
മഹാരാജാസ് കോളേജിലെ അഭിമന്യുവിൻ്റെ ഓർമ്മകൾക്ക് ഏഴ് വയസ്സ്. എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാർഥിയും എൻഎസ്‌എസ് വളന്റിയർ സെക്രട്ടറിയുമായിരുന്നു അഭിമന്യു. എറണാകുളം മഹാരാജാസ് കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണു 2018 ജൂലൈ 2 നു പുലർച്ചെ 12.45ന് അഭിമന്യുവിനു കുത്തേറ്റത്. എസ്‌എഫ്‌ഐ പ്രവർത്തകരും അഭിമന്യുവിന്റെ സുഹൃത്തുക്കളുമായ വിനീതിനെയും അർജുനെയും ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ കുത്തി പരിക്കേൽപ്പിച്ചിരുന്നു. അഭിമന്യു വധക്കേസിൽ 16 പ്രതികളും അറസ്റ്റിലായി. കുറ്റപത്രവും സമർപ്പിച്ചു. വിചാരണനടപടികൾ ആരംഭിക്കാനിരിക്കുകയാണ്. ഇടുക്കി വട്ടവടയിൽ തോട്ടംതൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകനായ അഭിമന്യു, ശാസ്‌ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെയാണ് മഹാരാജാസിൽ രസതന്ത്ര ബിരുദപഠനത്തിന് ചേർന്നത്.
കുഞ്ഞു സാഖാവിന് രക്താഭിവാദനത്തിന്റെ കണ്ണീർപ്പുകൾ നൽകി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി എഴുതിയ കുറുപ്പ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മഹാരാജാസിന്റെയും വട്ടവടയുടെയും പ്രിയപ്പെട്ട അഭിമന്യു രക്തസാക്ഷി ആയിട്ട് ഏഴു വർഷങ്ങൾ.
2018 ജൂലെ രണ്ടിന് പുലർച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് എസ്‌ഡിപിഐ – ക്യാമ്പസ് ഫ്രണ്ട് മതതീവ്രവാദി സംഘം സഖാവിനെ കുത്തി വീഴ്ത്തിയത്.
എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും ആയിരുന്നു സഖാവ്.
ഇടുക്കി ജില്ലയിലെ വട്ടവട എന്ന ഉൾനാടൻ മലയോര ഗ്രാമത്തിലെ പാവപ്പെട്ട തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകൻ . അവരുടെ മാത്രമല്ല, ആ നാടിന്റെയാകെ പ്രതീക്ഷയായിരുന്നു സഖാവ് . ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെ, ഒറ്റമുറിവീട്ടിലെ സാധുകുടുംബത്തിന്റെ പ്രതീക്ഷകൾ നെഞ്ചേറ്റിയാണ് അയാൾ രസതന്ത്ര ബിരുദ പഠനത്തിന് മഹാരാജാസിൽ ചേർന്നത്.എന്നാൽ അയാളുടെ മാത്രമല്ല ഒരു നാടിന്റെ ആകെ സ്വപ്നങ്ങൾ ആണ് ജൂലൈ രണ്ടിന് വർഗീയ തീവ്രവാദ ശക്തികൾ കവർന്നെടുത്തത്.
തിരുവനന്തപുരത്തു നടന്ന അൾട്ട്യൂസ് ക്യാമ്പിൽ വച്ചാണ് അഭിമന്യുവിനെ ഞാൻ കാണുന്നത് . ആ ക്യാമ്പിൽ പങ്കെടുത്ത മിടുക്കനായ ഒരു വിദ്യാർത്ഥി ആയിരുന്നു അഭിമന്യു. ഈ ക്യാമ്പിലെ ചർച്ചയിൽ എന്നോട് വളരെ ശ്രദ്ധേയമായ ചില ചോദ്യങ്ങൾ അഭിമന്യു ചോദിച്ചു. ഒപ്പം നിന്ന് ഫോട്ടോയും എടുത്തു . നിഷ്ക്കളങ്കത ആയിരുന്നു ആ കുഞ്ഞു സഖാവിന്റെ മുഖമുദ്ര. ധീര രക്തസാക്ഷി സഖാവ് അഭിമന്യുവിന്റെ ഓർമ്മകൾക്ക് മരണമില്ല. രക്താഭിവാദനത്തിന്റെ കണ്ണീർപ്പുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here