
വര്‍ഗീയത കേരളം നേരിടുന്ന വലിയ പ്രശ്നമായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. കോ.ലീ.ബി സഖ്യം പലയിടത്തും ആവര്‍ത്തിക്കുന്നുവെന്നും ബിജെപി ജയം യുഡിഎഫ് സഹായത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. യുഡിഎഫിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് ചേര്‍ന്ന് അവരെ വിജയിപ്പിക്കുന്ന പ്രവണത ദൃശ്യമാകുന്നു. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് തൃശ്ശൂര്‍. നേരത്തെ യുഡിഎഫിന് അനുകൂലമായി ആര്‍എസ്എസ് വോട്ട് ചെയ്തിരുന്നതാണ് രീതി. എസ്ഡിപിഐയെ വിജയിപ്പിക്കാന്‍ വേണ്ടി യുഡിഎഫ് വോട്ട് എസ്ഡിപിഐക്ക് നല്‍കി. ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ജന്മിത്തം അവസാനിപ്പിച്ചതിന്റെ തുടര്‍ച്ചയായി ഒരു ഇടത്തരം വിഭാഗം രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗീയതയുടെ വികസനം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ പ്രധാനപ്പെട്ട പ്രശ്‌നമായി ഉയരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയതയും വലതുപക്ഷ ശക്തികളും തമ്മിലുളള ബന്ധത്തിന് പുതിയ മാനം വരുന്നു.
ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ലീഗ് മത രാഷ്ട്ര വാദികളുമായി സഖ്യം ചേരുന്നു. അതിൻറെ ഗുണഭോക്താവ് കോൺഗ്രസ്സാണ്. എന്താണ് അങ്ങനെ സഖ്യം ചേർന്നാൽ എന്ന ചോദ്യം ചോദിക്കുന്നതിലേക്ക് വരെയെത്തി. ഇത് കേരളത്തിൻറെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ന്യൂനപക്ഷ വിഭാഗത്തെ വർഗീയ രാഷ്ട്രീയത്തിലേക്ക് നയിക്കാനുള്ള വഴി തുറക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് ഇത്. ഇത്തരം സംഘടനകൾ നേരത്തെ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. എന്നാൽ ഇന്നവർ യുഡിഎഫ് സ്ഥാനാർഥികളെ പിന്തുണക്കുന്നു. മുസ്ലിം ലീഗിന്റെ അണികളെ മതരാഷ്ട്ര വാദികളിലേക്ക് എത്തിക്കുമ്പോൾ ലീഗിന്റെ അടിത്തറയാണ് തകരുകയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here