
നിയമസഭാ തെരഞ്ഞെടുപ്പ് അവസാനത്തെ ജനവിധിയല്ലെന്നും ഉദാത്ത മാതൃകകൾ ദൃഷ്‌ടിച്ച സർക്കാരാണ് എൽഡിഎഫ് സർക്കാറെന്നും എം സ്വരാജ്. തെറ്റുപറ്റിയാൽ തിരുത്തുമെന്നും ജനങ്ങളോടൊപ്പം നിന്ന് മുന്നോട്ട് പോകുമെന്നും സ്വരാജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയം ദുരന്തമായല്ല കാണുന്നതെന്നും അനുഭവമായാണ് കാണുന്നതെന്നും സ്വരാജ് പറഞ്ഞു. ശരിയായ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം നാട് വീണ്ടും അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന് പൊതുസമൂഹം പ്രിവിലേജ് അനുവദിച്ചിട്ടുണ്ടെന്നും കോൺഗ്രസിൽ കളവ് അനുവദനീയമാണെന്നും സ്വരാജ് പറഞ്ഞു. ഇടതു പക്ഷം കടുക് മണിയോളം തെറ്റ് ചെയ്താലും സമൂഹം പൊറുക്കില്ലെന്നും അതിന് കാരണം ജനങ്ങൾക്ക് ഇടതുപക്ഷത്തിലുള്ള വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. പിശകുകളെ സ്വയം വിമർശനത്തിന് വിധേയമാക്കുമെന്നും നേരിയ പിശകുകൾ പോലും പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർക്കാരിൻ്റെ ദിശ ശുഭകരമല്ലെന്നും വോട്ട് ചെയ്ത മഹാഭൂരിപക്ഷത്തെ നിരാശരാക്കുന്നതാണ് തുടക്കമെന്നും അദ്ദേഹം വിമർശിച്ചു. സത്യപ്രതിജ്ഞ ചെയ്ത നിമിഷം മുതൽ ആർഎസ്എസ് വിധേയത്വമാണ് കാണിക്കുന്നതെന്നും ആർഎസ്എസിൻ്റെ അഭിനന്ദനം ഏറ്റുവാങ്ങിയ ആദ്യ കോൺഗ്രസ് സർക്കാരാണ് വിഡി സതീശൻ സർക്കാരെന്നും സ്വരാജ് വിമർശിച്ചു.
ഒരു ദശാബ്‌ദത്തിന് ശേഷം കേന്ദ്ര വിമർശനമില്ലാത്ത നയ പ്രഖ്യാപനം നടന്നതായും ആർഎസ്എസ് ബിജെപി നേതാക്കളുടെ അഭിനന്ദനം ഏറ്റുവാങ്ങിയ മുഖ്യമന്ത്രിയാണ് വിഡി സതീശനെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു. യുഡിഎഫ് സർക്കാർ ആർഎസ്എസിൻ്റെ ഭൃത്യരായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

