
2026 ഒഎൻവി സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം മുകന്ദന്. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ. എം ലീലാവതി, ശ്രീ പ്രഭാവർമ്മ, ശ്രീ ആലംകോട് ലീലാകൃഷ്ണൻ, എന്നിവരുൾപ്പെടുന്ന കമ്മിറ്റി ഏകകണ്ഠമായാണ് എം.മുകുന്ദനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
മലയാള കഥാ, നോവൽ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിക്കുന്നതിൽ നടുനായകനായി നിന്ന സാഹിത്യകാരനാണ് എം മുകുന്ദനെന്ന് ജൂറി വിലയിരുത്തി. മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാളമനസ്സിൽ അടയാളപ്പെടുത്തപ്പെട്ട എം മുകുന്ദൻ മലയാളത്തിന്റെ, അതിലുപരി രാജ്യത്തിൻ്റെ തന്നെ അതിപ്രമുഖ കഥാകാരന്മാരുടെ നിരയിൽ സ്ഥാനം നേടി. സാഹിത്യരംഗത്തെ സമഗ്ര വ്യക്തിത്വത്തിന്റെ ഉടമയായ എം മുകുന്ദനെ, ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് അർഹനായി ജൂറി ഏകകണ്ഠമായി കണ്ടെത്തുകയായിരുന്നു.
ഒഎൻവിയുടെ തൊണ്ണൂറ്റി അഞ്ചാമത് ജന്മവാർഷിക ദിനമായ മെയ് 27-ന് വൈകുന്നേരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാരം നൽകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

