
മധ്യപ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം രണ്ടു വയസുള്ള മകനെ വനത്തില്‍ ഉപേക്ഷിച്ച് യുവാവ്. റെയിസണ്‍- വിദിഷ ജില്ലകളില്‍പ്പെട്ട വനത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ബെഗുംഗഞ്ച് സ്വദേശി രാജേന്ദ്ര അഹിര്‍വാര്‍ ആണ് ഭാര്യ ജ്യോതിയെ കൊലപ്പെടുത്തിയത്.
ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇയാള്‍ വനത്തില്‍ വെച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഭാര്യയുടെ മൃതദേഹവും രണ്ടു വയസുള്ള ആണ്‍കുഞ്ഞിനെയും കാട്ടില്‍ ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞു. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. ഒടുവില്‍ 10 മണിക്കൂറിനൊടുവില്‍ കുഞ്ഞിനെ ജീവനോടെ കണ്ടെത്തുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന വ്യാജേനെയാണ് ഇയാള്‍ ഭാര്യയും കുഞ്ഞുമായി പുറത്തുപോയത്. എന്നാല്‍, മൊബൈല്‍ കടയിലേക്ക് പോകുന്നതിനു പകരം ഇയാള്‍ ഭാര്യയുമായി വനമേഖലയിലേക്ക് പോയി കൃത്യം നടത്തുകയായിരുന്നു. കല്ലുകൊണ്ടുള്ള തുടര്‍ച്ചയായ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി ഉടന്‍ മരിച്ചു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുടുംബം വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് രാജേന്ദ്രയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൂടാതെ മകനെ വനത്തില്‍ ഉപേക്ഷിച്ച വിവരവും വെളിപ്പെടുത്തി. 12 പൊലീസ് സ്റ്റേഷനുകളില്‍നിന്നുള്ള വന്‍ പൊലീസ് സംഘമാണ് വനത്തില്‍ കുട്ടിക്കായി തിരച്ചില്‍ നടത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

