
സാമജ കൃഷ്ണ
ആടിക്കഴിഞ്ഞില്ല ആടിമാസം
ആവണിയെത്തിപ്പോയ് :വീട്ടുമുറ്റം
വെള്ളത്തിൽ മുങ്ങിക്കിടക്കയാണെൻ
പൂക്കളമെവിടെ ഞാനിട്ടിടേണ്ടു!
പൂവില്ല പൂമ്പാറ്റയൊന്നുമില്ല
ആർപ്പുവിളിയില്ല മേളമില്ല
കാർമേഘം വാനിലുരുണ്ടുകൂടി
ആർത്തലക്കുന്നു മഴപ്പെരുക്കം
കരകവിഞ്ഞൊഴുകുന്ന പുഴയെ നോക്കി
മല,യടിവാരത്തിൻ വിരിവുനോക്കി
ഉരുളുപൊട്ടുന്ന ഇരവുനോക്കി
കരളുപൊട്ടുന്നൊരോണക്കാലം
ഭൂമിപിളർന്നു വരികയാവാം
മാവേലിമന്നനെന്നോർത്തുപോകും
ക്ഷമയാം ധരിത്രിയെ ഭ്രാന്തിയാക്കി
മാനവചാപല്യമെന്നേ വേണ്ടൂ
ദുരിതമാണെങ്കിലും ഒരുമയുടെ
ചരിതമീയോണം രചിച്ചിടുന്നു
ഒരു വിളിക്കപ്പുറമോടിയെത്തും
കരുതൽക്കരങ്ങളാണല്ലോ ഓണം
മുങ്ങുന്ന കൈകൾ പിടിച്ചുയർത്തും
മാനവസ്നേഹത്തിൻ നൗകയോണം
അയലത്തെ വീടും സുഗന്ധിയാക്കും
മുല്ലമണമാണെന്നുമോണം
മാരി മഹാമാരി പെയ്തെന്നാലും
ഒരു മനസ്സോടെ നാം നീന്തിക്കേറും
ഒരു നവലോകം പടുത്തുയർത്തും
ഒരുമതൻ പൂക്കളമവിടെ തീർക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

