
ആശ വർക്കർമാർ സമരത്തിൽ നിന്ന് പിരിഞ്ഞ് പോകണം എന്ന് ആരും പറഞ്ഞിട്ടില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആർക്കും സമരം ചെയ്യാൻ അവകാശമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശം ജനാധിപത്യ അവകാശമാണ്. സമരത്തോട് നിഷേധാത്മക നിലപാട് സ്വീകരിക്കേണ്ടതില്ല എന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സമരം ലക്ഷ്യം വയ്ക്കുന്നതിനെ കുറിച്ച് സിപിഎമ്മിന് നല്ല ധാരണയുണ്ട്. ഇടതുപക്ഷ വിരുദ്ധ സമരമാക്കി മാറ്റാനാണ് ശ്രമം. ഐഎൻടിയുസി പോലും ഇല്ലാത്ത സമരത്തിൽ യുഡിഎഫ് ഉണ്ട്. സമരത്തെ ജനാധിപത്യപരമായി തന്നെ കാണുന്നു. എസ് യു സി ഐയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉൾപ്പെടെ മഴവിൽ സഖ്യം ആശാവർക്കർമാരെ ഉപയോഗിക്കുന്നു. 13200 രൂപവരെ ലഭിക്കുന്ന ആശമാർ ഉള്ള രാജ്യത്തെ ഒരേ ഒരു സംസ്ഥാനം കേരളമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമാണ് പണം തരേണ്ടത് എന്ന് സമരം ചെയ്യുന്നവർക്ക് മനസ്സിലാകുന്നുണ്ട് പക്ഷേ സമരത്തിന് നേതൃത്വം നൽകുന്നവർ സമ്മതിക്കുന്നില്ല.വസ്തുത അവഗണിച്ച് സമരം ശ്രദ്ധാപൂർവ്വം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു വിഭാഗം ഉണ്ട്. ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയെ കാണാൻ പോയതല്ല. മാധ്യമങ്ങൾ തന്നെ പറഞ്ഞുണ്ടാക്കിയ വാർത്തയാണ് അത്. അങ്ങനെ അനുവാദം ചോദിച്ചതുകൊണ്ട് സാധാരണഗതിയിൽ കേന്ദ്രമന്ത്രിയെ കാണാനും ശ്രമിക്കും എന്ന് പറഞ്ഞു. കാണാതെ വന്നു എന്ന വാർത്തയുണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. നെഗറ്റീവ് അല്ലാതെ വേറെ എന്തെങ്കിലും വർത്തയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here