
ജോലിയ്ക്കിടെ മേലുദ്യോഗസ്ഥൻ സ്ഥിരമായി പുറകിൽ വന്ന് നിൽക്കുന്നെന്ന പരാതിയെ ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഏത് പ്രവൃത്തിയും ലൈംഗികാതിക്രമമാണ് എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഇത്തരം വിഷയങ്ങളിൽ ആരോപണവിധേയരുടെ ഉദ്ദേശം പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആർ.എൻ. മഞ്ജുളയുടേതാണ് ഉത്തരവ്.
എച്ച്സിഎൽ ടെക്നോളജീസിലെ മൂന്ന് വനിതാ ജീവനക്കാർ നൽകിയ പരാതി ലൈംഗിക പീഡനമല്ലെന്ന ലേബർ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മേലുദ്യോഗസ്ഥനെതിരെ പരാതി അറിയിച്ചതോടെ നേരത്തെ സ്ഥാപനം ഇയാളെ പുറത്താക്കിയിരുന്നു.
ALSO READ: റാഗിങിൻ്റെ പേരിൽ എബിവിപി നേതാക്കളുടെ ക്രൂര മർദ്ദനം, വിദ്യാർഥിയ്ക്ക് ഗുരുതര പരുക്ക്
ജോലി ചെയ്യുന്നതിനിടെ ഇയാൾ തൻ്റെ പദവി ദുരുപയോഗം ചെയ്തു എന്നായിരുന്നു സ്ത്രീകളുടെ പരാതി. ജോലി ചെയ്യുന്നതിനിടെ ഇയാൾ ഓഫീസിലെ സ്ത്രീകളുടെ പുറകിൽ വന്നുനിൽക്കുമായിരുന്നെന്നും കൂടാതെ, സ്ഥിരമായി സ്ത്രീ തൊഴിലാളികളോട് ഹസ്തദാനം ചെയ്യാൻ നിർബന്ധിക്കുകയും അവരുടെ തോളിൽ തൊടുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കമ്പനി ജീവനക്കാർക്ക് നൽകുന്ന ഓവർക്കോട്ടിൻ്റെ അളവു സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ചും ഇയാൾ സ്ത്രീകളായ ജീവനക്കാരെ ബുദ്ധിമുട്ടിച്ചതായി പരാതിയുണ്ട്.
ോഇവരുടെ ഹർജി വിശദമായി പരിശോധിച്ച കോടതി ഏതെങ്കിലും രീതിയിലുള്ള വാക്കോ പെരുമാറ്റമോ അനുചിതമായാണ് സ്ത്രീകൾക്ക് അനുഭവപ്പെടുന്നതെങ്കിൽ അത് ലൈംഗികപീഡനത്തിൻ്റെ പരിധിയിൽ വരുന്നതാണെന്നും സഹപ്രവർത്തകരുമായി ഇടപഴുകുമ്പോൾ കോർപ്പറേറ്റ് ജീവനക്കാർ മാന്യത പുലർത്തണമെന്നും വ്യക്തമാക്കി. തൊഴിലിടത്ത് സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ തടയാനുള്ള (PoSH) നിയമപ്രകാരം ഇത് കുറ്റകരമാണെന്നും കോടതി അറിയിച്ചു. കുറ്റവാളി തൻ്റെ ഉള്ളിൽ എന്ത് ചിന്തിക്കുന്നു എന്നതല്ല ഇവിടെ പരിഗണിക്കുന്നത്. മറിച്ച്, ഇയാളുടെ പ്രവർത്തനം സ്ത്രീകൾക്ക് എങ്ങിനെ അനുഭവപ്പെടുന്നു എന്നതിലാണ് കാര്യം.- കോടതി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

