കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയെപ്പറ്റി പരിശോധന നടത്തും എന്ന് എംഎ ബേബി

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയെപ്പറ്റി പരിശോധന നടത്തും എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. കേരളത്തിൽ എൽഡിഎഫിന് വലിയ തിരിച്ചടി നേരിട്ടത് ചർച്ച ചെയ്തുവെന്നും സംസ്ഥാനത്ത് ബിജെപിക്ക് മൂന്ന് സീറ്റ് ലഭിച്ചതും ചർച്ച ആയി എന്നും അദ്ദേഹം പോളിറ്റ് ബ്യൂറോയ്ക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതനിരപേക്ഷതക്ക് പേര് കേട്ട കേരളത്തിൽ ആണ് ബിജെപിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചത് ഗൗരവമുള്ള കാര്യമാണ്. എന്നാൽ ഈ മൂന്നിടത്തും രണ്ടാം സ്ഥാനത്തെത്തിയ ഇടത്പക്ഷം ശക്തമായ മത്സരം ആണ് നടത്തിയത്. കേരളത്തിൽ ബിജെപിക്ക് വളരാൻ സഹായം നൽകിയത് കോൺഗ്രസ് അണ് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയൻ ഒറ്റക്ക് ഏറ്റെടുക്കേണ്ട കാര്യം ഇല്ല. പാർട്ടി ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.പരാജയത്തെപ്പറ്റി തിടുക്കപ്പെട്ട് ഒരു നിഗമനത്തിലേക്ക് എത്താൻ കഴിയില്ല എന്നും വിഷയത്തിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും പരിശോധന നടത്തും എന്നും അനുഭാവികൾക്ക് പറയാൻ ഉള്ളതും കേൾക്കും എന്നും എം എ ബേബി പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് ഇപ്പൊൾ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അല്ല മറിച്ച് അൺയുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ആണ്. തെരഞ്ഞെടുപ്പ് വരെ മാത്രേ ഐക്യം ഉണ്ടായിരുന്നുള്ളൂ എന്നും കോൺഗ്രസ് പ്രവർത്തകർ തന്നെ നേതാക്കളുടെ ഫ്ലക്സ് ബോർഡുകൾ കീറുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇപ്പൊൾ കേരളത്തിലെ ആളുകൾ വിനോദ ചാനലുകൾ അല്ല ..വിനോദത്തിന് വേണ്ടി ന്യൂസ് ചാനലുകൾ ആണ് കാണുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിൽ കേന്ദ്രം നടത്തിയത് സ്പെഷ്യൽ ഇൻ്റൻസീവ് റിമൂവൽ ആണ് എന്ന് പറഞ്ഞ എം എ ബേബി രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നും കൂട്ടിച്ചേർത്തു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെടാൻ കാരണം ഭരണവിരുദ്ധ വികാരമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകളിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് നാല് ദിവസം കഴിഞ്ഞപ്പോൾ വിജ്ഞാപനം ഇറക്കി. ഇതേ ലേബർ കോഡുകളുടെ ഫലം ആണ് നോയിഡയിൽ നടന്ന സമരം. രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് തൊഴിലാളികൾ ആണ് അവരുടെ അവകാശങ്ങൾക്ക് വേണ്ടി സമര മുഖത്ത് ഇറങ്ങിയത്.

Also Read: മുഖ്യമന്ത്രി ചർച്ച; കോണ്‍ഗ്രസ് നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് എഐസിസി നേതൃത്വം

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സാഹചര്യത്തിൽ കർശന നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചതിനെ പറ്റിയും എംഎ ബേബി സംസാരിച്ചു. ഇപ്പൊൾ മോദി പറഞ്ഞ നിയന്ത്രണങ്ങൾ 2021ൽ ശ്രീലങ്കയിൽ നടപ്പാക്കാൻ ശ്രമിച്ചതിന് സമാനമാണെന്ന് പറഞ്ഞ അദ്ദേഹം വിദേശ യാത്രകൾ ഒഴിവാക്കണമെന്ന മോദിയുടെ അഭ്യർഥനയെ പരിഹസിച്ചു. വിദേശ യാത്രകൾ ഒഴിവാക്കാനുള്ള പ്രഖ്യാപനം മോദി സ്വയം നടപ്പാക്കുമോ എന്ന് അദ്ദേഹം ആരാഞ്ഞു. ആവശ്യത്തിന് കരുതൽ ശേഖരം ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടതാണ് പാചകവാത പ്രതിസന്ധിക്ക് കാരണമെന്നു എംഎ ബേബി പറഞ്ഞു.

വനിത സംവരണത്തിൻ്റെ പേരിൽ മണ്ഡല പുനർനിർണയം നടപ്പാക്കാൻ ആണ് കേന്ദ്രം ശ്രമിച്ചത് എന്ന് ആരോപിച്ച എംഎ ബേബി ഇത് നടപ്പിലായാൽ ദക്ഷിണേന്ത്യയുടെ പ്രാധാന്യം കുറയുകയും ആർഎസ്എസ് ശക്തിമേഖലകളായുള്ള സംസ്ഥാനങ്ങളിൽ സീറ്റുകൾ വർധിക്കും എന്നും കൂട്ടിച്ചേർത്തു. ഇതിലൂടെ ബിജെപിയുടെ ലക്ഷ്യമായ ഹിന്ദു രാഷ്ട്രം, അഖണ്ഡ ഭാരത പദ്ധതി നടപ്പാക്കാനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.ഇറാന് മേലുള്ള ഏകപക്ഷീയമായ ആക്രമണത്തെ അപലപിക്കുവാനോ ക്യൂബയെ പിടിച്ചെടുക്കുമെന്നുള്ള ട്രംപിൻ്റെ പ്രഖ്യാപനത്തെ അപലപിക്കുവാനോ കേന്ദ്ര സർക്കാർ തയ്യാറായില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

to be updated...
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News