20 മാസം പ്രായത്തിൽ കരൾ മാറ്റിവെച്ചു; 25 വർഷങ്ങൾക്കിപ്പുറം ആ കുഞ്ഞുരോഗി ഡോക്ടർ

20 മാസം മാത്രം പ്രായമുള്ളപ്പോളാണ് സഞ്ജയ് കന്തസാമിയെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം 25 വർഷങ്ങൾ പിന്നിടുമ്പോൾ സ്വന്തം ദേശമായ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ പ്രാദേശിക ആശുപത്രിയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുകയാണ് സഞ്ജയ്. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു സഞ്ജയ് കന്തസാമിയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. രാജ്യത്ത് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ആദ്യ ശിശുവായിരുന്നു സഞ്ജയ്. ഡോക്ടര്‍മാരുമായുള്ള അടുത്തിടപഴകലുകളില്‍ നിന്നാണ് തന്റെ ജീവന്‍ രക്ഷിച്ചത് പോലെയുള്ള സേവനങ്ങളില്‍ ഏര്‍പ്പെടണമെന്നുള്ള ആഗ്രഹം തനിക്കുണ്ടായതെന്നും അതിലൂടെയാണ് താനൊരു ഡോക്ടറായി മാറിയതെന്നും സഞ്ജയ് ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Also Read; ‘ഇത് എന്റെ അവസാനത്തെ കത്ത്, ഗാസയില്‍ നല്ലൊരു ഭാവി സ്വപ്നം കണ്ടതില്‍ ഖേദിക്കുന്നു’; കുഞ്ഞുങ്ങൾക്ക് കത്തെഴുതി അല്‍ജസീറ മാധ്യമപ്രവര്‍ത്തക

കരളില്‍നിന്ന് പിത്താശയത്തിലേക്ക് പിത്തരസമെത്തിക്കുന്ന നാളികളില്‍ തടസം സൃഷ്ടിക്കുന്ന ബൈലിയറി അട്രീസിയ (biliary atresia) എന്ന ഗുരുതരരോഗാവസ്ഥയുമായാണ് സഞ്ജയ് ജനിക്കുന്നത്. കരളിനകത്തോ പുറത്തോ ഉള്ള പിത്തനാളികളുടെ സാധാരണഗതിയിലുള്ള വികാസം സംഭവിക്കാതിരിക്കുമ്പോഴാണ് ഈ രോഗാവസ്ഥ സംജാതമാകുന്നത്. സഞ്ജയുടെ വിഷയത്തില്‍ ഈ രോഗാവസ്ഥ കരളിന്റെ പ്രവര്‍ത്തനം തകരാറിലാക്കുകയും അവയവമാറ്റ ശസ്ത്രക്രിയ അനിവാര്യമാകുകയും ചെയ്തിരുന്നു.

Also Read; പരിക്കേറ്റ പലസ്തീൻ കുഞ്ഞുങ്ങളുമായുള്ള ആദ്യ വിമാനം അബുദാബിയിൽ

കരൾമാറ്റ ശസ്ത്രക്രിയയിൽ സഞ്ജയുടെ അച്ഛന്‍ തന്നെയാണ് ദാതാവായത്. വിദഗ്ധസംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണജീവിതം സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നതിന്റെ മികച്ച ഉദാഹരണമാണ് സഞ്ജയ് കന്തസ്വാമിയെന്ന് സഞ്ജയിന്റെ ഡോക്ടറായ അനുപം സിബല്‍ പറഞ്ഞു. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയര്‍ പീജിയാട്രിക് ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റാണ് ഡോ. അനുപം സിബല്‍. തന്റെ 28 കൊല്ലത്തെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള നിമിഷങ്ങളാണ് സഞ്ജയിന്റെ ശസ്ത്രക്രിയയില്‍ ഭാഗമാകാന്‍ സാധിച്ചതെന്ന് നിലവില്‍ മേദാന്ത ആശുപത്രിയിലെ കരള്‍ശസ്ത്രക്രിയവിഭാഗം മേധാവി ഡോ. എഎസ് സോയിന്‍ പറഞ്ഞു. അന്നത്തെ കുഞ്ഞുരോഗി ഇന്ന് ഡോക്ടറായിരിക്കുന്നു. അദ്ദേഹം ആഹ്‌ളാദത്തോടെ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here