
ഭരണഘടനാ ഭേദഗതി ബില്ലിന്റെ പരാജയത്തിന് പിന്നാലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം വെറും മുഖം രക്ഷിക്കൽ തന്ത്രമാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ലോക്‌സഭയിലേറ്റ കനത്ത തിരിച്ചടി മറികടക്കാൻ പ്രധാനമന്ത്രി വെറുതെ വാചക കസർത്ത് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്‌സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായാണ് സിപിഐ(എം) നേതാവ് എം.എ. ബേബി രംഗത്തു വന്നത്. പ്രതിപക്ഷ ഐക്യത്തിന് മുന്നിൽ ഏറ്റുവാങ്ങിയ കനത്ത തിരിച്ചടിയിൽ നിന്നുള്ള നാണക്കേട് മറച്ചുവെക്കാനുള്ള വെറും വാചക കസർത്ത് മാത്രമാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്ന് അദ്ദേഹം പരിഹസിച്ചു.
സ്ത്രീ സംവരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് എം.എ. ബേബി തുറന്നുകാട്ടി. പാർലമെന്റിലും നിയമസഭകളിലും വനിതാ സംവരണം ഉടനടി നടപ്പിലാക്കാൻ സാധിക്കുന്നതാണ്. മണ്ഡല പുനർനിർണ്ണയവുമായോ സെൻസസുമായോ ഇതിനെ ബന്ധിപ്പിക്കേണ്ട യാതൊരു ആവശ്യവുമില്ല. എന്നാൽ 2023ലും ഇപ്പോഴും ഇതിന് ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാൻ സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ വെറും രാഷ്ട്രീയ കരുക്കളായി ഉപയോഗിച്ച് നിഗൂഢമായ അജണ്ടകൾ നടപ്പിലാക്കാനാണ് ബിജെപിയും പ്രധാനമന്ത്രിയും ശ്രമിക്കുന്നത്. ഈ രാഷ്ട്രീയ തന്ത്രം ഒളിപ്പിച്ചു വെക്കാൻ എത്രയൊക്കെ നാടകീയതകൾ കാണിച്ചാലും ജനങ്ങൾ അത് തിരിച്ചറിയും. പ്രധാനമന്ത്രിയുടെ മുഖംമൂടി ഇപ്പോൾ പൂർണ്ണമായും അഴിഞ്ഞു വീണിരിക്കുകയാണെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

