
സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻ സഭയുടെ അമരക്കാരനുമായ വിജു കൃഷ്ണൻ എന്ന പേര് നമുക്ക് സുപരിചിതമാണ്. എന്നാൽ, ആ രാഷ്ട്രീയ യാത്രകൾക്കിടയിൽ അദ്ദേഹം ക്യാമറ കണ്ണുകളിലൂടെ കണ്ട ഇന്ത്യയുടെ ഹൃദയത്തിൽ തൊടുന്ന ആയിരം കഥകളുണ്ട്. സമരങ്ങളുടെയും രാഷ്ട്രീയപ്രവർത്തനങ്ങളുടെയും ഇടവേളകളിൽ അദ്ദേഹം പകർത്തിയ ആ ചിത്രങ്ങൾ, ‘ഓഫ് ലാൻഡ്, ലൈവ്‌സ്, ആൻഡ് ലോർസ്’ (Of Land, Lives, and Lores) എന്ന പേരിൽ ഒരു ഫോട്ടോ പ്രദർശനം നടത്തിയിരുന്നു. തന്റെ ഫോട്ടോഗ്രാഫി യാത്രയെക്കുറിച്ച് വിജൂ കൃഷ്ണൻ എഴുതുന്നു)
രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിൽ നടത്തുന്ന യാത്രകളിൽ കണ്ട കാഴ്ചകളും അനുഭവിച്ചറിഞ്ഞ ജീവിതങ്ങളും ‘ഓഫ് ലാൻഡ്, ലൈവ്‌സ്, ആൻഡ് ലോർസ്’ എന്ന പേരിൽ കോഴിക്കോട് ലളിതകലാ അക്കാദമി ഗാലറിയിൽ നടത്തിയ പ്രദർശനമായി ആസ്വാദകരിലേക്ക് എത്തിക്കാനായത് അവിസ്മരണീയമായ അനുഭവമായി. ഞാൻ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രഫറല്ല. ഫോട്ടോഗ്രഫിക്കായി ഒരു തയ്യാറെടുപ്പിനുള്ള സമയമോ സാവകാശമോ ലഭിക്കാറുമില്ല. ആൾക്കൂട്ടത്തിലെ തിരക്കിലും ഓടുന്ന വാഹനത്തിൽ നിന്നുമൊക്കെ എടുക്കുന്നാവയാണ് മിക്ക ചിത്രങ്ങളും. അതുകൊണ്ടു തന്നെ അവയ്ക്ക് സാങ്കേതികമായും സൗന്ദര്യപരമായും അപൂർണ്ണതയുമുണ്ട് എന്നെനിയ്ക്ക് തോന്നാറുണ്ട്.
ഫോട്ടോഗ്രഫിയെ കാണുന്നത് എൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി കൂടിയാണ്. ചില കാഴ്ചകളേയും അനുഭവങ്ങളേയും ഡോക്ക്യുമെൻ്റ് ചെയ്യുക എന്നതിലുപരി അവയിലേയ്ക്ക് ഒരു പുതിയ വെളിച്ചത്തിലൂടെ കൂടുതൽ ആഴത്തിൽ നോക്കാൻ ഫോട്ടോഗ്രഫി എന്നെ സഹായിക്കുന്നുണ്ട്. ഞാൻ കാണുന്ന നാടുകളും ജീവിതങ്ങളും അവരുടെ കഥകളും എനിക്ക് ഇഷ്ടമുള്ള രീതിയിൽ, എന്നെക്കൊണ്ട് സാധ്യമായ രീതിയിൽ രേഖപ്പെടുത്തുക എന്ന ആത്മസംതൃപതിയും അതു പകരുന്നുണ്ട്. എൻ്റെ ചിത്രങ്ങളിലെ നായകർ തൊഴിലാളികളും കർഷകരും സാധാരണക്കാരുമാണ്. അവയുടെ പശ്ചാത്തലം നാടും പ്രകൃതിയുമാണ്. പലപ്പോളും പശ്ചാത്തലത്തിൽ നിന്നും മുന്നോട്ടു വന്ന് പ്രകൃതി തന്നെ ഫോട്ടോകളിലെ നായകൻ്റെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, ജനങ്ങളുടെ അതിജീവന സമരങ്ങളുടെ ഭാഗമാകുമ്പോൾ, വാക്കുകൾക്ക് വിവരിക്കാനാവാത്ത ഒരുപാട് മുഹൂർത്തങ്ങൾക്ക് ഞാൻ സാക്ഷിയാകാറുണ്ട്. ഒരു നോട്ടത്തിലോ, ഒരു ചിരിയിലോ, ഒരു കണ്ണീർത്തുള്ളിയിലോ വലിയ കഥയുണ്ടാകും. ആ നിമിഷങ്ങളെ പിടിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണ് എന്റെ ഫോട്ടോഗ്രാഫി. മുൻകൂട്ടി തയ്യാറാക്കിയ ചിത്രങ്ങളല്ല, മറിച്ച് അപ്രതീക്ഷിതമായി മുന്നിൽ വന്നുപെടുന്ന ജീവിതത്തിന്റെ നേർക്കാഴ്ചകളിലേക്കാക്കാണ് എപ്പോഴും എന്‍റെ ക്യാമറ കൺതുറന്നത്.

ഒരു ഫോട്ടോയിൽ ഉണ്ടാകേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലെ മാനവികതയാണ് എന്ന് വിഖ്യാത ഫോട്ടോഗ്രാഫർ റോബർട്ട് ഫ്രാങ്ക് പറഞ്ഞത് എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ രാഷ്ട്രീയം എൻ്റെ ചിത്രങ്ങളിൽ പ്രതിഫലിക്കാറുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതു സ്വാഭാവികമായി സംഭവിക്കുന്നതാണ്. കാരണം, രാഷ്ട്രീയം കാഴ്ചകൾക്കും ജീവിതാനുഭവങ്ങൾക്കും നേരെ നാം തിരിച്ചു വയ്ക്കുന്ന ലെൻസാണല്ലോ. അതിലൂടെയാണ് നാം അവയെ മനസ്സിലാക്കുന്നതും പകർത്തുന്നതും പങ്കുവയ്ക്കുന്നതും. അതുകൊണ്ട് എൻ്റെ ഫോട്ടോകൾ അടയാളപ്പെടുത്തുന്നത് എൻ്റെ രാഷ്ട്രീയത്തെക്കൂടിയാണ്.
ക്യാമറയോടും ഫോട്ടോഗ്രാഫിയോടുമുള്ള ഇഷ്ടം വളരെ ചെറുപ്പത്തിൽ തന്നെ എനിക്കൊപ്പമുണ്ടായിരുന്നു. കുട്ടിക്കാലത്ത് മർച്ചെന്‍റ് നേവിയിലുണ്ടായിരുന്ന എന്‍റെ അമ്മാവൻ ആണ് ആദ്യമായി ഒരു ക്യാമറ എനിക്ക് സമ്മാനിക്കുന്നത്. റേഡിയോ കൂടിയുള്ള ഒരു പഴയ പാനാസോണിക് ക്യാമറയായിരുന്നു ഇത്. എന്‍റെ ആദ്യത്തെ ക്ലിക്കുകളും ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങളും ഈ ക്യാമറയിലായിരുന്നു. കാലം മാറിയപ്പോൾ ക്യാമറകളും മാറി. അനുജത്തിയും സഖാക്കളും സുഹൃത്തുക്കളുമൊക്കെ ക്യാമറ അപ്ഗ്രേഡ് ചെയ്യാൻ എന്നെ സഹായിച്ചു. എങ്കിലും യാത്രകളിൽ ക്യാമറകൾ കയ്യിൽ കരുതാൻ എപ്പോളും പറ്റാറില്ല. അതിനാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മൊബൈൽ ഫോണാണ്.

പ്രകൃതി, വന്യജീവികൾ, ലാൻഡ്‌സ്‌കേപ്പുകൾ എന്നിവയൊക്കെ പകർത്താൻ ഇഷ്ടമാണ്. എന്നാൽ അതിനേക്കാളുപരി മനുഷ്യന്റെ നിഗൂഢമായ ഭാവങ്ങൾ വെളിപ്പെടുത്തുന്ന അപ്രതീക്ഷിത നിമിഷങ്ങളാണ് ഫോട്ടോഗ്രാഫിയിൽ ഏറെ ആവേശകരമായി തോന്നിയിട്ടുള്ളത്. ലോകപ്രശസ്ത സോഷ്യൽ ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ സെബാസ്റ്റ്യാനോ സൽഗാഡോ, ഇന്ത്യയുടെ സാമൂഹിക മുന്നേറ്റങ്ങളും പോരാട്ടങ്ങളും പ്രത്യേകിച്ച്, തേഭാഗ, വർളി, കയ്യൂർ, തെലങ്കാന സമരചിത്രങ്ങൾ പകർത്തിയ സുനിൽ ജാന, ചെ ഗുവേരയുടെ അനശ്വര ചിത്രം ലോകത്തിന് സമ്മാനിച്ച ആൽബർട്ടോ കോർഡ എന്നിവരുടെ ചിത്രങ്ങൾ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളോട് കൂടുതൽ താല്പര്യം തോന്നാൻ ഒരു പ്രധാന കാരണം ഇവരുടെ സ്വാധീനമാണ്.
ഇക്കാലയളവിനുള്ളിൽ ഒരിക്കലും മനസിൽനിന്ന് മായാത്ത ഒട്ടനവധി ചിത്രങ്ങളും ഫ്രെയിമിലാക്കാൻ എനിക്ക് സാധിച്ചു. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ വെച്ച്, അവിടുത്തെ നവോത്ഥാന സ്മാരകത്തിന് മുന്നിൽ വെച്ച് ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ട ഒരു പെൺകുട്ടിയുടെ ചിത്രമാണ് ഇക്കൂട്ടത്തിൽ ഒരുപാടിഷ്ടമുള്ള ഒരു ഫോട്ടോ. ഇങ്ങനെ യാത്രകളിൽ അപ്രതീക്ഷിതമായി മുന്നിലെത്തിയവയാണ് എന്‍റെ ചിത്രങ്ങളിൽ കൂടുതലും. ആഫ്രിക്ക, ദുബായ്, പാരിസ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും പ്രിയപ്പെട്ടവയാണ്. അസമിൽ മുസ്ലീം ന്യൂനപക്ഷത്തെ കുടിയിറക്കിയപ്പോൾ ദുരിതാശ്വാസവുമായി എത്തിയ യാത്രയിലെടുത്ത ചിത്രങ്ങൾ ആ നാടിൻ്റെ വേദനയാണ് പറയുന്നത്. ഈ ചിത്രങ്ങളൊക്കെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞാൻ കണ്ട നാടുകളിലെ കാഴ്ചകളാണ് എൻ്റെ ഫോട്ടോകൾ. അവ ഏറ്റവും സത്യസന്ധമായി പകർത്തുക എന്നതാണ് ഒരു ഫോട്ടോഗ്രാഫർ എന്ന നിലയ്ക്ക് എൻ്റെ കടമയായി ഞാൻ കാണുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

