
ഇരുട്ടിനെ പേടിയില്ലെങ്കിലും ചിലർക്ക് രാത്രിയിൽ ഉറങ്ങുമ്പോൾ വെളിച്ചം ആവശ്യമാണ്. ലൈറ്റ് ഇട്ടായിരിക്കും ഇവർ കിടന്നുറങ്ങുക. എന്നാൽ ഇത്തരത്തിൽ ലൈറ്റ് ഇട്ട് കിടന്നുറങ്ങുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമെന്ന് നിങ്ങൾക്ക് അറിയാമോ ? ഞെട്ടേണ്ട, സംഭവം സത്യം തന്നെയാണ്.
നമ്മുടെ ആന്തരിക ശരീര ഘടികാരം ക്രമീകരിക്കുന്നതിൽ വെളിച്ചം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രാത്രിയിലെ വെളിച്ചം ഗ്ലൂക്കോസ് മെറ്റബോളിസത്തെ (ശരീരം പഞ്ചസാരയെ ഊർജ്ജമാക്കി മാറ്റുന്ന രീതി) ബാധിക്കുമെന്നും അത് അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കൂടുതൽ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല രാത്രിസമയങ്ങളിൽ ഹൃദയമിടിപ്പും മറ്റ് ഹൃദയ സംബന്ധമായ പ്രവർത്തനങ്ങളും കുറഞ്ഞ ആളവിലായിരിക്കും, ഇത് പകൽ സമയത്ത് കൂടിയിരിക്കും. ഉറങ്ങാൻ കിടക്കുമ്പോൾ ചെറിയ വെളിച്ചമാണെങ്കിൽ പോലും ശരീരത്തെ സ്വാഭാവികമായ ജാഗ്രതാവസ്ഥയിലാക്കുന്നു. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കും.
ഇനി ഇതിനുള്ള പരിഹാരങ്ങൾ നോക്കിയാലോ ?
രാത്രിയിൽ നേരത്തെ ആഹാരം കഴിക്കുന്നതാണ് നല്ലത്. തലച്ചോറിനെ സജീവമാകാൻ പ്രേരിപ്പിക്കുന്ന നീല രശ്മികൾ പുറപ്പെടുവിക്കുന്ന സ്ക്രീനിൻ്റെ ഉപയോഗം രാത്രിയിൽ കുറയ്ക്കാം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് കോർട്ടിസോൾ വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റങ്ങൾ വരുത്തും. കിടപ്പുമുറിയിൽ കൃത്രിമ വെളിച്ചങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ആക്കുക. കൂടാതെ വൈകുന്നേരം 4 അല്ലെങ്കിൽ 5 മണിക്ക് ശേഷം കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനുമുള്ള നല്ല മാർഗങ്ങളിൽ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും സജീവമായിരിക്കുകയും ചെയ്യുക എന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here