
വിവാഹപ്പന്തൽ കൂട്ടത്തല്ലിന് വേദിയായ വാർത്തയാണ് അങ്ങ് മധ്യപ്രദേശ് ചിന്ദ്വാരയിൽ നിന്ന് വരുന്നത്. ചിന്ദ്വാരയിലെ ഒരു ഗ്രാമത്തിൽ നടന്ന വിവാഹത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. വധു വരന് പകരം കാമുകനെ മാല അണിയിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.
വിവാഹ ചടങ്ങിന് തൊട്ടുമുമ്പാണ് വധു വേദിയിൽ നിന്ന് ഇറങ്ങി ഓടിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏപ്രിൽ 22ന് രാത്രിയിലായിരുന്നു സംഭവം. വിവാഹത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വധു പന്തലിൽ നിന്ന് ഇറങ്ങിയോടിയത്.
ALSO READ: രേഖപ്പെടുത്തിയത് ‘ഇല്ലാത്ത വകുപ്പ്’; മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ ഭാര്യയ്ക്ക് ജാമ്യം
വിവരമനുസരിച്ച്, ആഘോഷങ്ങൾ പുരോഗമിക്കവെ മാല ചാർത്തൽ ചടങ്ങിനായി ദമ്പതികളെ വേദിയിലേക്ക് കൊണ്ടുവന്നു. തൊട്ടുപിന്നാലെ വധു വേദിക്ക് പുറത്ത് നിൽക്കുകയായിരുന്ന കാമുകന് മാല ചാർത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു. പിന്നാലെ ഇരുവിഭാഗത്തിലെയും അംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുകയും ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു.
വധുവിന്റെ കുടുംബാംഗങ്ങൾ തന്നെ യുവാവിനെ ആക്രമിക്കുകയും വേദിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ബഹളത്തിനിടയിൽ, വിവാഹവുമായി മുന്നോട്ട് പോകാൻ വിസമ്മതിച്ച വരൻ ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങിപ്പോയി. പെൺകുട്ടിയുടെ ഇഷ്ടത്തോടെയല്ല വിവാഹം തീരുമാനിച്ചതെന്നാണ് വിവരം. പെൺകുട്ടിയും ആൺകുട്ടിയും പ്രായപൂർത്തിയായവരാണെന്നും വരന്റെ ആളുകൾ പരാതി നൽകിയില്ലെന്നും ഉമ്രേത്ത് പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് വിജയ് താക്കൂർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

