
രാജ്യത്ത് മത രാഷ്ട്രം ഉണ്ടാക്കാനും മറ്റുമതത്തിലുള്ളവരെ അന്യരായി കാണാനും ഉള്ള പ്രചരണമാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മീഡിയവൺ തുടർച്ചയായി ഇടതുപക്ഷത്തെ ആക്രമിക്കുന്നു. അതിനായി കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു.
യുഡിഎഫ് ജമാ അത്തെ ഇസ്ലാമിക്ക് പിന്തുണ നൽകുന്നു. ജമാഅത്തെ ഇസ്ലാമിയും യുഡിഎഫ് ഐക്യമുന്നണിയുടെ ഭാഗമായി മുന്നോട്ടുപോകുന്നു. വണ്ടൂർ മുൻ എംഎൽഎ കണ്ണനെയും മണ്ഡലത്തെയും അപമാനിക്കുന്ന പ്രസ്താവനകൾ മുന്നോട്ടുവയ്ക്കുന്നു. മുൻപ് എംഎൽഎ ആയിരിക്കുമ്പോൾ കണ്ണൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനെ ഉപയോഗിച്ചാണ് കള്ളപ്രചരണം നടക്കുന്നത്. മീഡിയവൺ നിലപാട് അപലപനീയം ആണ്. മതസ്പർദ്ധ വളർത്തുന്ന പ്രചരണം നടത്തുന്നു. ദാവൂദിനും മീഡിയ വണ്ണിനും എതിരെ നിയമ നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാർ വികസനത്തിന്റെ കുതിപ്പിൽ മുന്നേറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നു. വലിയ മാറ്റം ഉണ്ടാകുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച 16 കോളേജുകൾ കേരളത്തിൽ ആണ്. നീതി അയോഗ് റിപ്പോർട്ടിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന് കേരളത്തിന് പ്രത്യേക പ്രശംസ ലഭിച്ചു. ഇത്തരം മുന്നേറ്റത്തെ തകർക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഗവർണർമാരെ ഇതിനായി ഉപയോഗിക്കുന്നു.
സംഘപരിവാർ അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് വൈസ് ചാൻസിലർമാരെ കൂടി ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ നടത്തുന്നത്. ഇവർ നിശ്ചയിക്കുന്ന വൈസ് ചാൻസിലർമാർ തന്നെ സംഘപരിവാർ സമ്മേളനങ്ങൾ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി മാറുന്നു. ഇത് കേരളത്തിൽ ആരും കാണാത്ത പുതിയ പ്രവണതയാണ്.
കേരളത്തിന്റെ താൽപര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് നിലവിൽ നടക്കുന്ന വിദ്യാർത്ഥി യുവജന പോരാട്ടങ്ങൾ. വൈസ് ചാൻസിലർമാർ ഭരണഘടനാപരമില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നു. സർവ്വാധിപത്യരീതിയിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ഇതിനെതിരായി വിദ്യാർത്ഥികളും യുവജനങ്ങളും അധ്യാപകരും ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ ശക്തിയായ ഇടപെടൽ നടത്തി വരികയാണ്. വിദ്യാർത്ഥി സമരം കേരളത്തിൻറെ നേട്ടങ്ങളെ സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കീം പരീക്ഷാ ഫലത്തിലും അദ്ദേഹം പ്രതികരിച്ചു. കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ അവസരം ലഭിക്കാൻ വേണ്ടിയാണ് സർക്കാർ നടപടി. അതാണ് കോടതിയുടെ ഇടപെടലിലൂടെ ഇല്ലാതായത്. നിരവധി പേരുടെ ആവശ്യം കൂടിയായിരുന്നു അത്. ഭാവിയിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്തള്ളപ്പെടാതെ പോകുന്നതിന് വേണ്ടിയുള്ള നിലപാട് സർക്കാർ സ്വീകരിക്കേണ്ടതാണ്. പഴയ ലിസ്റ്റിലെ ഒന്നാം റാങ്കുകാരൻ ഇപ്പോൾ ഏഴാം റാങ്കുകാരനായി പോയി. ഇത്തരത്തിൽ നിരവധി കുട്ടികൾക്ക് പ്രയാസം സൃഷ്ടിക്കുന്ന നില ഉണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. പ്രോസ്പെക്ടസിൽ മാറ്റം വരുത്താം എന്ന വ്യവസ്ഥയുണ്ട്. മുൻകൂട്ടി ആലോചിക്കുക എന്നതാണ് ഇനിയുള്ള വഴി. കുട്ടികളുടെ താല്പര്യം കൂടി പരിഗണിച്ചാകും ഇനിയുള്ള നടപടി. കുട്ടികളുടെ ഭാവി കണക്കിലെടുത്താണ് സുപ്രീം കോടതിയിൽ അപ്പീൽ പോകാത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

