
വഴിക്കടവ്: രാവിലെ എട്ടരയായതേയുള്ളു. നാരോക്കാവ് പാടശേഖരത്തിലെ വാക്കയിൽ കുഞ്ഞൂട്ടന്റെ വീട്ടുമുറ്റത്തെ പന്തലിലെ കസേരകൾ നിറഞ്ഞിരുന്നു. അപരിചിതരാരോ വരാനുണ്ട് എന്നല്ല ഏറ്റവും അടുത്തൊരാളെ കാത്തിരിക്കുന്നതുപോലെ. നിലമ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ കാത്തിരിക്കുന്നവരാണിവർ. ‘എല്ലാവരും ചായ കുടിച്ചല്ലേ വന്നത്, ഞാനൽപം വൈകി’ വൈകാതെ എത്തിയ സ്വരാജിന്റെ സ്‌നേഹപൂർവമുള്ള അന്വേഷണത്തിന് സദസ് നിറഞ്ഞ പുഞ്ചിരി തിരിച്ചുനൽകി.
എം സ്വരാജിന്റെ പൊതുപര്യടനത്തിന്റെ അവസാനദിവസമായിരുന്നു തിങ്കളാഴ്‌ച വഴിക്കടവ് പഞ്ചായത്തിൽ. അവധികഴിഞ്ഞ ദിവസവും ഒപ്പം മഴയും; എങ്കിലും ആളുകൾക്ക് അതൊന്നും തടസ്സമായില്ല. മലയോരജനത സ്വരാജിനെ ഹൃദയത്തിലേറ്റിയതായി തെളിയിക്കുന്നതായിരുന്നു ഓരോ വരവേൽപും.
Also Read: കൊട്ടിക്കയറാൻ കൊട്ടിക്കലാശം; നിലമ്പൂരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
കുന്നുമ്മൽ പൊട്ടിയിൽ മജീദിന്റെ വീട്ടുമുറ്റത്ത് ഭവാനിയമ്മയും റുഖിയുമ്മയും മാലയണിയിച്ചാണ് സ്വീകരിച്ചത്. വിശേഷങ്ങൾ ചോദിച്ച് തിരിച്ചുപോകാനിറങ്ങിയതും ആൾക്കൂട്ടത്തിൽനിന്ന് ഓടിയെത്തിയ ഒന്നാം ക്ലാസ്സുകാരിയായ അയിഷ, സ്വരാജിന്റെ കൈയിൽ പിടിച്ചു. ഒപ്പംനിന്ന് ഫോട്ടോയെടുത്ത് റ്റാറ്റ പറഞ്ഞ് യാത്രയാക്കി. കുട്ടിക്കുന്നിൽ അത്തിക്കായി മനോജിന്റെ വീടിനുമുന്നിലെ യോഗം.
പെൻഷൻ വാങ്ങുന്നവരെ കോൺഗ്രസ് നേതാക്കൾ അധിക്ഷേപിച്ചതിനെപ്പറ്റി സ്വരാജ് പറഞ്ഞപ്പോൾ സദസ്സിൽനിന്ന് രണ്ടുപേർ കൈയുയർത്തി. മേരിയും ഏലിയാമ്മയും. ‘ഞങ്ങളും പെൻഷൻ വാങ്ങുന്നവരാണ്’. മുണ്ടപ്പൊട്ടിയിലേക്കുള്ള യാത്രാമധ്യേ പൂക്കൾകൊണ്ടുള്ള മാലയുമായി കാത്തുനിന്ന ജാനകിയമ്മയ്‌ക്കു മുന്നിൽ സ്വരാജ് തലകുനിച്ചു. മദ്ദളപ്പാറയിൽ പൂക്കൾ നൽകി വരവേറ്റപ്പോൾ പൂക്കളെക്കുറിച്ചുള്ള ഒ എൻ വിയുടെ കവിത ചൊല്ലിയായിരുന്നു മറുപടി. ‘പൂക്കൾ നൽകുകയെന്നാൽ ഹൃദയം നൽകുന്നതിനു തുല്യമാണ്’.
പുളിക്കൽ നഗറും പിന്നിട്ട് പരലുണ്ടയിൽ വാക്കയിൽ നസീറയുടെ വീട്ടുമുറ്റത്തെ സ്വീകരണത്തിനിടയിൽ ഒറ്റക്കോടൻ ഫാത്തിമയ്‌ക്ക് ഒരു പരാതി; പൊട്ടിപ്പൊളിഞ്ഞ റോഡ് പഞ്ചായത്ത് നന്നാക്കുന്നില്ല. വെണ്ടേക്കുംപൊട്ടിയിലേതായിരുന്നു അവസാനത്തെ വരവേൽപ്. മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, പി പി ചിത്തരഞ്ജൻ എംഎൽഎ, എം പ്രകാശൻ എന്നിവരും കൂടെയുണ്ടായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here