കാളിയെ ആഴത്തിൽ വേദനിപ്പിക്കുകയും ബന്ധത്തിലെ വിശ്വാസത്തെ തകർക്കുകയും ചെയ്യുന്നു.
വസ്ത്രധാരണത്തെ നിരന്തരം വിമർശിക്കുക
തനിക്ക് സൗകര്യപ്രദമായ രീതിയിൽ വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നിർദ്ദേശങ്ങൾ പങ്കുവെക്കുന്നത് സാധാരണമാണെങ്കിലും ചില പുരുഷന്മാർ പങ്കാളിയുടെ വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങുന്നു. അവൾ ധരിക്കുന്ന എല്ലാറ്റിനെയും കുറിച്ച് അഭിപ്രായം പറയുക, അവളുടെ തിരഞ്ഞെടുപ്പുകളെ വിമർശിക്കുക, അല്ലെങ്കിൽ പുതിയ എന്തെങ്കിലും പരീക്ഷിക്കുമ്പോൾ വേണ്ടായെന്ന് പറയുക എന്നിവയെല്ലാം സ്ത്രീകള്‍ക്ക് ഇഷ്ടമാകില്ല. ഈ നിരന്തരമായ ഇടപെടൽ സ്ത്രീയെ വൈകാരികമായി വേദനിപ്പിക്കുകയും താൻ നിയന്ത്രിക്കപ്പെടുന്നു എന്ന തോന്നൽ അവളിൽ ഉണ്ടാക്കുകയും ചെയ്യുന്നു.
പങ്കാളിയെ കളിയാക്കുക
പല പുരുഷന്മാരും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ മുന്നിൽ വെച്ച് പങ്കാളിയെക്കുറിച്ച് തമാശകൾ പറയുന്നത് വളരെ സാധാരണമായി കരുതാറുണ്ട്. ചെറിയ കമന്റുകളോ അല്ലെങ്കിൽ അവൾക്ക് സെൻസിറ്റീവായ കാര്യങ്ങളെക്കുറിച്ച് പരിഹസിക്കുന്നത് പങ്കാളിയെ വേദനിപ്പിക്കുകയും ചെയ്തേക്കാം. നിങ്ങൾക്ക് തമാശയായി തോന്നുന്നത് പങ്കാളിക്ക് ആദരവില്ലായ്മയായി അനുഭവപ്പെട്ടേക്കാം.
സ്പേസ് നൽകാതിരിക്കുക
പങ്കാളിക്ക് വ്യക്തിപരമായ ഇടം നൽകുന്നില്ലെങ്കിൽ അതായത് നിരന്തരം ഫോൺ വിളിക്കുക, അവൾ ചെയ്യുന്ന ഓരോ കാര്യവും അറിയാൻ ശ്രമിക്കുക, അല്ലെങ്കിൽ പോകുന്നിടത്തെല്ലാം കൂടെ വരണമെന്ന് നിർബന്ധം പിടിക്കുക എന്നിവ പങ്കാളിയിൽ സമ്മർദ്ദമുണ്ടാക്കുന്നു. അവളുടെ ഇഷ്ടം ചോദിക്കാതെ എല്ലാ തവണയും മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതും അമിത ഭാരമായി തോന്നാം. ചിന്തിക്കാനും വിശ്രമിക്കാനും എല്ലാവർക്കും സ്വന്തമായ ഇടം ആവശ്യമാണ്. വ്യക്തിപരമായ ഇടത്തിന്റെ അഭാവം ബന്ധത്തെ ശ്വാസം മുട്ടിക്കുന്നു.
പങ്കാളിയുടെ കുടുംബത്തെ ബഹുമാനിക്കാതിരിക്കുക
നിങ്ങളുടെ മാതാപിതാക്കളെ ഭാര്യ ബഹുമാനിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തന്നെ, അവളുടെ കുടുംബത്തോടും നിങ്ങൾ തുല്യമായ ബഹുമാനം കാണിക്കണം. പല പുരുഷന്മാരും സംസാരത്തിനിടയിലോ വഴക്കിടുമ്പോഴാ ഭാര്യയുടെ കുടുംബത്തെക്കുറിച്ച് അനാവശ്യമായ കമന്റുകൾ പറയാറുണ്ട്. ഈ പരാമർശങ്ങൾ ചെറുതാണെന്ന് തോന്നാമെങ്കിലും, അവ ഒരു സ്ത്രീയെ ആഴത്തിൽ വേദനിപ്പിക്കുന്നു. പങ്കാളിയുടെ കുടുംബത്തെ ബഹുമാനിക്കുക എന്നത് അവളെ ബഹുമാനിക്കുന്നതിന് തുല്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

