‘പത്മ പുരസ്‌കാരങ്ങള്‍ കാണിച്ച് വരുതിയിലാക്കുന്നത് ബിജെപിയുടെ സ്ഥിരം ശൈലി’; കേരളം അതിന് തിരിച്ചടി നല്‍കുമെന്ന് എംഎ ബേബി : അഭിമുഖം

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ടുള്ള പത്‌മഭൂഷന്‍ വേണ്ടെന്ന് സ്വാധീനിക്കാന്‍ ശ്രമിച്ചയാളോട് മകന്‍ വ‍ഴി കലാമണ്ഡലം ഗോപി ആശാന്‍ മറുപടി നല്‍കിയത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്നും അതിനായി വീട്ടില്‍ വരുമെന്നും ഒരു ഡോക്‌ടര്‍ വിളിച്ചെന്നും അതിന് ക‍ഴിയില്ലെന്ന് താന്‍ അറിയിച്ചതായാണ് ഗോപി ആശാന്‍റെ മകന്‍ രഘു ഗുരുകൃപ വെളിപ്പെടുത്തിയത്. ക‍ഴിയില്ല എന്ന മറുപടിക്ക് പത്‌മഭൂഷന്‍ വേണ്ടേയെന്ന ചോദ്യത്തോട് ഗോപി ആശാന്‍ പ്രതികരിച്ചതാണ് മകന്‍ എഫ്‌ബി പോസ്റ്റിലൂടെ വ്യക്തമാക്കിയതും തുടര്‍ന്ന് രാഷ്‌ട്രീയ കേരളം അത് സജീവ ചര്‍ച്ചയാക്കിയതും. ഈ സാഹചര്യത്തില്‍ സിപിഐഎം പിബി അംഗം എംഎ ബേബി കൈരളി ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

പത്‌മഭൂഷന്‍ കാണിച്ച് രാഷ്‌ട്രീയമായി സ്വാധീനിക്കാനുള്ള ശ്രമത്തെ കലാമണ്ഡലം ഗോപി ആശാന്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഈ നീക്കത്തെ എങ്ങനെ കാണുന്നു ?

: ബിജെപി അഖിലേന്ത്യ തലത്തില്‍ ചെയ്യുന്ന രീതിയാണിത്. ബിജെപിക്കും നരേന്ദ്ര മോദിക്കും അനുകൂലമായ പ്രതികരണം നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണ് ആ രീതി. ഗോപി ആശാന്‍റെ കാര്യത്തില്‍ സംഭവിച്ചത് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടര്‍ വ‍ഴി ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതാണ്. അതേക്കുറിച്ചാണ് മകന്‍ രഘുവിന്‍റെ വെളിപ്പെടുത്തല്‍. ഗോപി ആശാനുമായി സംസാരിച്ച ശേഷം മകന്‍ തന്നെയാണ് നിലപാട് വിളിച്ച ഡോക്‌ടറെ അറിയിച്ചത്. രാഷ്‌ട്രീയ ആവശ്യത്തിന് ഇപ്പോള്‍ വരുന്നത് നല്ലതല്ലെന്ന് കൃത്യമായി അറിയിക്കുകയും ചെയ്‌തു. സിപിഐഎമ്മിനോടും ഇടതുമുന്നണിയോടും നല്ല ബന്ധം പുലര്‍ത്തുന്ന ആളാണ് ഗോപി ആശാന്‍. എന്നാല്‍ രാഷ്‌ട്രീയമായി ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ആശാന്‍ കലാമണ്ഡലം രാമന്‍കുട്ടി ആശാന്‍ സിപിഐഎമ്മിന്‍റെ പരിപാടികളില്‍ സ്വന്തം ആഗ്രഹത്താല്‍ പങ്കെടുത്തിട്ടുണ്ട്.

സുരേഷ് ഗോപിക്കായി രംഗത്തിറക്കി ദുരുപയോഗപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ തനിക്ക് വേണ്ടി ഗോപി ആശാനോട് സംസാരിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പിന്നീട് പറഞ്ഞു. സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത് സംബന്ധിച്ച് നിലവില്‍ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അത് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. പത്‌മശ്രീയും പത്‌മഭൂഷനും പത്‌മവിഭൂഷനും തരാമെന്ന് പറഞ്ഞ് പലരേയും കൂടെ നിര്‍ത്താനുള്ള ശ്രമം ബിജെപി നടത്തുന്നത് പരസ്യമായ രഹസ്യമാണ്. ഭാരത രത്നം വിതരണം ചെയ്‌തത് അതിനുള്ള തെളിവാണ്.

രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ ഭാരരത രത്നം ബാബറി മസ്‌ജിദ് പൊളിച്ച എല്‍കെ അധ്വാനിക്കും പൊളിക്കാന്‍ കൂട്ടുനിന്ന നരസിംഹ റാവുവിനും കൊടുത്തതും നമ്മള്‍ കണ്ടല്ലോ. കലാമണ്ഡലം ഗോപി ആശാന്‍ കലാലോകത്തിന്‍റ അഭിമാനമാണ്. അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചില്ലെന്നാണ് സുരേഷ് ഗോപി പറയുന്നതെങ്കിലും ഈ വിവാദത്തിലേക്ക് ഗോപി ആശാനെ ബിജെപി തള്ളിയിടരുതായിരുന്നു.

വ്യവസായികളേയും തങ്ങള്‍ക്ക് വ‍ഴങ്ങാത്തവരേയും ഇഡിയേയും ഇന്‍കം ടാക്‌സിനേയും വിട്ട് വിരട്ടുന്നത് നമ്മള്‍ കണ്ടു. അര്‍ഹതപ്പെട്ട അംഗീകാരം നല്‍കില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ കലാകാരന്മാരെ വിരട്ടുന്നു ?

 : ആധുനിക ജനാധിപത്യത്തിന് നിരക്കാത്ത പ്രവര്‍ത്തിയാണ് ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. മുന്‍പ് പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. എംഎസ് സ്വാമിനാഥനെ പോലുള്ളവര്‍ക്ക് ഭാരത രത്‌നം നല്‍കിയത് അദ്ദേഹം അര്‍ഹിച്ച അംഗീകാരം എന്ന നിലയില്‍ കാണാം. എന്നാല്‍, അനര്‍ഹര്‍ക്ക് നല്‍കുന്ന അംഗീകാരത്തെ ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ഒപ്പം നല്‍കുന്നത്. നിയമവ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ട് സംസ്‌കാരശൂന്യമായ കാര്യങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

‘ഉത്തരേന്ത്യന്‍ ശൈലി’യാണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഈ നീക്കത്തെ എങ്ങനെ കാണുന്നു ?

 : രാഷ്‌ട്രീയ പ്രബുദ്ധതയുള്ള ജനതയാണ് ഉത്തരേന്ത്യക്കാര്‍. അടിയന്തരാവസ്ഥയെ അറബിക്കടലില്‍ എറിയുന്നതില്‍ മുഖ്യകാരണക്കാരായവരാണ് അക്ഷരാഭ്യാസമില്ലെന്ന് നമ്മള്‍ പറയുന്ന ഉത്തരേന്ത്യന്‍ ജനത. എന്നാല്‍ അവര്‍ക്ക് രാഷ്‌ട്രീയമായി അക്ഷരാഭ്യാസമുണ്ട്. അങ്ങനെയുള്ള ജനത ബിജെപിയുടെ പിത്തലാട്ടത്തിന് മറുപടി നല്‍കുമെന്ന് ഉറപ്പാണ്. ‘ആയാറാം ഗയാറാം’ എന്ന രൂപത്തില്‍ പണം കൊടുത്ത് ആളുകളെ വരുതിയിലാക്കുന്നതും കൂടുതല്‍ നടക്കുന്നത് ഉത്തരേന്ത്യയിലാണെന്നത് വസ്‌തുതയാണ്.

ALSO READ | ‘സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് കിട്ടുന്ന പത്മഭൂഷണ്‍ വേണ്ട’, കലാമണ്ഡലം ഗോപിയാശാന് കയ്യടിച്ച് സോഷ്യൽ മീഡിയ

നിയമസഭയില്‍ ഭൂരിപക്ഷമുള്ള സ്ഥാനാര്‍ത്ഥികളെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാന്‍ ഹിമാചലിലെ കോണ്‍ഗ്രസിന് ക‍ഴിഞ്ഞില്ല. ഇത്തരത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വരുതിയിലാക്കുന്ന സമീപനമാണ് ബിജെപി നടത്തുന്നത്. ഇലക്‌ടറല്‍ ബോണ്ടില്‍ നിന്നടക്കം ലഭിച്ച പണമാണ് കുതിരക്കച്ചവടത്തിനായി ചെലവാക്കുന്നത്. ഈ രീതി ദക്ഷിണേന്ത്യയില്‍ നടത്താനാണ് ബിജെപി ശ്രമം. ആ രീതിക്ക് കേരളം തിരിച്ചടി നല്‍കുമെന്ന് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News