വിദ്യാര്‍ഥി പോരാട്ടങ്ങളിലൂടെ തുടക്കം, അരനൂറ്റാണ്ടിന്‍റെ വിപ്ലവവീര്യം; കരുത്തോടെ നയിക്കാൻ എംഎ ബേബി

MA BABY

എം എ ബേബി

എ‍ഴുപതുകളില്‍ കേരളത്തിലെ ക്യാമ്പസുകള്‍ ഉറക്കെ വിളിച്ച മുദ്രാവാക്യം, നാലരപ്പതിറ്റാണ്ടിനു ശേഷം വീണ്ടും മധുരയുടെ മണ്ണില്‍ നിന്നും മു‍ഴങ്ങുകയാണ്- ‘എംഎ ബേബി നമ്മെ നയിക്കും’.

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനത്തിലെ അരനൂറ്റാണ്ടിൽ അധികകാലത്തെ അനുഭവക്കരുത്തുമായാണ് എംഎ ബേബി സിപിഐഎമ്മിന്‍റെ ജനറല്‍ സെക്രട്ടറിയാവുന്നത്. അടിയന്തരാവസ്ഥക്കാലത്തെ വിദ്യാര്‍ത്ഥി പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന ബേബി സ്വാതന്ത്ര്യാനന്തരതലമുറ കണ്ട രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ്. രാഷ്ട്രീയത്തിനു പുറമെ സാംസ്കാരിക ചിന്തകനായും സൈദ്ധാന്തികനായും ദാര്‍ശനികനായും ഭരണാധികാരിയായും തിളങ്ങിയ ശേഷമാണ് എംഎ ബേബി, ഇഎംഎസിനു പിൻഗാമിയായി കേരള പാർട്ടിയിൽ നിന്നും ഇന്ത്യന്‍ പാര്‍ട്ടിയുടെ പരമോന്നത പദവിയിലെത്തുന്നത്.

1972 ലെ ഒമ്പതാം മധുര കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊല്ലം സംസ്ഥാന സമ്മേളന കാലത്താണ് പിഎം അലക്സാണ്ടര്‍ മാഷിന്‍റെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവന്‍ ബേബി പാര്‍ട്ടി അംഗത്വത്തിലെത്തിയത്. മധുരയില്‍ നിന്ന് തുടങ്ങി മധുരയിലെത്തി നില്‍ക്കുന്ന മറ്റൊരു മധുരമനോഹര സമ്മേളനത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്നു കയറിയിരിക്കുന്നു അദ്ദേഹം.

ALSO READ; മധുരയിൽ ഇന്ന് ചെങ്കൊടിയിറക്കം: മഹാറാലിയോടെ സമാപനം; പൊതുസമ്മേളനം എൻ ശങ്കരയ്യ നഗറിൽ

അറസ്റ്റും മര്‍ദ്ദനവും ജയിലറകളും നിറഞ്ഞ അടിയന്തരാവസ്ഥയുടെ തീച്ചൂള കടന്നെത്തിയ വിപ്ലവ വിദ്യാര്‍ത്ഥിസമൂഹത്തിന്‍റെ ആകെയും പ്രതീകമാണ് എംഎ ബേബി. പ്രാക്കുളം എന്‍എസ്എസ് കോളേജിലെ കെഎസ്എഫിന്‍റെ യൂനിറ്റ് സെക്രട്ടറി. 1975ല്‍ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു സെക്രട്ടറി. 1979ല്‍ പാറ്റ്നയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രകാശ് കാരാട്ടിന്‍റെ പിന്‍ഗാമിയായി എസ്എഫ്ഐയുടെ അഖിലേന്ത്യ പ്രസിഡണ്ടായപ്പോള്‍ സീതാറാം യെച്ചൂരിയിരുന്നു ജോയിന്‍റ് സെക്രട്ടറി.

ഇഎംഎസ്, ബിടി രണദിവെ, ബസവപുന്നയ്യ, ഹർകിഷൻസിങ്‌ സുർജിത്‌, തുടങ്ങിയ മഹാമനുഷ്യരുടെ തണലിലായിരുന്നു എംഎ ബേബിയുടെയും വിദ്യാര്‍ത്ഥിരാഷ്ട്രീയ ജീവിതം ചുവടുവെച്ചത്. ദില്ലിയിലെ ജൻപത്റോഡിലെ ഒരു കൊച്ചു മുറിയിലായിരുന്നു അക്കാലത്ത് എസ്എഫ്ഐ ഓഫീസ്. ശൈത്യകാലത്ത് മേശ കട്ടിലാക്കി ജനല്‍കര്‍ട്ടനുകളൂരി പുതച്ചുറങ്ങിയ കാലത്തിന് അല്‍പ്പംകൂടി വിസ്താരം വന്നത് വിതൽഭായ്പട്ടേൽ ഹൗസിലേക്ക് ഓഫീസ് മാറ്റപ്പെട്ടതോടെയാണ്.

1982ൽ സഖാവ് ബെറ്റി ലൂയിസ് ബേബിയുടെ ജീവിതപങ്കാളിയായി. 1986ല്‍ രാജ്യസഭാംഗമാകുമ്പോള്‍ പാര്‍ലമെന്‍റിലെയും ബേബിയായിരുന്നു എംഎ ബേബി. 1992ലും രാജ്യസഭാംഗമായി തുടര്‍ന്നു. 1984ല്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ അംഗമായ ബേബി 1987ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്‍റായി. 1989ല്‍ കേന്ദ്ര കമ്മിറ്റി അംഗം. 92ല്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അഗം, 97ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, 2002ല്‍ ആലപ്പു‍ഴ ജില്ലാ സെക്രട്ടറി, 2012 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗം. 2006ല്‍ കുണ്ടറയില്‍ നിന്ന് ജയിച്ച് ബേബി വിഎസ് മന്ത്രിസഭാംഗമായി. ജോസഫ് മുണ്ടശേരിക്കു ശേഷം കേരളം കണ്ട മികച്ച വിദ്യാഭ്യാസമന്ത്രിയായി പേരെടുത്തു.

ALSO READ; സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ കണ്ട് പ്രകാശ് രാജും മാരി സെൽവരാജും ടി ജെ ജ്ഞാനവേലും

രാജ്യാന്തര കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പമുള്ള ബേബി ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളുടെ നേതാവാണ്. ഫിദല്‍ കാസട്രോയുമായും ചെഗുവരെയുടെ കുടുംബാംഗങ്ങളുമായും ബേബിക്ക് സൗഹൃദമുണ്ടായിരുന്നു. പാണ്ഡിത്യം കൊണ്ടും,  പരന്ന വായനകൊണ്ടും സഹൃദയത്വം കൊണ്ടും കലാഭിരുചികൊണ്ടും കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ വേറിട്ടു നില്‍ക്കുന്ന ബേബിക്ക് കര്‍ണാടിക്ക് ഹിന്ദുസ്ഥാനി സംഗീത ശാഖകളില്‍ അഗാധമായ അവഗാഹമുണ്ട്. കലയിലും സാഹിത്യത്തിലുമുള്ള താല്പര്യം രാഷ്ട്രീയ പ്രവര്‍ത്തനത്തെ കൂടുതല്‍ സംസ്‌കാരഭദ്രമാക്കുമെന്ന് കരുതുന്ന ബേബി ചിലപ്പതികാരത്തിന്‍റെയും കണ്ണകിയുടെയും സുബ്രഹ്മണ്യ ഭാരതിയുടെയും മധുരയില്‍ നിന്ന് പാര്‍ട്ടിയുടെ മുന്നണിപ്പടനായകനാകുമ്പോള്‍ മു‍ഴങ്ങുന്നത് സംസ്കാരത്തിന്‍റെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്‍റെ സംസ്കാരവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here