ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പരിമിതാധികാരം: കേന്ദ്ര വനം മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍

ak saseendran

മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിയ്ക്ക് വീണ്ടും കത്തയച്ചു.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതില്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ അധികാരങ്ങള്‍ക്ക് പരിമിതികള്‍ ഏര്‍പ്പെടുത്തുന്നുണ്ട് എന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മന്ത്രി ആവര്‍ത്തിച്ചത്.

സംസ്ഥാനം നേരിടുന്ന ഗുരുതരമായ വന്യജീവി പ്രശ്നങ്ങള്‍ വിവരിച്ചുകൊണ്ട് ജൂണ്‍ 6-ന് വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോട് (വന്യജീവി വിഭാഗം) 1972-ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും, ആക്രമണകാരികളായ വന്യമൃഗങ്ങളെ നേരിടുന്നതിന് നിലവിലുള്ള ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍, പ്രോട്ടോക്കോളുകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവ ലളിതമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി കേന്ദ്ര മന്ത്രാലയം 2025 ജൂണ്‍ 11-ന് അയച്ച കത്തില്‍ ചില അസാധാരണ സാഹചര്യങ്ങളില്‍ ഒഴികെ പട്ടിക ഒന്നിലും രണ്ടിലും ഉള്‍പ്പെട്ട ഏതെങ്കിലും വന്യമൃഗത്തെ വേട്ടയാടുന്നത് നിയമം നിരോധിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

Also read: ‘സോഫ്റ്റ്‌വെയർ പരിഷ്കാരം; ഓൺലൈൻ സേവനങ്ങൾ മുടങ്ങും’: കെ എസ് ഇ ബി

കേന്ദ്ര നിയമത്തില്‍ വ്യക്തമാക്കിയ പ്രകാരം ആദ്യനടപടിയായി ആക്രമണകാരിയായ ഒരു വന്യമൃഗത്തെ പിടികൂടാനോ, മയക്കുവെടിവെക്കാനോ, സ്ഥലത്ത് നിന്ന് മാറ്റാനോ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ നടപടി സ്വീകരിക്കണമെന്നും ഇവ സാധ്യമല്ലെങ്കില്‍ മാത്രമെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ വന്യമൃഗത്തെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് അധികാരമുള്ളൂ എന്നും കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടി കത്തില്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നു. അപ്രായോഗികമായ ഇത്തരം നടപടിക്രമങ്ങളും നിയന്ത്രണങ്ങളും കാരണം നിര്‍ണായക സാഹചര്യങ്ങളില്‍ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നും അതിനാല്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ കഴിയാതെ വരുന്നതായും കേന്ദ്ര മന്ത്രിയ്ക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു. അതോടൊപ്പം ‘ആക്രമണകാരിയായ മൃഗം’ എന്ന് നിയമത്തില്‍ ഉപയോഗിച്ചത് അവ്യക്തമാണെന്നും ആയത് നിര്‍വ്വചിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 62 നിയമത്തില്‍ ചേര്‍ത്തത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൂടി പരിഗണിച്ച് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കാട്ടുപന്നികളുടെ ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളതായി കണ്ടെത്തിയ ഹോട്ട്സ്പോട്ടുകളായ വില്ലേജുകളിലെങ്കിലും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും അത്തരമൊരു പ്രഖ്യാപനം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കാന്‍ നിര്‍വ്വാഹമില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ഇങ്ങനെ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനം നിരവധി തവണ കത്തുകള്‍ അയയ്ക്കുകയും 2022-ലും 2024 ഫെബ്രുവരി, നവംബര്‍ മാസങ്ങളിലും നേരിട്ട് കണ്ട് നിവേദനങ്ങള്‍ വഴി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന നിയമസഭ ഇതിനായി ഐകകണ്‌ഠേന പ്രമേയം പാസ്സാക്കി കേന്ദ്ര സര്‍ക്കാരിന് നല്‍കുകയും ചെയ്തിരുന്നു.

മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 620 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News