സംവാദമെന്ന്‌ പറഞ്ഞ്‌ മോദി യുവജനങ്ങളെയും രാജ്യത്തെയും കബളിപ്പിച്ചു: എം സ്വരാജ്‌

സംവാദമെന്ന്‌ പറഞ്ഞ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ യുവജനങ്ങളെയും രാജ്യത്തെയും കബളിപ്പിച്ചെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്‌. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യത്തിന്‌ പോലും മറുപടിയില്ലാത്ത ഭീരുവായി ‌ മോദി മാറിയെന്നും സ്വരാജ്‌ പറഞ്ഞു. ഡിവൈഎഫ്‌ഐ വയനാട്‌ ജില്ലാ ക്കമ്മിറ്റി അഞ്ച്‌ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന യൂത്ത്‌ മാർച്ചിന്റെ ഉദ്ഘാടനം‌ വൈത്തിരിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ജനതയുമായി സംവദിക്കാൻ നരേന്ദ്ര മോദിക്ക്‌ സാധിക്കില്ല.
രാഷ്‌ട്രത്തിന്‌ മരണവാറന്റ്‌ ഒരുക്കുന്ന ഗവൺമെന്റായി കേന്ദ്രസർക്കാർ മാറി. ഇന്ത്യയെ മത റിപ്പബ്ലിക്കായി മാറ്റാനുളള ആസൂത്രിത നീക്കമാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തിൽ നടക്കുന്നത്തെന്നും എം സ്വരാജ്‌ പറഞ്ഞു. രാഹുൽഗാന്ധി എംപിയായിട്ടും എംപിയല്ലാതായിട്ടും വയനാടിന്‌ ഒരു വ്യത്യാസവുമില്ല. ഇടതുപക്ഷ എംപിമാർ പാർലമെന്റിൽ നടത്തുന്ന ഇടപെടലുകളുടെ ഏഴയലത്തുപോലും രാഹുലിന്റെ പ്രവർത്തനം എത്തുന്നില്ല. വേഷം കെട്ടലല്ല രാഷ്‌ട്രീയ പ്രവർത്തനമെന്നും ചരിത്രം തിരുത്തിയെഴുതാനുള്ള ഇടപെടലാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ മാർച്ച്‌. ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന എം സ്വരാജ് ജാഥാ ക്യാപ്‌റ്റൻ കെ റഫീഖിന്‌ പതാക കൈമാറി മാർച്ച്‌ ഉദ്ഘാടനം ചെയ്‌തു.

ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്. 23 കേന്ദ്രങ്ങളിൽ ജാഥക്ക്‌ സ്വീകരണം നൽകും. തലപ്പുഴയിൽ‌ ജാഥയുടെ ആദ്യദിന പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്യും. മീനങ്ങാടിയിലാണ്‌ സമാപനം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here