
സിപിഐഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം എ ബേബി കൈരളി ടിവി ആസ്ഥാനം സന്ദർശിച്ചു. എം എ ബേബിയുമായി കൈരളി ന്യൂസ് എഡിറ്റോറിയൽ ടീം സംവദിച്ചു. ഇ.എം.എസിനെ പോലെയുള്ള മഹാമേരുക്കൾ ഇരുന്ന പദവിയിൽ ആണ് താൻ എത്തിയതെന്നും അവരുടെ പേരിന് പോറൽ ഏൽപ്പിക്കാതിരിക്കാൻ നോക്കും എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയവും കേരള രാഷ്ട്രീയവും രണ്ട് സ്വഭാവത്തിൽ ഉള്ളവയാണ്. കേരള രാഷ്ട്രീയം ഒരു പുതിയ വഴിയാണ് ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ വെട്ടിത്തുറക്കുകയാണ്. എന്നാൽ കേന്ദ്ര ഗവൺമെന്റ് ഏറ്റവും നീതി രഹിതമായി, സാമ്പത്തികമായി കേരളത്തെ ഞെരിച്ച് നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെ നേരിട്ടുകൊണ്ടാണ് കേരളം വലിയ നേട്ടങ്ങൾ കൈവരിക്കുന്നത്. ജനറൽ സെക്രട്ടറി എന്നുള്ളത് ഒരു പദവിയല്ലെന്നും പാർട്ടിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു ഉത്തരവാദിത്തം ആണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ചലഞ്ചിൽ ആയിട്ടുള്ള ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഉത്തരവാദിത്തം എം എ ബേബി ഏറ്റെടുത്തിരിക്കുന്നത്. പകച്ചു നിൽക്കുന്ന രീതിയിലുള്ള സാഹചര്യം മുന്നിൽ ഉണ്ടെങ്കിലും ബേബി സഖാവ് അത് മുറിച്ചുകടക്കുമെന്നും ഡോ ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.
പഴയകാലത്തെ ഓർമകളും ജനറൽ സെക്രട്ടറി പങ്കുവച്ചു. ബ്രിട്ടാസ് വെക്കുന്ന മട്ടൻ കറിയുടെ രുചിയും അന്ന് ബ്രിട്ടാസും കാരാട്ടും ഓടിച്ച ബജാജ് സ്കൂട്ടറിൻറെ കഥയും അദ്ദേഹം പങ്കുവച്ചു. കായികത്തിലും താല്പര്യമുള്ള അദ്ദേഹം ജോൺ ബ്രിട്ടാസുമായും മറ്റും പന്തയംവെച്ച് ബാഡ്മിൻറൺ കളിച്ചതും അതിന്റെ പിന്നിലെ രസകരമായ കഥകളും സംസാരിച്ചു.
ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള ആളായാണ് എല്ലാവരും തന്നെ പറയുന്നത് എങ്കിലും അതിൽ കാര്യമില്ല എന്നാണ് എം എ ബേബി പറഞ്ഞത്. പലതും സംസാരിക്കാനും ചോദിക്കാനും മടിച്ചു നിന്ന സമയത്ത് ഇഎംഎസിൻറെ ഉപദേശവും നായനാരുടെ ചങ്കൂറ്റവും എല്ലാമാണ് ഇത്തരത്തിൽ സംസാരിക്കുന്നതിലേക്ക് എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ‘അമേരിക്ക ഇന്ത്യ കോ ധൃതരാഷ്ട്രാലിംഗൻ കർത്താ ഹെ’ എന്ന എംഎ ബേബിയുടെ രസകരമായ ഹിന്ദി പ്രസംഗവും ആ സമയം ജോൺ ബ്രിട്ടാസ് ഓർത്തെടുത്തു.
എംഎ ബേബി എഴുതിയ മുദ്രാവാക്യങ്ങൾ ഇന്നും പലർക്കും വല്ലാത്തൊരു അനുഭൂതി തന്നെയാണ് നൽകുന്നത്. ‘ചെങ്കനൽ പോലെ ജ്വലിക്കുന്ന നക്ഷത്ര ശുഭ്രപതാക കാണുമ്പോൾ ഉയരട്ടെ ആയിരം മുഷ്ടികൾ, ആർത്തിരമ്പട്ടെ പുത്തൻ കരുത്തുകൾ’ എന്ന് തുടരുന്നു അതിൽ പലതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here