
മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷയായ ടെറ്റ് (ടിഇടി) ചോദ്യപേപ്പർ ചോർച്ചക്കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതോടെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. പരീക്ഷയ്ക്ക് വെറും 20 മണിക്കൂർ മുമ്പാണ് ടെറ്റ് പരീക്ഷ മാറ്റിവെച്ചത്. സംഭവത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുകയാണ്.
ചോദ്യപേപ്പർ ചോർച്ചക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും ജൂലൈ ആറുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്തർസംസ്ഥാന പരീക്ഷാ തട്ടിപ്പ് ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനായാണ് ഭിവണ്ടി കോടതി കസ്റ്റഡി അനുവദിച്ചത്. ചോദ്യപേപ്പറിന്റെ ചില ഭാഗങ്ങൾ പരീക്ഷയ്ക്ക് മുമ്പ് ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷയ്ക്ക് വെറും 20 മണിക്കൂർ മുമ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അനിശ്ചിതത്വത്തിലായി.
സംഭവത്തെ തുടർന്ന് പ്രതിപക്ഷം സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബിജെപി ഭരണത്തിൽ സർക്കാർ പരീക്ഷകൾ തുടർച്ചയായി ചോദ്യപേപ്പർ ചോർച്ചയുടെ പിടിയിലാകുകയാണെന്നും രാജ്യം “പേപ്പർ ലീക്ക് ഗവൺമെന്റ്” ആയി മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു.
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ മഹാരാഷ്ട്രയിലെ നാസിക്കുമായുള്ള ബന്ധം നേരത്തേ പുറത്തുവന്നിരുന്നു. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ചോദ്യപേപ്പർ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രചരിപ്പിച്ചെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇപ്പോഴത്തെ ടിഇടി ചോർച്ചയും പുറത്തുവന്നതോടെ രാജ്യത്തെ മത്സരപരീക്ഷകളുടെ സുരക്ഷയും വിശ്വാസ്യതയും വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

