
നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ താലികെട്ടിന് മുൻപ് മുടങ്ങിയ സംഭവങ്ങൾ നിരവധിയാണ്. വരന്റെ അയോഗ്യത, വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടുന്ന സംഭവങ്ങൾ തുടങ്ങി സ്ത്രീധന തർക്കങ്ങൾ വരെ വിവാഹമൊഴിയാൻ കാരണമായി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. വിവാഹ ദിവസം പോലും വരനെയോ വധുവിനെയോ വേണ്ടെന്ന് വച്ച സംഭവങ്ങളും ‘നാട്ടു നടപ്പാണ്’ !!
ഇപ്പോഴിതാ ചെറുക്കന് സിബിൽ സ്കോർ കുറവാണെന്ന കാരണമാണ് ഉറപ്പിച്ച വിവാഹം മുടങ്ങാൻ കാരണമായിരിക്കുന്നത്. സംഭവം മഹാരാഷ്ട്രയിലെ മൂർതിസാപൂരിലാണ് . ഇത്രയും കാലം ലോണെടുക്കാൻ മാത്രം പരിഗണനയിൽ ഉണ്ടായിരുന്ന സിബിൽ സ്കോറാണ് വിവാഹം മുടക്കി ശ്രദ്ധ നേടിയിരിക്കുന്നത്.
വധുവിനും വരനും കുടുംബങ്ങൾക്കുമെല്ലാം പരസ്പരം ഇഷ്ടപ്പെട്ട് ഉറപ്പിച്ച വിവാഹമാണ് അവസാന നിമിഷം മുടങ്ങുന്നത്. വധുവിന്‍റെ അമ്മാവന്റെ മനസ്സിലാണ് വരന്‍റെ സിബിൽ സ്കോറിന്‍നെപ്പറ്റി ചിന്തിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിശുത വരന് സിബിൽ സ്കോർ വളരെ കുറവാണെന്ന വിവരം കണ്ടെത്തിയത്. മാത്രമല്ല, വരന്‍റെ പേരിൽ നിരവധി ബാങ്കുകളിൽ ഒന്നിലധികം വായ്പകളും ഉണ്ടായിരുന്നു. വരൻ സാമ്പത്തികമായി ഭേദപ്പെട്ട നിലയിൽ അല്ലെന്ന തിരിച്ചറിഞ്ഞതോടെയാണ് വധുവിന്‍റെ വീട്ടുകാർ വിവാഹത്തിൽ പിന്മാറിയത്
വിവാഹത്തെ പൂർണമായും എതിർത്ത വധുവിന്‍റെ അമ്മാവൻ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ വലയുന്ന പുരുഷൻ തന്‍റെ അനന്തരവൾക്ക് അനുയോജ്യനല്ലെന്നും ഭാവിയിൽ തന്‍റെ അനന്തരവൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും വാദിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

