പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലുണ്ടായത് സാങ്കേതിക പിഴവ്; വിശദീകരണവുമായി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലുണ്ടായത് സാങ്കേതിക പിഴവാണെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വി എസ് ജോയി. മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുമായി ബന്ധപ്പെട്ട ചില തകരാറുകളാണ് പിഴവുണ്ടാകാന്‍ കാരണമെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. തനിക്കെതിരെ ബോധപൂര്‍വ്വം സൃഷ്ടിച്ച വിവാദമാണിതെന്നും അന്വേഷണം വേണമെന്നും ആര്‍ഷോ പ്രതികരിച്ചു

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ മാര്‍ക്ക് ലിസ്റ്റ് തിരുത്തിയെന്ന രീതിയില്‍ വിവാദങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് മഹാരാജാസ് പ്രിന്‍സിപ്പല്‍ വി എസ് ജോയി സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ചത്. മാര്‍ക്ക് ലിസ്റ്റ് തിരുത്തിയതല്ല, പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ സാങ്കേതിക പിഴവാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ചുമതലക്കാരായ എന്‍ഐസിക്കുണ്ടായ പിഴവാണെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

അതേസമയം ബോധപൂര്‍വ്വം സൃഷ്ടിച്ച വിവാദമാണിതെന്ന് ആര്‍ഷോ പ്രതികരിച്ചു. മൂന്നാം സെമസ്റ്റര്‍ പരീക്ഷ താന്‍ എഴുതിയിട്ടില്ല. മാര്‍ക്ക് ലിസ്റ്റും വാങ്ങിയിട്ടില്ല. സാങ്കേതിക പിഴവാണെന്നാണ് മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു.

സത്യാവസ്ഥ ചൂണ്ടിക്കാട്ടി കോളേജ് പ്രിന്‍സിപ്പല്‍ തന്നെ രംഗത്തെത്തിയിട്ടും വലതുപക്ഷ മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്താന്‍ തയ്യാറായിട്ടില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അപലപിച്ചു. വ്യാജവാര്‍ത്തി നല്‍കി എസ്എഫ്‌ഐയെ തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. വസ്തുതാപരമായി പരിശോധിച്ച് സത്യം മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികളും പൊതുസമൂഹവും തയ്യാറാകണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe