
ഫിഫ ലോകകപ്പിൽ അർജന്‍റീനയുടെ ആദ്യ മത്സരത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ സൂപ്പര്‍ താരം ലിയോണൽ മെസി പരുക്ക് പേടിയിൽ. ഫിഫ ലോകകപ്പിന് മുന്നോടിയായി എംഎൽഎസിൽ ഫിലാഡൽഫിയ യൂണിയനെ 6-4 ന് തോൽപ്പിച്ച ഇന്റർ മയാമിയുടെ ആവേശകരമായ മത്സരത്തിനിടെ മെസിക്ക് ഇടതു കൈത്തണ്ടയ്ക്ക് പരുക്കേറ്റെന്ന വാർത്ത വന്നതാണ് ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്നത്.
മത്സരം പൂർത്തിയാക്കാതെയാണ് മെസി മടങ്ങിയത്. 73-ാം മിനിറ്റിൽ ഫ്രീ കിക്കിന് പിന്നാലെ സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെട്ട മെസി നേരേ ഡ്രസ്സിംഗ് റൂമിലേക്ക് പോവുകയായിരുന്നു. ഇതോടെ, താരത്തിന്‍റെ പരുക്കിനെ കുറിച്ചുള്ള ആശങ്കകളും എങ്ങും പരന്നു. അതേസമയം ലൂയിസ് സുവാരസ് ഹാട്രിക് നേടി ഇന്റർ മിയാമിയുടെ തിരിച്ചുവരവ് വിജയം സാധ്യമാക്കി.
ALSO READ: സ്‌പെയിൻ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു; റയൽ മാഡ്രിഡ് താരങ്ങളെ പൂർണ്ണമായും തഴഞ്ഞു !
ജൂൺ 16നാണ് അർജന്റീനയുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരം നടക്കുക. ഈ സാഹചര്യത്തിൽ മെസിക്ക് പരുക്കേൽക്കുന്നത് ആശങ്കാജനകമാണ്. പൂർണ ആരോഗ്യവാനാണെങ്കിൽ മാത്രമേ താൻ ടൂർണമെന്റിൽ കളിക്കൂ എന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു.
ഫിലാഡൽഫിയക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കനത്ത മഴ പെയ്തിരുന്നു. മെസിയ്ക്ക് പകരക്കാരനെ ഇറക്കിയത് മുൻകരുതൽ മാത്രമാണോ അതോ പരുക്ക് മൂലമാണോ എന്ന് വ്യക്തമല്ല. മുൻകരുതലിന്‍റെ ഭാഗമായാണ് മെസി മൈതാനത്ത് നിന്ന് പിന്മാറിയതെന്ന തരത്തിലും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. മെഡിക്കൽ സ്റ്റാഫിന്റെ സഹായമില്ലാതെയാണ് താരം കളത്തിന് പുറത്തേക്ക് പോയത്. ഏതായാലും മെസി അർജന്റീനക്കായി പന്ത് തട്ടുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധകർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

