
കുറച്ചു ദിവസം മുമ്പ് ഏറ്റുമാനൂരില്‍ ഒരു അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ ലോകോ പൈലറ്റിന്റെ വാക്കുകൾ എല്ലാവരും ഏറെ നൊമ്പരത്തോടെയാണ് കേട്ടത്. രാജ്യറാണി എക്സ്‌പ്രസിന്റെ മുന്നിലാണ് ഏറ്റുമാനൂരിൽ അമ്മയും മക്കളും ചാടി ആത്മഹത്യ ചെയ്തത്. അന്നത്തെ ലോകോ പൈലറ്റിന്റെ നിസ്സഹായവസ്ഥയാണ് ഹൃദയഭേദകമായിരുന്നത്. ഇപ്പോഴിതാ പ്രദീപ് എന്ന മറ്റൊരു ലോകോ പൈലറ്റിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അത് വിശദമായി താഴെ വായിക്കാം:
കുറച്ചു ദിവസം മുമ്പ് ഏറ്റുമാനൂരില്‍ ഒരു അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിന്‍ തട്ടി മരിച്ച വിവരം എല്ലാവരും അറിഞ്ഞു കാണും. വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ഉണ്ടായ ഒരു അനുഭവം കഥയായി എഴുതട്ടെ. എല്ലാവരെയും പോലെ പഠിത്തം കഴിഞ്ഞ് ഒരു ജോലിക്കായി ശ്രമിക്കുമ്പോഴാണ്, ലോക്കോ പൈലറ്റിന്റെ ഒഴിവ് പത്രത്തില്‍ കണ്ടത്. ഒരു സര്‍ക്കാര്‍ ജോലി എന്നല്ലാതെ അത് എന്ത് ജോലിയാണെന്ന് ആദ്യം അറിഞ്ഞില്ല. ട്രെയിന്‍ ഓടിക്കുന്ന ജോലി ആണെന്ന് അറിഞ്ഞപ്പോള്‍, ശരിക്കും ത്രില്‍ ആയി.
അങ്ങനെ ടെസ്റ്റ് പാസായി, ജോലി കിട്ടി, ട്രെയിനിങ്ങും കഴിഞ്ഞ് ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആണ്, ഈ ജോലിയുടെ യഥാര്‍ഥ അവസ്ഥ മനസ്സിലായത്. വല്ലാത്ത ഒരു ജീവിതം തന്നെയാണ് ലോക്കോ പൈലറ്റിന്റേത്. കൃത്യനിഷ്ഠയില്ലാത്ത ജോലി. സമയത്ത് ആഹാരം കഴിക്കാനോ ഉറങ്ങാനോ കഴിയില്ല. അവധി എന്നത് ഒരു സ്വപ്നം മാത്രം. അങ്ങനെ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു, എത്രയെത്ര അനുഭവങ്ങള്‍.
അന്ന് ഒരു തുലാം മാസം. നേരിയ ചാറ്റല്‍ മഴയും തണുപ്പും ഒരു വലിയ മഴയ്ക്ക് മുന്നോടിയായുള്ള കാറ്റും. എത്ര മഴയായാലും കാറ്റായാലും ജോലിക്ക് വരാതിരിക്കാന്‍ പറ്റില്ലല്ലോ. അന്ന് കൃത്യസമയത്ത് തന്നെ ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തു. ഹോണ്‍ മുഴക്കി പാഞ്ഞ് പോകുമ്പോള്‍, വശങ്ങളില്‍ ഓടി മാറുന്ന മലകളും മരങ്ങളും. യാത്രക്കാരെ പോലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ കഴിയില്ലല്ലോ. മുന്നിലെ പാളത്തിലും സിഗ്‌നലുകളിലും ആണ് കണ്ണും മനസ്സും.
ദൂരെ പാളത്തില്‍ കൂടി ആരോ നടക്കുന്നുണ്ടല്ലോ… അടുത്ത് വരുന്തോറും ആണ് അത് ഒരു സ്ത്രീയും കൈക്കുഞ്ഞും കൂടെ മൂന്നോ നാലോ വയസ്സുള്ള ഒരു പെണ്‍കുട്ടിയും ആണെന്ന് മനസ്സിലായത്. അവര്‍ പാളത്തില്‍ നിന്നും മാറാന്‍ വേണ്ടി ഹോണ്‍ നീട്ടി അടിച്ചു. പെണ്‍കുട്ടി ട്രെയിന്‍ കണ്ട സന്തോഷത്തില്‍ കൈ വീശി തുള്ളി കളിക്കാന്‍ തുടങ്ങി. ഹോണ്‍ ശബ്ദം കേട്ട് ആ അമ്മ കൈക്കുഞ്ഞിനേയും കൊണ്ട് വശത്തേക്ക് മാറി ഇറങ്ങി നിന്നു. പാളത്തില്‍ നില്‍ക്കുന്ന പെണ്‍ക്കുഞ്ഞിനെ ആ അമ്മ ശ്രദ്ധിച്ചില്ല. ഹോണ്‍ അടിക്കുക അല്ലാതെ വേറെയൊന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായ അവസ്ഥ.
ട്രെയിന്‍ ആ കുഞ്ഞിനെ തട്ടി കുഞ്ഞ് തെറിച്ച് ഛിന്നഭിന്നമായി ആ അമ്മയുടെ മുന്നില്‍ തെറിച്ച് വീഴുന്നതും കാണാനാകാതെ കണ്ണുകള്‍ ഇറുക്കി അടയ്ക്കണം എന്നുണ്ടായിരുന്നു. വണ്ടി നിര്‍ത്തി ആ അമ്മയുടെ അടുത്ത് ചെല്ലുമ്പോള്‍ ഹൃദയഭേദകമായ കരച്ചില്‍ കണ്ട് മനസ്സ് വല്ലാതെ നൊന്തു. ഒരു ചെറിയ അശ്രദ്ധ ആ കുഞ്ഞിന്റെ ജീവന്‍ കവര്‍ന്നു. ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ ആ അമ്മ ആ കുഞ്ഞിനെ പാളത്തില്‍ നിന്നും കൈ പിടിച്ച് മാറ്റിയിരുന്നെങ്കില്‍. ചാറ്റല്‍ മഴ ഒരു ദുഃഖസൂചകമായി അപ്പോഴും നൂലിഴയായി ഭൂമിയിലേക്ക് പെയ്തിറങ്ങിക്കൊണ്ടേയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here