
നിയമസഭാ തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി തങ്ങളുടെ വോട്ടുകൾ യുഡിഎഫിന് നൽകിയാതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . ബിജെപി വിജയിക്കാൻ തിരിച്ചും യുഡിഎഫ് സഹായിച്ചു എന്നും മാധ്യമങ്ങളോട് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞതിനാലാണ് താൻ പിണറായി വിജയനെ വിമർശിച്ചത് എന്ന് രാഹുൽ ഗാന്ധി തന്നെ ഇന്ത്യ മുന്നണി യോഗത്തിൽ പറഞ്ഞു.രേവന്ത് റെഡ്ഢിയുടെ ഹിറ്റ്ലർ അനുകൂല നിലപാടും, വിഡി സതീശന്റെ മംഗലാപുരം യാത്രയും അദ്ദേഹം ആധികാരം ഏറ്റതിന് പിന്നാലെ ഉണ്ടായ വന്ദേമാതര വിവാദവും, പിഎം ശ്രീ പദ്ധതിയിലെ ദുരൂഹതയും , എംജി കോളേജിലെ കാവിവൽക്കരണവുമെല്ലാം ബിജെപി കോൺഗ്രസ് ഡീൽ വ്യക്തമാക്കുന്നതാണ്.
നേരത്തെ, തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു എന്നും അദ്ദേഹം മാധ്യമങ്ങളേ അറിയിച്ചു. കേരളത്തിലെ എല്ലാ ഘടകങ്ങളിലും ചർച്ച നടത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും, ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ വിപുലമായ സംസ്ഥാന കമ്മിറ്റി ഉടൻ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും, അത് മുൻകൂട്ടി തിരിച്ചറിയാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. വലതുപക്ഷ സ്വാധീനം ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നതിനാൽ കേരളത്തിലും അതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പൊതുവെ ജനസ്വീകാര്യത ലഭിച്ചെങ്കിലും പരമ്പരാഗത തൊഴിലാളി മേഖലകളിൽ ആവശ്യമായ ശ്രദ്ധ നൽകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐആർ ന്യൂനപക്ഷങ്ങൾക്കുണ്ടാക്കിയ ആശങ്ക ലീഗ്-ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് കൂട്ടുകെട്ട് നല്ലപോലെ ഉപയോഗിച്ചു. സ്വത്വ രാഷ്ട്രീയ ചിന്തകൾ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് കുറയാൻ കാരണമായി. കൂടാതെ മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവിന് മുസ്ലിം ലീഗ് ശ്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകിയെന്നും, അതിന്റെ യാഥാർത്ഥ്യം ഇപ്പോൾ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

