മോദിഫേഴ്‌സിന്റെ ഉള്ളുകള്ളികള്‍: എം എ ബേബി

വളരെ വൈകിയാണെങ്കിലും സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്വന്തം ഉത്തരവാദിത്തം ഉപേക്ഷിക്കാതെ വിധി പ്രസ്താവിക്കാന്‍ തയാറായെന്നും അതിന് അവരെ അഭിനന്ദിക്കട്ടെയെന്നും എം എ ബേബി. വളരെ വൈകി എന്ന കുറ്റം ക്ഷമിക്കാവുന്നതല്ലെങ്കിലും ‘Better Late than never’ (വൈകിയെങ്കിലും ചെയ്യുന്നതാണ് ഒരിക്കലും ചെയ്യാതിരിക്കുന്നതിനേക്കാള്‍ ഭേദം) എന്നുണ്ടല്ലോ. സമീപകാലത്ത് സുപ്രീംകോടതിയുടെ തന്നെ വിശ്വാസ്യത അതിവേഗം നിലം പൊത്തിക്കൊണ്ടിരിക്കുകയും അതിനെതിരെ ഒട്ടേറെപ്പേര്‍ ശക്തമായ വിമര്‍ശനമുയര്‍ത്തുകയും ചെയ്യുകയായിരുന്നു. അത് ഉള്‍ക്കൊണ്ടുകൂടിയാകണം സ്വന്തം വിശ്വാസ്യത ഒരു പരിധിവരെ വീണ്ടെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുകൂടി ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ, കൃത്യമായി ഭരണഘടനാലംഘനം എന്ന് വിശേഷിപ്പിച്ച്, റദ്ദാക്കാന്‍സുപ്രീംകോടതി തയാറായത് .

സി.പി.ഐ-എം ഇലക്ടറല്‍ ബോണ്ടിനെ വിശേഷിപ്പിച്ചത് അഴിമതിക്ക് നഗ്നമായ നിയമപരിരക്ഷ നല്‍കുന്ന പദ്ധതി എന്നാണ്. മാത്രമല്ല, ഇലക്ടറല്‍ ബോണ്ടിലൂടെ ഒറ്റ രൂപ പോലും സ്വീകരിക്കില്ല എന്നും സി.പി.ഐ- എം പ്രഖ്യാപിച്ചു. 2017-ലെ ബജറ്റില്‍ അന്നത്തെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയപ്പോള്‍ സി.പി.ഐ- എം അതിനെ നഖശിഖാന്തം എതിര്‍ത്തു. ഏറ്റവും രസകരമായ കാര്യം, ആദ്യ ഘട്ടത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഈ പദ്ധതിയോട് വിയോജിച്ചു എന്നതാണ്. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അത്തരം ചില ആന്തരിക വിയോജിപ്പുകള്‍ അഗണ്യകോടിയില്‍ തള്ളാവുന്നതേയുള്ളൂ എന്ന് ഒരിയ്ക്കല്‍ കൂടി വെളിപ്പെട്ടു.

2018-ല്‍ നിലവില്‍വന്ന ഈ പദ്ധതി പ്രകാരം ഇന്ത്യന്‍ കുത്തകകള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ സ്ഥാപനങ്ങള്‍ക്കും രഹസ്യമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാം. സ്റ്റേ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് ഈ ഇടപാടുകള്‍ നടത്തേണ്ടത്. ഏതു കുത്തുക ഏതു പാര്‍ട്ടിക്ക് എത്ര കോടി രൂപ നല്‍കി എന്ന വിശദാംശം രഹസ്യമായി സൂക്ഷിക്കപ്പെടും എന്നതാണ് പദ്ധതിയുടെ മുഖ്യ കള്ളത്തരം. ഇത് ഭരണരാഷ്ട്രീയപാര്‍ട്ടിക്കു മാത്രം മനസ്സിലാകുമെന്നതിനാല്‍ അവര്‍ക്കാണ് ഇതിന്റെ ഭാഗമായി സാമദാനഭേദദണ്ഡമുറകളിലൂടെ പരമാവധി കോഴപ്പണം സ്വീകരിക്കാനും സാധിക്കുക. മാത്രമല്ല, അത് ജനപ്രതിനിധികളെയും പാര്‍ട്ടികളെയും വരെ വിലയ്ക്കുവാങ്ങി ഭരണം പിടിച്ചെടുക്കാനൂം നിലനിര്‍ത്താനും മറ്റുംമറ്റുമായ ജനാധിപത്യധ്വംസനത്തിന് വിനിയോഗിക്കാനും സാധിക്കും. അറിയാനുള്ള പൗരരുടെ അവകാശം ഹനിക്കുന്നതാണ് ഇലക്ടറല്‍ ബോണ്ടിന്റെ രഹസ്യസ്വഭാവം എന്ന കാര്യമാണ് സുപ്രീംകോടതി മുഖ്യമായും സ്വന്തം വിധിന്യായത്തില്‍ വിമര്‍ശന വിധേയമാക്കിയത്.

Also Read : ഫോബ്സ് പട്ടികയിൽ ഉൾപ്പെട്ട ജെന്‍ റോബോട്ടിക്സ് കേരളത്തിലാണെന്ന് എത്രപേർക്ക് അറിയാം? മന്ത്രി പി രാജീവ്

2018 മാര്‍ച്ച് മുതല്‍ 2024 ജനുവരി വരെ 16,518 കോടി രൂപയാണ് ഇന്ത്യന്‍ കുത്തകകളും സമ്പന്നരും ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് രഹസ്യമായി കൈമാറിയത്. പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ടോ ഭീഷണിക്ക് വശംവദരായോ നല്‍കിയ കോഴപ്പണമല്ലാതെ മറ്റൊന്നുമല്ല ഇത്. ആദ്യം മുതല്‍ ഇതിനെ എതിര്‍ക്കുക മാത്രമല്ല സി.പി.ഐ- എം ചെയ്തത്, ഇത്തരത്തില്‍ ഒരു രൂപ പോലും സ്വീകരിക്കില്ല എന്ന് പാര്‍ട്ടി വ്യക്തമാക്കി. അഴിമതിക്ക് നിയമപ്രാബല്യം നല്‍കുന്ന ഈ കോഴപ്പദ്ധതി റദ്ദാക്കാന്‍, ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കുവേണ്ടിയുള്ള അസോസിഷേയന്‍ (Association for Democratic Reforms) എന്ന പ്രസ്ഥാനത്തോടൊപ്പം സുപ്രീംകോടതിയില്‍ കക്ഷി ചേരുകയും ചെയ്തു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട എല്ലാവസ്തുതകളും സുപ്രീം കോടതിക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ബാങ്കായ എസ് ബി ഐ തയ്യാറായിട്ടില്ല. എല്ലാവിവരങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രക്രിയ കഴിയും വരെ താമസിപ്പിക്കാനും മോദി- നിര്‍മ്മലാസീതാരാമന്‍ കൂട്ടുകെട്ട് ശ്രമിക്കുകയുണ്ടായി എന്നത് മറന്നുകൂടാ.

ഭരണഘടനാവിരുദ്ധം എന്ന് ശരിയായി സുപ്രീംകോടതി കുറ്റപ്പെടുത്തിയ ഇലക്ടറല്‍ ബോണ്ടിലൂടെ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും കൈപ്പറ്റിയ കോഴപ്പണം പലിശസഹിതം അതതുപാര്‍ട്ടികളില്‍നിന്ന് തിരിച്ചുപിടിക്കാന്‍കൂടി സുപ്രീംകോടതി തയ്യാറാകേണ്ടതാണ്.
ആതുക പട്ടികജാതി- പട്ടികവര്‍ഗവിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ടതാണ്.

എല്ലാ പാര്‍ട്ടികളും ഒരു പോലെയാണെന്നും കുത്തക മുതലാളിത്തവുമായി അവരെല്ലാം സഖ്യത്തിലാണെന്നും അഴിമതിക്കാരാണെന്നും ഒരു പൊതുബോധം നിര്‍മിക്കാന്‍ ചിലര്‍ കഠിനപ്രയത്നം നടത്തുന്നത് നമുക്കറിയാം. അഴിമതി, അധികാരാര്‍ത്തി എന്ന രണ്ടു മുഖ്യ സ്വഭാവങ്ങളാണ് മിക്കപാര്‍ട്ടികള്‍ക്കും സ്ഥായിയായുള്ളത് എന്നും പ്രചരിക്കപ്പെടുന്നു. എന്നാല്‍ വ്യത്യസ്തതകള്‍ ഉണ്ട് എന്ന വസ്തുത പലപ്പോഴും തമസ്‌ക്കരിക്കപ്പെടുന്നു. സി.പി.ഐ- എം എങ്ങനെ ഇക്കാര്യങ്ങളില്‍ വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കാന്‍ ഇപ്പോള്‍ ഇകല്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട അനുഭവവും, (1996-ല്‍ )സി.പി.ഐ- എം നേതാവ് ജ്യോതിബസുവിന് വച്ചുനീട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രിസ്ഥാനം പാര്‍ട്ടിചര്‍ച്ചചെയ്ത് വേണ്ടെന്നുവച്ചതും ചേര്‍ത്തുവച്ച് പരിശോധിക്കാവുന്നതാണ്.

ഒന്ന്, അഴിമതിപ്പണം തിരസ്‌കരിക്കാനുള്ള ധാര്‍മിതകതയും ചങ്കൂറ്റവും.

രണ്ടാമത്തേത് പാര്‍ലമെന്റില്‍ വേണ്ടത്രശക്തമായ സാന്നിധ്യമില്ലാതെ ലഭിക്കുന്ന പ്രധാനമന്ത്രിസ്ഥാനത്തിലൂടെ, സാമാന്യജനതയുടെ താല്‍പര്യം സമഗ്രമായിസംരക്ഷിക്കാനുതകുന്ന പ്രവര്‍ത്തനപദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പാക്കാനുള്ള സാഹചര്യവും സാധ്യതയും ലഭിക്കില്ല എന്ന തത്വാധിഷ്ഠിത നിലപാട്.

പണത്തിനും അധികാരത്തിനും കീഴ്പ്പെടാത്ത പാര്‍ട്ടികള്‍ ഇല്ലെന്ന പൊതുസങ്കല്‍പ്പത്തിന്റെ വിപരീത ധ്രുവത്തിലാണ് സി.പി.ഐ- എം സ്വീകരിച്ച അന്ത്യന്തം വ്യത്യസ്തവും ധീരവും ധാര്‍മ്മികവുമായ നിലപാടുകള്‍.

1980-കളില്‍ ഇന്ത്യയെ പിടിച്ചുലച്ച ബോഫേഴ്സ് കുംഭകോണവുമായി ‘മോദിഫേഴ്സ്’ എന്ന ഇലക്ടറല്‍ ബോണ്ട് തട്ടിപ്പിനെ താരതമ്യപ്പെടുത്താവുന്നതാണ്. 60 കോടിയായിരുന്നു ബോഫേഴ്സ് കോഴ. ലോക്സഭയില്‍ 412 സീറ്റുണ്ടായിരുന്ന (എക്കാലത്തെയും ഏറ്റവും വലിയ എണ്ണം- പണ്ഡിറ്റ് നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും പോലും ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷം) കോണ്‍ഗ്രസ്സ് നേതാവ് രാജീവ്ഗാന്ധി ,പിന്നീട് 1989-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റമ്പിയത് ബോഫോഴ്സ് അഴിമതിമൂലമാണ് എന്നതും ചരിത്രം. ഇപ്പോഴത്തെ ‘മോദിഫേഴ്സ്’ ആകട്ടെ, വലുപ്പത്തില്‍ 275 ബോഫോഴ്സിന് തുല്യമാണ്!

ഇനി ബി.ജെ.പിക്കു ലഭിച്ച കോഴപ്പണം മാത്രം എടുത്താല്‍, 120 ബോഫേഴ്സിനു സമമമാണ് അത്. കോണ്‍ഗ്രസിനുകിട്ടിയ ഇലക്ടറല്‍ ബോണ്ട് കോഴയാകട്ടെ 20 ബോഫേഴ്സിനു തുല്യവും.

കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിനും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എക്കും എതിരെ ഉറച്ച വിധിയെഴുത്തുനടത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ചിന്തിക്കുന്ന വോട്ടറന്മാര്‍ തയ്യാറാകുന്നതിന് ‘മോദിഫേഴ്സ്’ എന്ന് വിശേഷിപ്പിക്കാവുന്ന ഇലക്ടറല്‍ ബോണ്ട് അഴിമതിസ്‌കീമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News