
മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനും നെതന്യാഹു ഇസ്രായേലിനെ ജൂത രാഷ്ട്രമാക്കാനും ശ്രമിക്കുന്നതായി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. രാജ്യത്ത് അപരവൽക്കരണം നടക്കുന്നതായും എം എ ബേബി പറഞ്ഞു. ലോകത്ത് ഇസ്ലാമോഫോബിയയുടെ ഭാഗമായി അപരവൽക്കരണം നടക്കുന്നുണ്ട്. ഇതിനു പിന്നിൽ ഒരു പ്രത്യയശാസ്ത്രം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സിയ ഉസ് സലാം രചിച്ച ബീയിങ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ എ ക്രിട്ടിക്കൽ വ്യുവിന്റെ മലയാള പരിഭാഷയായ ഹിന്ദുത്വ ഇന്ത്യയിലെ മുസ്ലിം എന്ന പുസ്‌തകം കൊച്ചിയിൽ പ്രകാശിപ്പിക്കുകയിരുന്നു അദ്ദേഹം.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മോദിയുടെ ഉറ്റ സുഹൃത്താണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ മോദി ശ്രമിക്കുമ്പോൾ ഇസ്രായേലിനെ ജൂത രാഷ്ട്രമാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും എംഎ ബേബി ആരോപിച്ചു.
നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു എന്നീ രണ്ട് ക്രച്ചസിലാണ് മോദി മുന്നാട്ടു പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഹിന്ദുത്വ രാഷ്ട്രം ലക്ഷ്യമാക്കിയുള്ള മോദിയുടെ കുതിപ്പിനെ തടയാൻ ഇന്ത്യയിലെ ജനാധിപത്യ മതേതര ശക്തികൾക്ക് കഴിയും എന്നതിന്‍റെ തെളിവാണ് 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്കാരിക ദേശീയത എന്ന വ്യാജ പദ്ധതിയുമായാണ് ആർ എസ് എസ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. അതിനാൽ ഇന്ത്യയെ വിഷവിമുക്തമാക്കാനുള്ള പ്രവർത്തനം നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം വിസ്തൃതമായ സാംസ്ക്കാരിക ഇടപെടലും അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.
ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനായിരുന്ന ചടങ്ങില്‍ പ്രൊഫ. എം കെ സാനു, സിപി ഐം ജില്ലാസെക്രട്ടറി എസ് സതീഷ് , ദി വയർ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ, കവിയും എഴുത്തുകാരനുമായ പി എൻ ഗോപീകൃഷ്‌ണൻ എന്നിവരും പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

