
സംസ്ഥാനത്തെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിന് ഫലപ്രദമായി നേതൃത്വം കൊടുക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറൽബോഡി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളത്തിനായി സർവ്വതല സ്പർശിയായ വികസനം സാധ്യമാകണമെന്നും അതിൽ വളരെ ഫലപ്രദമായ പങ്കുവഹിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ പദ്ധതി ചെലവുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതത്തിൻ്റെ 90% ചിലവഴിക്കാൻ കഴിഞ്ഞു.ഇത് നാടിൻറെ പുരോഗതിക്ക് സഹായകമായതാണെന്നും ഈ കാര്യക്ഷമത ശക്തിപ്പെടുത്താൻ ഗ്രാമപഞ്ചായത്ത് അസോസിയേഷന് കഴിയണമെന്നും അദ്ദേഹം ചടങ്ങ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ALSO READ : ജമാഅത്തെ ഇസ്ലാമി- യു ഡി എഫ് കൂട്ടുകെട്ടിൽ പ്രിയങ്കഗാന്ധി നിലപാട് വ്യക്തമാക്കണം; എം വി ഗോവിന്ദൻ മാസ്റ്റർ
“സംസ്ഥാനത്തെ വയോജന സൗഹൃദ കേരളമായി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 138 ഗ്രാമപഞ്ചായത്തുകൾ വയോജന സൗഹൃദം ആകാനുള്ള നടപടികളാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കണം. പാലിയേറ്റീവ് കെയർ രംഗത്ത് സർക്കാർ ഇതര എൻജിഓകൾ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അത്തരം പാലിയേറ്റീവ് കെയർ സേവനങ്ങളെ ഒപ്പം ചേർക്കേണ്ടതുണ്ട്. നമ്മുടെ കാർഷിക വളർച്ച നിരക്ക് ദേശീയ ശരാശരിയെക്കാൾ മുന്നിലെത്തിക്കാൻ കഴിഞ്ഞു.
ലൈഫ് മിഷനിൽ സംസ്ഥാനത്ത് 4 ലക്ഷം വീടുകൾ നിർമിച്ചു കഴിഞ്ഞു. അധികം താമസിക്കാതെ ബാക്കിയുള്ളവ പൂർത്തീകരിക്കാൻ കഴിയണം.
ഭൂമി ആവശ്യത്തിന് കിട്ടുന്നില്ല എന്നതാണ് ചിലയിടത്തെ പ്രശ്നം.ഇതിൽ ആവശ്യമായവർക്ക് ഭൂമിയുടെ ഇടപെടൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തണം.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 4 ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞു. വരുന്ന ഒരു വർഷത്തേക്ക് ഒരു ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാനാണ് കരുതുന്നത്. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് ജനകീയ സമിതികൾ രൂപീകരിച്ചത്.
നമ്മുടെ സംസ്ഥാനം വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനം രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന് ലഭിച്ചിട്ടുണ്ട്. ഇതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2016ൽ അധികാരത്തിൽ എത്തുമ്പോൾ നമുക്കിത് ആലോചിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. വ്യവസായം തുടങ്ങാൻ വരുന്നവരെ ശത്രുതാ മനോഭാവത്തിൽ കാണുന്ന ഒരു സ്ഥിതി കേരളത്തിൽ ഉണ്ടായിരുന്നു. നല്ല രീതിയിൽ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്ന നിലയാണ് ഇപ്പോൾ കേരളത്തിൽ. നിയമങ്ങളിൽ അടക്കം മാറ്റം വന്നു. മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here