ജൻ ആക്രോശ്‌ റാലി 24ന്‌ ഡൽഹിയിൽ; റാലി ചരിത്രപ്രധാനമായ ജനമുന്നേറ്റമായി മാറും എം.എ. ബേബി

ma baby

കേന്ദ്രസർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 24-ന് ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന ‘ജൻ ആക്രോശ്’ റാലി ചരിത്രപ്രധാനമായ ജനമുന്നേറ്റമായി മാറുമെന്ന് സി.പി.ഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. കശ്മീരും ഹിമാചൽ പ്രദേശും ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിനോടകം പര്യടനം പൂർത്തിയാക്കിയ ജൻ ആക്രോശ് യാത്രയുടെ ആവേശകരമായ സമാപനമായാണ് ഈ റാലി സംഘടിപ്പിക്കുന്നത്.

യാത്രയുടെ ഭാഗമായി ഗ്രാമങ്ങളിൽ ആയിരത്തിലധികം പൊതുസമ്മേളനങ്ങൾ നടന്നതായും പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ജാഥകൾക്ക് നേതൃത്വം നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനമായ മാർച്ച് 23-ന് സമാപനം കുറിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് റാലി 24-ലേക്ക് മാറ്റുകയായിരുന്നു. ഏകദേശം 50,000-ത്തോളം ആളുകൾ രാംലീല മൈതാനിയിൽ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ : വിമാനയാത്ര ഇനി കീശ ചോർത്തും; ടിക്കറ്റ് നിരക്ക് നിയന്ത്രണം കേന്ദ്രം പിൻവലിച്ചു

തൊഴിലാളികളെ അടിമകളാക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ ലക്ഷ്യമിടുന്ന വിബി ജി റാം ജി നിയമം റദ്ദാക്കുക തുടങ്ങിയ നിർണായക ആവശ്യങ്ങളാണ് റാലിയിൽ ഉയർത്തുന്നതെന്ന് എം.എ. ബേബി പറഞ്ഞു. മഹാത്മാഗാന്ധിയെ കൊന്ന വർഗീയ ശക്തികൾ ഇപ്പോൾ അദ്ദേഹത്തിന്റെ പേരും പദ്ധതികളും ഇല്ലാതാക്കാൻ ഗൂഢശ്രമം നടത്തുകയാണെന്നും, സംസ്ഥാനങ്ങൾക്ക് മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വൈദ്യുതി ഭേദഗതി ബിൽ, വിത്ത് ബിൽ ഭേദഗതി, ഇന്ത്യ-അമേരിക്ക വ്യാപാര കരാർ എന്നിവയിൽ നിന്ന് കേന്ദ്രം അടിയന്തരമായി പിന്മാറണമെന്ന ആവശ്യവും റാലിയിൽ ഉന്നയിക്കും. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള അതിശക്തമായ താക്കീതായി ഈ ജനമുന്നേറ്റം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News