
വനിതാ ഗുണഭോക്താക്കൾക്ക് തുടർച്ചയായി പണം നൽകുന്നത് ഉറപ്പാക്കുന്നതിനായി, സാമൂഹിക നീതി വകുപ്പിൽ നിന്ന് 410.30 കോടി രൂപയും ആദിവാസി വികസന വകുപ്പിൽ നിന്ന് 335.70 കോടി രൂപയും ഉൾപ്പെടെ ആകെ 746 കോടി രൂപ വനിതാ-ശിശു വികസന വകുപ്പിലേക്ക് മാറ്റി മഹാരാഷ്ട്ര സർക്കാർ.
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന മഹായുതി സർക്കാർ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതി തുടരാൻ പണമില്ലാത്ത അവസ്ഥയിലാണ് പിന്നാക്ക, ആദിവാസി സമൂഹങ്ങൾക്കുള്ള ക്ഷേമ ഫണ്ടുകൾ വകമാറ്റി ഉപയോഗിച്ചത്. രണ്ട് വകുപ്പുകളും ഈ നീക്കത്തെ പരസ്യമായി എതിർത്തില്ലെങ്കിലും, ഫണ്ട് അനുവദിക്കുന്നതിന് മുമ്പ് ഗുണഭോക്താക്കളുടെ പട്ടിക പങ്കിടാൻ അവർ വനിതാ-ശിശു വികസന വകുപ്പിനോട് ആവശ്യപ്പെട്ടു.
Also Read: ‘കൂട്ട ബലാത്സംഗത്തിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം’: സുപ്രീം കോടതി
കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച “മാഝി ലഡ്കി ബഹിൻ” പദ്ധതി യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ വാഗ്ദാനം ചെയ്തിരുന്നു. പ്രഖ്യാപനം പ്രചാരം നേടിയതോടെ, തംരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ ഗുണഭോക്താക്കൾക്ക് അഞ്ച് മാസത്തെ പേയ്മെന്റുകൾ വിതരണം ചെയ്തു. എന്നിരുന്നാലും, അധികാരത്തിൽ തിരിച്ചെത്തിയാൽ തുക 2,100 രൂപ ആയി വർധിപ്പിക്കുമെന്നും ആവേശത്തിൽ വാഗ്ദാനം ചെയ്തു. എന്നാൽ കടുത്ത സാമ്പത്തിക സാമ്പത്തിക പ്രതിസന്ധിയിൽ തുക വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം മഹായുതി സർക്കാരിന് വൈകിപ്പിക്കേണ്ടി വന്നു. നിലവിലുള്ള 1,500 രൂപ പോലും തുടരാൻ പാടുപെടുന്ന സർക്കാരിന്, പിന്നോക്ക, ആദിവാസി സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച ഫണ്ടുകൾ ഉപയോഗപ്പെടുത്തേണ്ടി വന്നിരിക്കയാണ്.
Also Read: പിൻവലിച്ചിട്ടും രാജ്യത്ത് കിടന്നു കറങ്ങുന്നത് 6266 കോടിയുടെ രണ്ടായിരം രൂപ നോട്ടുകൾ
2025-26 ബജറ്റിൽ, പട്ടികജാതി പദ്ധതികൾക്കായി സംസ്ഥാനം 22,658 കോടി രൂപയും പട്ടികവർഗ പദ്ധതികൾക്കായി 21,495 കോടി രൂപയും നീക്കിവച്ചിരുന്നു. ഇതിൽ, സാമൂഹിക നീതി, പ്രത്യേക സഹായ വകുപ്പിന് പ്രത്യേക ഗ്രാന്റായി 3,960 കോടി രൂപ ലഭിച്ചു, അതിൽ 410.30 കോടി രൂപ വകമാറ്റി. അതുപോലെ, ആദിവാസി വികസന വകുപ്പിന് അനുവദിച്ച 3,420 കോടി രൂപയിൽ നിന്ന് 335.70 കോടി രൂപ “മാഝി ലഡ്കി ബഹിൻ” പദ്ധതിയിലേക്ക് തിരിച്ചുവിട്ടു. ഈ പുനർവിഹിതം ഇനി എല്ലാ മാസവും നടക്കും.
അതേസമയം, പദ്ധതിയുടെ 2025 ഏപ്രിൽ മാസത്തെ ഗഡു ഇതുവരെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടില്ല.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here