
ചുരുളി സിനിമ വിവാദത്തിൽ നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിന് നൽകിയ ശമ്പളത്തിന്റെ വിവരങ്ങളടങ്ങുന്ന രേഖകൾ അടക്കം ആയിരുന്നി അദ്ദേഹം ആദ്യം പങ്കുവച്ചത്. സിനിമ ചിത്രീകരണ വേളയിൽ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടിെല്ലന്നും ഫേസ്ബുക്കിലൂടെ കുറിച്ചിരുന്നു. ഒരവസരമുണ്ടായാൽ ഉറപ്പായും ചുരുളി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ലിജോ കുറിച്ചിരുന്നു. ഈ പോസ്റ്റാണ് ലിജോ ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. സിനിമയുടെ കരാർ പുറത്തുവിടണമെന്ന് ജോജു ജോർജ് പറഞ്ഞതിനു പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്.
ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെ വിമർശിച്ച് ജോജു ജോർജും രംഗത്തെത്തിയിരുന്നു. സിനിമയിൽ അഭിനയിക്കുന്നതുമായി പുറത്തുവിട്ട തുണ്ട് കടലാസിനൊപ്പം ലിജോ എഗ്രിമെന്റും പുറത്തുവിടണമെന്നും തെറി ഇല്ലാത്ത ഒരു വേർഷൻ ചുരുളിക്ക് ഉണ്ടായിരുന്നു. അതാണ് ഐഎഫ്എഫ്കെയിൽ അടക്കം പ്രദർശിപ്പിച്ചത്. തെറി ഇല്ലാത്ത ഒരു വേർഷൻ ലിജോ തന്നെകൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നാൽ പൈസ കൂടുതൽ കിട്ടിയപ്പോൾ മോശം പദപ്രയോഗങ്ങൾ ഉള്ള വേർഷൻ അവർ സിനിമ ഒടിടിയ്ക്ക് വിറ്റെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തത്.
താൻ 5 ലക്ഷം രൂപയ്ക്കാണ് അഭിനയിച്ചതെങ്കിൽ ആ കരാർ പുറത്തുവിടാൻ ലിജോ ജോസ് തയ്യാറാവണം എന്നും ജോജു കൂട്ടുച്ചേർത്തു. സിനിമ കുടുംബത്തെയും കുട്ടികളെയും വരെ ബാധിച്ചുവെന്നും. സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോൾ പറഞ്ഞു മക്കൾ കളിയാക്കപ്പെട്ടുവെന്നും. സിനിമയിൽ അച്ഛൻ അഭിനയിക്കരുതായിരുന്നു എന്ന് മകൾ പറഞ്ഞുവെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.
ചുരുളി എന്ന സിനിമയ്ക്ക് എതിരല്ല ഞാൻ. എനിക്ക് ലഭിച്ച മികച്ച കഥാപാത്രം ആണ്. ലിജോയുടെ കൂടെ വർക്ക് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും ജോജു കൂട്ടിച്ചേർത്തു.
ഫെസ്റ്റിവൽ സിനിമ അല്ലായിരുന്നെങ്കിൽ ആ സിനിമ ചെയ്യില്ലായിരുന്നു. സൗഹൃദത്തിന്റെ പേരിലാണ് ചുരുളി ചെയ്തത്. എന്നെ ഒന്ന് വിളിച്ചു പറഞ്ഞാൽ പ്രശ്നം പരിഹരിക്കാമായിരുന്നു. എന്നാൽ ലിജോ പോലും വിളിച്ചില്ല. പണമല്ല പ്രശ്നം, പണം കിട്ടാത്തോണ്ട് ആണ് പണം കിട്ടിയില്ല എന്ന് പറഞ്ഞതെന്നും ജോജു പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here