‘ബിജെപിയെ എതിർക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല എന്ന് പറയുന്ന കോൺഗ്രസിന് പോരാട്ടത്തിന്റെ ഇടതു രാഷ്ട്രീയം മനസ്സിലാവില്ല’: മന്ത്രി എം ബി രാജേഷ്

ഇടതിന് ഇന്ത്യയിൽ എന്താണ് സ്ഥാനമെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിൽ കേൾക്കുന്നത് ഒരു രാഷ്ട്രീയ വിഡ്ഢിയുടെ സ്വരമാണ് എന്ന് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞയാഴ്ച ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ യോഗേന്ദ്ര യാദവിന്റെ ഇൻറർവ്യൂ എങ്കിലും വായിച്ചിരുന്നെങ്കിൽ ഇത്ര പരിഹാസ്യമായ ഒരു ചോദ്യം ഇപ്പോൾ ചോദിക്കാൻ വി ഡി സതീശൻ ധൈര്യപ്പെടുമായിരുന്നില്ല എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ALSO READ:തോറ്റ് തോറ്റ് ഇതെങ്ങോട്ട് പോണ്? കോലിയും ടീമും ഇനി കോലുകളിക്ക് ഇറങ്ങിയാ മതി, നേടിയത് നാണക്കേടിന്റെ ലോക റെക്കോഡ്

താൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ലെങ്കിലും ഇന്ത്യ എന്ന റിപ്പബ്ലിക്കിനെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്റെ പ്രത്യയശാസ്ത്ര കാതൽ എന്ന യോഗേന്ദ്ര യാദവ് ഇടതുപക്ഷത്തെ വിശേഷിപ്പിച്ചതും മന്ത്രി എടുത്തുപറഞ്ഞു. ചിന്തിക്കുന്ന രാഷ്ട്രീയ അവിവേകിയല്ലാത്ത ഏതൊരാളും അങ്ങനെയേ പറയൂ എന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ പത്തു വർഷം മോദി ഭരണത്തിനെതിരായ എല്ലാ പോരാട്ടങ്ങളുടെയും ചാലകശക്തിയായി ഇടതുപക്ഷം ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് ഒരു സമരമുഖത്തും ഇല്ലായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇലക്ടറൽ ബോണ്ട് എന്ന ലോകത്തിലെ ഏറ്റവും വലിയ അഴിമതി പുറത്തുകൊണ്ടുവന്നത് സിപിഐഎം നടത്തിയ നിയമ പോരാട്ടമായിരുന്നു എന്നതുൾപ്പടെ നിരവധി ഉദാഹരണങ്ങൾ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷം മോദി വാഴ്ചക്കെതിരെ ഇന്ത്യയിലാകെ പടർന്ന സമരങ്ങളിൽ ഉയർന്ന മുഷ്ടിയും മുദ്രാവാക്യവും പതാകയും ഇടതുപക്ഷത്തിന്റേതാണ്. വോട്ടിനായി മാത്രം മാളത്തിൽ നിന്ന് പുറത്തുവരുന്ന പെരുച്ചാഴികളായ കോൺഗ്രസിനെ പോലെയല്ല പത്തുവർഷവും പൊരുതി നിന്ന ഇടതുപക്ഷം എന്നും അദ്ദേഹം പറഞ്ഞു.ബിജെപിയെ എതിർക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല എന്ന് പറയുന്ന കോൺഗ്രസിന് പോരാട്ടത്തിന്റെ ഇടതു രാഷ്ട്രീയം മനസ്സിലാവില്ല. ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി കൂപ്പുകയ്യോടെ നിന്ന വി ഡി സതീശന് ഒട്ടും മനസ്സിലാവില്ല എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ‘മമ്മൂട്ടി ചെയ്തത് പോലെ രജിനികാന്തിന് ഒരിക്കലും ചെയ്യാൻ കഴിയില്ല, അതിന് അദ്ദേഹത്തെ അവർ സമ്മതിക്കില്ല’, കാരണം വ്യകതമാക്കി വൈ ജി മഹേന്ദ്ര

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ഇടതിന് ഇന്ത്യയിൽ എന്താണ് സ്ഥാനമെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിൽ കേൾക്കുന്നത് ഒരു രാഷ്ട്രീയ വിഡ്ഢിയുടെ സ്വരമാണ്.
കഴിഞ്ഞയാഴ്ച ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ യോഗേന്ദ്ര യാദവിന്റെ ഇൻറർവ്യൂ എങ്കിലും വായിച്ചിരുന്നെങ്കിൽ ഇത്ര പരിഹാസ്യമായ ഒരു ചോദ്യം ഇപ്പോൾ ചോദിക്കാൻ വി ഡി സതീശൻ ധൈര്യപ്പെടുമായിരുന്നില്ല. താൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ലെങ്കിലും ഇന്ത്യ എന്ന റിപ്പബ്ലിക്കിനെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്റെ പ്രത്യയശാസ്ത്ര കാതൽ എന്നാണ് യോഗേന്ദ്ര യാദവ് ഇടതുപക്ഷത്തെ വിശേഷിപ്പിക്കുന്നത്. ചിന്തിക്കുന്ന, രാഷ്ട്രീയ അവിവേകിയല്ലാത്ത ഏതൊരാളും അങ്ങനെയേ പറയൂ.
കഴിഞ്ഞ പത്തു വർഷം മോദി ഭരണത്തിനെതിരായ എല്ലാ പോരാട്ടങ്ങളുടെയും ചാലകശക്തിയായി ഇടതുപക്ഷം ഉണ്ടായിരുന്നു. കോൺഗ്രസ് ഒരു സമരമുഖത്തും ഉണ്ടായിരുന്നില്ലതാനും.
ഐതിഹാസികമായ, മോഡി ഭരണത്തെ മുട്ടുകുത്തിച്ച, കർഷക നിയമങ്ങൾ പിൻവലിപ്പിച്ച കർഷകപ്രക്ഷോഭത്തിൽ നിറഞ്ഞത് ചെങ്കൊടികൾ ആയിരുന്നു. അറസ്റ്റിലായവരിൽ അനേകം ഇടതു നേതാക്കൾ ഉണ്ടായിരുന്നു. വി ഡി സതീശന്റെ നേതാവ് രാഹുൽഗാന്ധി ഉണ്ടായിരുന്നോ?
പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഇന്ത്യയിൽ എമ്പാടും ഇടതുപക്ഷമുണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഡി രാജയും ആനി രാജായുമൊക്കെ ഉണ്ടായിരുന്നു. ഏത് കോൺഗ്രസ് നേതാവ് ഉണ്ടായിരുന്നു?
ഇലക്ടറൽ ബോണ്ട് എന്ന ലോകത്തിലെ ഏറ്റവും വലിയ അഴിമതി പുറത്തുകൊണ്ടുവന്നത് സിപിഐഎം നടത്തിയ നിയമ പോരാട്ടമായിരുന്നു. അതിന്റെ ഫലമായാണല്ലോ സുപ്രീംകോടതി ഇലക്ട്രൽ ബോണ്ട് റദ്ദാക്കി വിധി പുറപ്പെടുവിച്ചത്. കോൺഗ്രസ് ആവട്ടെ ബിജെപിക്കൊപ്പം ബോണ്ട് വിഴുങ്ങിയവരാണ്.
ജെ എൻ യു ഉൾപ്പെടെ ഇന്ത്യൻ സർവകലാശാലകളിലെ മോദി ഭരണത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നയിച്ചത് ഇടതു സംഘടനകൾ ആയിരുന്നു. ഒടുവിൽ മോദി ഭരണത്തിന്റെ എല്ലാ അടിച്ചമർത്തലുകളെയും നേരിട്ട് ജെ എൻ യുവിൽ എ ബി വി പിയെ തോൽപ്പിച്ചത് ഇടതുസഖ്യം ആയിരുന്നു. അവിടെ സതീശൻ പണ്ട് നേതാവായിരുന്ന എൻ എസ് യു ആർക്കൊപ്പം ആയിരുന്നു?
പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധിജിയെയും നെഹ്റുവിനെയും പോലും വെട്ടി വർഗീയ വൽക്കരിച്ചപ്പോൾ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ എന്തു ചെയ്യുകയായിരുന്നു? കേരളത്തിലെ ഇടതുസർക്കാർ അല്ലേ കേന്ദ്രം വെട്ടിയതെല്ലാം പഠിപ്പിക്കും എന്ന് പ്രഖ്യാപിച്ചത്?
ഗുജറാത്തിലെ വംശഹത്യയിൽ കൂട്ടബലാൽസംഗത്തിനും കൂട്ടക്കൊലയ്ക്കും ഇരയായ കുടുംബത്തിലെ ഏക അതിജീവിത ബിൾക്കീസ് ബാനുവിനെ കൂട്ട ബലാൽസംഗം ചെയ്ത പ്രതികൾക്ക് മോദി സർക്കാർ ശിക്ഷാ ഇളവ് നൽകിയപ്പോൾ സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധം നടത്തി പ്രതികളെ ജയിലിൽ അടച്ചത് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയാണ്. സോണിയ ഗാന്ധിയും പ്രിയങ്കയും എന്തെടുക്കുകയായിരുന്നു?
ഡൽഹിയിൽ ബിജെപിയുടെ ബുൾഡോസറുകൾ ന്യൂനപക്ഷങ്ങളുടെ വീടുകൾ ഇടിച്ചു നിരത്തിയപ്പോൾ കോൺഗ്രസ് നേതാക്കൾ മാളത്തിൽ ഒളിച്ചില്ലേ? ബുൾഡോസറിനു മുന്നിൽ നിന്ന് തടയുന്ന സിപിഐഎം നേതാവ് വൃന്ദാ കാരാട്ടിന്റെ ചിത്രം മതേതര ഇന്ത്യക്ക് മറക്കാനാവുമോ?
കാശ്മീർ എന്ന സംസ്ഥാനത്തെ ബിജെപി സർക്കാർ വെട്ടുമുറിച്ച് ഒരു തുറന്ന ജയിലാക്കിയപ്പോൾ ആദ്യം ഓടിയെത്തിയ രാഷ്ട്രീയ നേതാവ് സീതാറാം യെച്ചൂരി ആയിരുന്നില്ലേ? കോൺഗ്രസ് പകച്ചു നിന്നപ്പോൾ കാശ്മീർ ജനതയ്ക്ക് ഒപ്പം നിന്ന് പൊരുതിയത് മുഹമ്മദ് യൂസഫ് തരിഗാമിയുടെ നേതൃത്വത്തിൽ ഇടതുപക്ഷം ആയിരുന്നില്ലേ?
കഴിഞ്ഞ 10 വർഷം മോദി വാഴ്ചക്കെതിരെ ഇന്ത്യയിലാകെ പടർന്ന സമരങ്ങളിൽ ഉയർന്ന മുഷ്ടിയും മുദ്രാവാക്യവും പതാകയും ഇടതുപക്ഷത്തിന്റേതാണ്. വോട്ടിനായി മാത്രം മാളത്തിൽ നിന്ന് പുറത്തുവരുന്ന പെരുച്ചാഴികളായ കോൺഗ്രസിനെ പോലെയല്ല പത്തുവർഷവും പൊരുതി നിന്ന ഇടതുപക്ഷം. ബിജെപിയെ എതിർക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല എന്ന് പറയുന്ന കോൺഗ്രസിന് പോരാട്ടത്തിന്റെ ഇടതു രാഷ്ട്രീയം മനസ്സിലാവില്ല. ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി കൂപ്പുകയ്യോടെ നിന്ന വി ഡി സതീശന് ഒട്ടും മനസ്സിലാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News