ഹേ റാം ! രാഷ്ട്രപിതാവിന്റെ രക്തംപുരണ്ട ഇന്ത്യയ്ക്ക് 76

എന്റെ ജീവിതമാണ് എന്റെ സന്ദേശം…മത ഭ്രാന്തനും ആര്‍എസ്എസ് പ്രവര്‍ത്തകനും ഹിന്ദു മഹാസഭാ നേതാവുമായ നാഥുറാം വിനായക് ഗോഡ്സെ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയെ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് 76 വര്‍ഷം തികയുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ സൃഷ്ടിയില്‍ നെടുനായകത്വം വഹിച്ച വ്യക്തി, നമ്മുടെ രാഷ്ട്രപിതാവ്, സ്വാതന്ത്ര്യം ലഭിച്ച് ഏതാനും മാസങ്ങള്‍ക്കകംതന്നെ വധിക്കപ്പെട്ടുവെന്നത് ആ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ദുരന്തത്തിലാണ്ട തുടക്കമാണ്.

ഗാന്ധിയുടെ വധം അതിന് കാരണക്കാരനായ നാഥുറാം വിനായക് ഗോഡ്സെയെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ഗോഡ്സെയെ ചിലര്‍ ഒരു പൂജാവിഗ്രഹമാക്കിമാറ്റുന്ന ഇന്നത്തെ കാലത്ത് ഇത്തരം ചര്‍ച്ച സ്വാഭാവികമാണ്. ഗോഡ്സെ ഒരു ഹിന്ദുത്വവാദിയായിരുന്നെന്നും തീവ്രഹിന്ദുത്വവാദികളുടെ തീരുമാനം ഗോഡ്സെ നടപ്പാക്കുകയാണ് ചെയ്തതെന്നും സംശയമില്ലാത്ത കാര്യം തന്നെയാണ്.

സ്വാതന്ത്ര്യം ഏത് രീതിയില്‍ വേണമെന്നും രാഷ്ട്രനിര്‍മാണം ഏത് വിധത്തിലായിരിക്കണമെന്നും തീരുമാനിക്കുന്നത് സ്വതന്ത്രമാകുന്ന പ്രദേശത്തിലെ ജനങ്ങളാണ്. ആ തീരുമാനം രാഷ്ട്രപിതാവ് സ്ഥിരമായി അംഗീകരിച്ചുപോന്ന സാമൂഹ്യസമവായ സങ്കല്‍പ്പത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ ഭരണവര്‍ഗങ്ങളെ സംബന്ധിച്ചിടത്തോളം സമവായത്തിന്റെ സൃഷ്ടിയായിരുന്ന വിഭജനം ഇന്ത്യന്‍ ജനതയുടെ ഇടയില്‍ അതിതീവ്രമായ സ്പര്‍ധയുടെ വിത്തുപാകുകയായിരുന്നു.

മഹാത്മാഗാന്ധി ഒരു സെക്കുലര്‍ ജനാധിപത്യവാദിയായിരുന്നു. മതവും ജാതിയും വര്‍ഗങ്ങളുമടക്കമുള്ള വിരുദ്ധശക്തികള്‍ തമ്മിലുള്ള സമവായവും സഹിഷ്ണുതയുടെ അടിസ്ഥാനത്തിലുള്ള സഹവര്‍ത്തിത്വവും അദ്ദേഹത്തിന്റെ സെക്കുലര്‍ ജനാധിപത്യത്തിന്റെ ആധാരശിലകളായിരുന്നു.

സെക്കുലര്‍ ജനാധിപത്യസങ്കല്‍പ്പത്തെ എതിര്‍ക്കുന്ന ശക്തികള്‍ ഇന്ത്യയില്‍ രൂപപ്പെട്ടുകഴിഞ്ഞുവെന്നതിന്റെ സൂചനയായിരുന്നു ഗാന്ധിയുടെ വധം. എഴുപത്തിയാറ് വര്‍ഷം കഴിയുമ്പോള്‍ ഗാന്ധി വിഭാവനംചെയ്ത സമവായത്തിന്റെയും സഹിഷ്ണുതയുടെയും അന്തരീക്ഷം പൂര്‍ണമായി ഇല്ലാതായിവരികയാണ്.

ഗാന്ധിയടക്കമുള്ള ദേശീയ സ്വാതന്ത്ര്യസമരപ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെല്ലാം ചോദ്യംചെയ്യപ്പെടുകയാണിപ്പോള്‍. ഇന്ത്യന്‍ ജനാധിപത്യം ഇന്ന് മതാന്ധതയുടെയും വിഭാഗീയതയുടെയും സങ്കുചിതവാദത്തിന്റെയും കൈയേറ്റത്തിന്റെ പിടിയിലാണ്. ഭരണകൂടത്തിന്റെയും പൗരസമൂഹത്തിന്റെയുംമേല്‍ അത്തരം ശക്തികള്‍ പിടിമുറുക്കുകയാണ്.

സമവായവും സഹവര്‍ത്തിത്വവുംതന്നെ വിഭാഗീയപ്രവണതകളോടുള്ള ചെറുത്തുനില്‍പ്പായി കാണാന്‍ അന്ന് ഗാന്ധിക്ക് കഴിഞ്ഞിരുന്നു. കലുഷിതമായ ഇന്നത്തെ അന്തരീക്ഷത്തില്‍, ഗാന്ധിക്ക് നല്‍കാനുള്ള സന്ദേശവും ചെറുത്തുനില്‍പ്പിന്റെ ഇത്തരം രൂപങ്ങളാണ്. ഇത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക് കൊടുക്കേണ്ടിവരുന്ന വിലയെന്താണെന്ന് ഗാന്ധിയുടെ വധം നമ്മെ ഓര്‍മിപ്പിക്കുന്നു.

മതാന്ധത, ഏത് രൂപത്തിലാണെങ്കിലും ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണ്. മരണത്തിന്റെ അവസാന ശ്വാസത്തില്‍ ഗാന്ധിജി പറഞ്ഞ ഹേ റാം എന്ന വാക്ക് ഇപ്പോള്‍ പരിണമിച്ച് ഹരേ റാമിലേക്ക് എത്തിയത് അവിചാരിതമായിട്ടല്ല. ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളിലെ അനവധിയായ വൈവിധ്യങ്ങളെ സ്വാംശീകരിച്ചാണ് ഗാന്ധിജി തന്റെ രാമരാജ്യ ദര്‍ശനം അവതരിപ്പിച്ചത്. സമത്വം എന്ന സത്യത്തെയാണ് ഉള്‍ക്കണ്ണുകൊണ്ട് രാമനിലൂടെ ഗാന്ധിജി ദര്‍ശിച്ചത്. എന്നാല്‍, അതേ രാമനെ ചരിത്രപുരുഷനായി അവതരിപ്പിച്ചാണ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ വിചാരധാര നടപ്പാക്കുന്നത്.

ഇന്ന് ഇന്ത്യയില്‍ ആസൂത്രണത്തിലൂടെ നടക്കുന്ന ന്യൂനപക്ഷവേട്ട മതത്തെ കേന്ദ്രീകരിച്ചാകുമ്പോള്‍ ഗാന്ധിജിയുടെ രാമരാജ്യത്തിന് പകരം തീവ്രഹിന്ദുത്വത്തിലെ രാമന്‍ ‘ഏകാധികാര’ ബോധത്തിലേക്ക് വളരുന്നതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ഗാന്ധിജി വിഭാവനം ചെയ്ത മതേതര ഇന്ത്യയെ ഹിന്ദുത്വ വാദികളും ഹിന്ദുത്വ ശക്തികളും വര്‍ഗീയതയിലേക്ക് തള്ളിവിട്ടു. ഗാന്ധിജിയുടെ ഓരോ രക്തസാക്ഷിത്വ ദിനങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നത് ചരിത്രത്തില്‍ ഒരു മതേതര ഇന്ത്യ ഉണ്ടായിരുന്നു എന്നതിന്റെ അടയാളപ്പെടുത്തലിനെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News