ലോഹിതദാസ് മലയാളത്തോട് വിട പറഞ്ഞിട്ട് 14 വർഷം

മലയാള സിനിമാലോകത്തിന് ആശയ ഗംഭീരമായ സിനിമകളിലൂടെ പുതിയ മാനം നൽകിയ സംവിധായകൻ, കുടുംബം എന്ന സ്ഥിരം ഭൂമികയിൽ തനിയാവർത്തനങ്ങൾക്കിടം നൽകാത്ത മലയാളത്തിന്റെ ലോഹിതദാസ്. പാടി പൂർത്തിയാക്കാൻ കഴിയാത്ത കവിതപോലെ ലോഹിതദാസ് മലയാളത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 14 വർഷം.
എഴുതിയത് 44 തിരക്കഥകള്‍, സംവിധാനം ചെയ്തത് 12 ചിത്രങ്ങള്‍  ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. കുടുംബമെന്ന സ്ഥിരം ഭൂമികയിലായിരുന്നു അവയിലധികവും. എന്നാല്‍ തനിയാവര്‍ത്തനമായിരുന്നില്ല അതിലൊന്നുപോലും.  ഒന്നിനൊന്ന് വേറിട്ടുനിന്നു ലോഹിയുടെ കഥയും കഥാപാത്രങ്ങളും.
അരങ്ങിന്റെ ഉള്‍ത്തുടിപ്പ് കൈവശമാക്കിയ ലോഹിയെ ചലച്ചിത്രലോകത്തേയ്ക്ക് ആനയിച്ചത് മഹാനടന്‍ തിലകനാണ്. 1987ല്‍ സിബി മലയിലിനു വേണ്ടി തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് വെള്ളിത്തിരയില്‍ ഹരിശ്രീ കുറിച്ചു. തലമുറയിലേക്ക് കൈമാറിക്കിട്ടിയ ഭ്രാന്തില്‍, നീറിപ്പിടഞ്ഞ ബാലന്‍ മാഷിന്റെ ആത്മസംഘര്‍ഷമായിരുന്നില്ല, മേലേടത്ത് രാഘവന്‍ നായരുടേത്. ആണിനൊപ്പം നിവര്‍ന്നുനിന്ന് ജീവിതത്തെ പോരിനുവിളിച്ച കന്‍മദത്തിലെ ഭാനുവിന്റെ വഴിയിലെവിടെയുമായിരുന്നില്ല കസ്‍തൂരിമാനിലെ പ്രിയംവദയുടെ നില്‍പ്പ്. ലോഹിയുടെ ഓരോ കഥാപാത്രങ്ങളും ഓരോ അടയാളപ്പെടുത്തലുകൾ ആയിരുന്നു. കരുത്തുറ്റ തിരക്കഥകളുമായി വളരെപെട്ടെന്നുതന്നെ പൊന്നുംവിലയുള്ള പേരുകാരനാവുകയായിരുന്നു ലോഹിതദാസ് മലയാള സിനിമയില്‍.
നാടകീയതയുടെ കടുംപിടിത്തങ്ങളില്ലാതെ പച്ചയായ മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങള്‍ അതേ വൈകാരിക തീക്ഷണതയില്‍ ലോഹി എഴുതിയപ്പോള്‍ സിനിമാകൊട്ടകയ്ക്കുള്ളിലെ ഇരുട്ടില്‍ സേതുമാധവന്റേയും അച്ചൂട്ടിയുടേയും വിദ്യാധരന്റേയും നൊമ്പരങ്ങള്‍ മലയാളിയുടെ ഉള്ളുപൊള്ളിച്ചു. വാര്‍പ്പുമാതൃകകളില്‍ സവര്‍ണനായകന്‍മാര്‍ അരങ്ങുവാഴുമ്പോള്‍ ജാതീയവും തൊഴില്‍പരവുമായ വ്യത്യസ്തത അനുഭവിപ്പിച്ചും ലോഹി വേറിട്ടുനിന്നു. ആശാരിയും മൂശാരിയും കൊല്ലനും അരയനും വേശ്യയും കൊലയാളിയുമെല്ലാം ലോഹിയുടെ തൂലികയിലൂടെ വെള്ളിത്തിരയിലെത്തി തലയുയര്‍ത്തിപ്പിടിച്ച് ജീവിതം പറഞ്ഞു.
പറഞ്ഞതിലേറെ കഥകൾ പറയാനുള്ള തയ്യാറെടുപ്പിനിടയിൽ 2009 ജൂൺ 28 ന് ലോഹി കാലം മടക്കി വിളിച്ചു. ആത്മനൊമ്പരത്തിന്റെ നെരിപ്പോടുകളില്‍ നിന്ന് ഊതിക്കാച്ചിയെടുത്ത അനവധി കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ലോഹിയിന്നും മലയാളത്തിന്റെ ഉള്ള് പൊളിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News