സിനിമയുള്ളിടത്തോളം കാലം ആ ഊശാന്താടികാരൻ സംവിധായകൻ്റെ ചിരിയിവിടെ തന്നെയുണ്ടാകും, അദ്ദേഹമാണ് എൻ്റെ ആശാൻ: ലിജോ ജോസ് പെല്ലിശ്ശേരി

അന്തരിച്ച പ്രമുഖ സംവിധായകൻ കെ ജി ജോർജിനെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കെ ജി ജോർജിനെ തൻ്റെ ആശാനായിട്ടാണ് കാണുന്നതെന്നും, സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ സംവിധായകന്റെ ചിരിയിവിടെ തന്നെയുണ്ടാകുമെന്നും ഫേസ്ബുക്കിൽ ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചു.

ALSO READ: കനാലിലൂടെ നീങ്ങിയ മുതലയുടെ വായില്‍ യുവതിയുടെ മൃതദേഹം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക് കുറിപ്പ്

സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങൾ ആ കഥ കവിഞ്ഞൊഴുകി . ചിന്തയുടെ നാലാമത്തെ ചുവര് തകർത്തു പുറത്തേക്കോടിയ കഥാപാത്രങ്ങളുടെ വിപ്ലവം കണ്ടു മത്തു പിടിച്ച മലയാള നവതരംഗത്തിന്റെ പിതാവ് തന്റെ ഫ്രഞ്ച് ഊശാന്താടിയിൽ വിരലോടിച്ച ശേഷം ആർത്തട്ടഹസിച്ചു . ആദ്യം കാണുമ്പോൾ സ്വപ്‌നാടകനായ ഒരു ചെറുപ്പക്കാരന്റെ മനസ്സിന്റെ ചുരുളുകൾക്കിടയിൽ എന്തോ തിരയുകയാരുന്നു അയാൾ . പിന്നീട് പുതുതായി പണിത ഐരാവതക്കുഴി പഞ്ചായത്തിലെ പാലം തകർന്നപ്പോൾ ആൾക്കൂട്ടത്തിനിടയിൽ ,ഭാവന തീയേറ്റേഴ്സിൽ നിന്നും കാണാതായ തബലിസ്റ്റ് അയ്യപ്പൻറെ കേസന്വേഷിക്കാൻ വന്ന പോലീസുകാർക്കിടയിൽ , മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയ അപമാനത്തിൽ ആത്മഹത്യ ചെയ്ത ഒരാളുടെ പ്രേതമടിഞ്ഞ കടൽക്കരയിൽ , സർക്കസ് കൂടാരത്തിനുള്ളിലെ ആരവങ്ങൾക്കിടയിൽ തല കുനിച്ചു നിന്ന ഒരു കുള്ളന് പുറകിൽ , കോടമ്പാക്കത്തെ തിരക്കിൽ അലിഞ്ഞില്ലാതായ ലേഖ എന്ന സിനിമാനടിയുടെ ഫ്ലാഷ്ബാക്കിലെ ഇരുട്ടിടനാഴിയിൽ . കടത്തു കടന്നു ചെല്ലുന്ന ഒരു ഗ്രാമത്തിലെ മനുഷ്യക്കോലങ്ങളിരുന്ന നാടൻ കള്ളുഷാപ്പിലെ മദ്യപർക്കിടയിൽ . റബ്ബർ പാലിന് നിറം ചുവപ്പാണെന്നു പറഞ്ഞലറി വിളിച്ച ഒരു ചെറുപ്പക്കാരന്റെ കടും നിറമുള്ള കണ്ണിൽ .
അങ്ങിനെ അങ്ങിനെ ഒരുപാടിടങ്ങളിൽ ആ ചിരിയുണ്ടായിരുന്നു. സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ സംവിധായകന്റെ ചിരിയിവിടെ തന്നെയുണ്ടാകും . അത് കേൾക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരിൽ ഒരാൾ മലയാളത്തിന്റെ കെ.ജി ജോർജ് ആണെന്നും , അദ്ദേഹമാണ് എന്റെ ആശാൻ എന്നും ഞാൻ അഭിമാനത്തോടെ ഓർക്കും .

ലിജോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News