പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമ കണ്ട ശേഷം അഭിപ്രായം പറഞ്ഞതിന് പിന്നാലെ ഉയര്‍ന്ന ചര്‍ച്ചകളോട് പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. കേരളത്തിൽ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് താൻ സിനിമ കാണാൻ നിർബന്ധിതനായതെന്നും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി ഇതിനെ തോന്നിയതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമർശിക്കാതെ താൻ അത് പങ്കുവെച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സിനിമയില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും പാർട്ടിയേയും എന്നെയും സ്നേഹിക്കുന്നവരെ ഇത്തരത്തിൽ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതിൽ തനിക്കും വിഷമമുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
എംഎ ബേബിയുടെ ഫെയ്സ്ബുക്കിൻ്റെ പൂര്‍ണ രൂപം:
പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാൻ ഒരു അഭിപ്രായം പറഞ്ഞതിനെ ക്കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത് ഇതാണ്.
കേരളത്തിൽ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് ഞാൻ ഈ സിനിമ കാണാൻ നിർബന്ധിതനായത്.
സിനിമ കണ്ടപ്പോൾ, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി. അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമർശിക്കാതെ ഞാൻ അത് പങ്കുവെച്ചത്.
ഇക്കാര്യത്തിന് ഇതിൽ കൂടുതൽ അർത്ഥമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതിൽ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാൻ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കൾ അനുഭാവികൾ തുടങ്ങിയവർ സദുദ്ദേശ്യത്തിലും മറ്റു ചിലർ അങ്ങനെയല്ലാതെയും ഈ കാര്യത്തിൽ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാർട്ടിയേയും എന്നെയും സ്നേഹിക്കുന്നവരെ ഇത്തരത്തിൽ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതിൽ എനിക്കും വിഷമമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

