‘പരാതിക്കാരന്റെ വാദങ്ങള്‍ ദുര്‍ബലം’; ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ റിവ്യൂ ഹര്‍ജി തള്ളി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ റിവ്യൂ ഹര്‍ജി തള്ളി ലോകായുക്ത. പരാതിക്കാരന്റെ വാദങ്ങള്‍ ദുര്‍ബലമാണെന്ന് വിലയിരുത്തിയാണ് റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളിയത്. റിവ്യൂ ഹര്‍ജി നല്‍കിയ പരാതിക്കാരന്‍ ആര്‍. എസ് ശശികുമാറിനെ ഉപലോകായുക്ത പരിഹസിച്ചു. ഇത് ചരിത്ര റിവ്യൂ ഹര്‍ജിയെന്ന് പറഞ്ഞാണ് ലോകായുക്ത പരിഹസിച്ചത്. കേസ് വിശാല ബെഞ്ച് പരിഗണിക്കുമെന്നും ലോകായുക്ത വ്യക്തമാക്കി. കേസ് ഉച്ച തിരിഞ്ഞ് രണ്ടരയ്ക്ക് വിശാല ബെഞ്ച് പരിഗണിക്കും.

കേസ് ഫുള്‍ ബെഞ്ചിന് വിട്ടത് വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണെന്ന് ലോകായുക്ത വിശദീകരിച്ചു. ലോകായുക്ത നിയമപ്രകാരമാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. ജഡ്ജിമാരുടെ നിഗമനങ്ങള്‍ ഉത്തരവായി എഴുതി കഴിഞ്ഞാല്‍ പിന്നെ റിവ്യൂ കേള്‍ക്കാന്‍ കഴിയുമോ എന്നും ലോകായുക്ത ചോദിച്ചു. ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് തങ്ങള്‍ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് ലോകായുക്തയും ഉപലോകായുക്തയും വ്യക്തമാക്കി. വിഷയം പരിശോധിച്ച് തീരുമാനത്തില്‍ എത്തിയതാണ്. മുന്‍പും ഇത്തരം തീരുമാനങ്ങള്‍ രണ്ടംഗ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അന്ന് ആ തീരുമാനത്തെ നിങ്ങള്‍ എതിര്‍ത്തോ എന്നും ലോകായുക്ത ചോദിച്ചു.

കേസില്‍ ആര്‍ക്കും അനുകൂലമായോ പ്രതികൂലമായോ നില്‍ക്കില്ല. കേസ് കേസിന്റെ മെറിറ്റ് അനുസരിച്ച് പോകും. ആരെയും പേടിച്ച് ഉത്തരവ് പറയാത്തവര്‍ അല്ല. ആരെങ്കിലും എന്തെങ്കിലും വിമര്‍ശിച്ചാല്‍ ഉത്തരവിനെ ബാധിക്കില്ല. മൈക്കിന് മുന്നില്‍ പോയി തങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിയില്ല. നിങ്ങള്‍ വിമര്‍ശിച്ചതുകൊണ്ട് വിധിയെ ബാധിക്കില്ലെന്നും ലോകായുക്ത പറഞ്ഞു. നിങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന് നിങ്ങള്‍ക്ക് അറിയില്ല എന്ന ബൈബിളിലെ വാചകവും ലോകായുക്ത ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News