
ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്കെതിരായി താൻ പ്രസ്താവന നടത്തിയെന്ന തരത്തിൽ പ്രതിപക്ഷ കക്ഷികൾ വ്യാജ പ്രചാരണം നടത്തുകയാണെന്ന് എം ശിവപ്രസാദ്. ലീഗ്, കോൺഗ്രസ് പാർട്ടികളുടെ ഔദ്യോഗിക പേജുകളിലൂടെയും അണികളുടെ പ്രൊഫൈലുകളിലൂടെയുമാണ് തന്റെ ചിത്രവും പേരും ഉപയോഗിച്ച് വ്യാജ പോസ്റ്ററുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതെന്ന് ശിവപ്രസാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
പൊതുസമൂഹത്തിന് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ ലഹരിക്കെതിരായ വലിയൊരു ഗവൺമെന്റ് പദ്ധതിയെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ശിവപ്രസാദ് ചൂണ്ടിക്കാട്ടി. പൊതുവിൽ സദുദ്ദേശപരമായി ലഹരിക്കതിരെ നടക്കുന്ന ഒരു ഗവൺമെന്റ് പദ്ധതിയെ തകർക്കാൻ എന്റെ പേരും ചിത്രവും ഉപയോഗിക്കേണ്ടതില്ല. ലഹരിക്കെതിരായ ഒരു പ്രവർത്തനത്തെപ്പോലും രാഷ്ട്രീയ ആക്ഷേപത്തിന് ഉപയോഗിക്കുന്നത് എത്രത്തോളം ദുഷിച്ച മനസ്സാണ് ഈ പ്രചരണം നടത്തുന്നവർക്കുള്ളതെന്ന് സമൂഹത്തിന് മുന്നിൽ തെളിയിക്കുന്നതാണെന്ന് എം ശിവപ്രസാദ് കുറിച്ചു.
ALSO READ; നല്ല വിശ്വാസികൾക്കും നല്ല കമ്മ്യൂണിസ്റ്റാവാം; വിമർശകർക്ക് മറുപടിയുമായി കെടി ജലീൽ
ഇടതുപക്ഷത്തിന്റെ ഭാഗമായാൽ സൈബർ ഇടങ്ങളിൽ വേട്ടയാടപ്പെടുക എന്നത് പതിവ് രീതിയായി മാറിയിരിക്കുകയാണ്. തനിക്കെതിരെയുള്ള ട്രോളുകളും, ബോഡി ഷെയിമിങ്ങും, അപവാദ പ്രചരണങ്ങളും നിർബാധം തുടർന്നോളൂ എന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ലഹരി പോലെ രാജ്യം നേരിടുന്ന വലിയൊരു സാമൂഹിക വിപത്തിനെതിരെ കൂട്ടായി നടത്തേണ്ട പ്രതിരോധത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുർബലപ്പെടുത്താൻ ശ്രമിക്കരുത്.
ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് നേരിട്ട് നടത്തുന്ന പദ്ധതിക്കെതിരെ നടക്കുന്ന ഈ വ്യാജ പ്രചരണത്തെ ഗൗരവത്തോടെ കാണാൻ സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും, ലഹരി വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം ‘ക്ഷുദ്ര ജീവികളെ’ ഒന്നിച്ച് നേരിടണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് എം ശിവപ്രസാദ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

