
2021 ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആരാവണമെന്നും മന്ത്രിമാർ ആരാവണമെന്നും വരെയുള്ള തീരുമാനം യുഡിഎഫ് എടുത്തിരുന്നെന്നും എന്നാൽ ഫലം വന്നപ്പോൾ പുതിയ ചരിത്രം രചിച്ച് എൽഡിഎഫ് ഭരണം നേടിയെന്നും എം സ്വരാജ്. ഭാസ്കര കുമ്പള അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായി എല്ലാവരും ചോദിക്കുന്നു എന്നാൽ 2021 ൽ ഉള്ള അത്രയും ആത്മവിശ്വാസം ഇപ്പോൾ അവർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വർഷം ഉമ്മൻചാണ്ടിയും രണ്ടര വർഷം ചെന്നിത്തലയും മുഖ്യമന്ത്രിയാകണം എന്നായിരുന്നു അന്നത്തെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ കേരളത്തിൻ്റെ ചരിത്രത്തിലെ ഇടതുപക്ഷ ഭരണതുടർച്ചയുടെ പുതിയ അധ്യായം ഇത്തവണയും രചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മറിച്ചൊരു ജനവിധിയുടെയും സാങ്കത്യം ഉയർന്നു വരുന്നതേയില്ല, കോൺഗ്രസുകാരൻ ആയാലും ബിജെപിക്കാരൻ ആയാലും മുസ്ലിം ലീഗുകാരൻ ആയാലുംപെൻഷൻ മുടങ്ങണമെന്ന് ആഗ്രഹിക്കില്ല, സ്കൂളുകൾ അടച്ചുപൂട്ടണമെന്ന് ആഗ്രഹിക്കില്ല, പാഠപുസ്തകം വൈകണമെന്ന് ആഗ്രഹിക്കില്ല, പവർകട്ട് ഉണ്ടാകണമെന്ന് ആഗ്രഹിക്കില്ല, നിയമന നിരോധനം ഉണ്ടാകണമെന്ന് ആഗ്രഹിക്കില്ല, വർഗീയ കലാപം ഉണ്ടാകണമെന്ന് ആഗ്രഹിക്കില്ല അങ്ങിനെയെങ്കിൽ ഇടതുപക്ഷല്ലാതെ മറ്റൊരു വഴിയും കേരളത്തിനു മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലും കർണാടകയിലും തെലുങ്കാനയിലും പെൻഷനും ശമ്പളവും മുടങ്ങി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിന്റെ നാശം തുടങ്ങും. കേരളത്തിൽ ഈ ആയുസ്സിന്റെ കാലത്തിൽ ബിജെപി അധികാരത്തിൽ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ഒരു കൈ ആർഎസ്എസിന്റെ ചുമലിലും മറുകൈ ജമാഅത്തെ ഇസ്ലാമിയുടെ ചുമലിലുമാണെന്നും എം സ്വരാജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

