ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി മഹ്‌വ മൊയ്ത്ര

കേന്ദ്ര മന്ത്രി അമിത്ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നേട്ടീസ് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന പരാതിയിലാണ് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി സിപിഐഎം രംഗത്ത് വന്നിരുന്നു.

ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരെ രൂക്ഷപരിഹാസവും വിമര്‍ശനവും ഉയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹ്‌വ മൊയ്ത്ര രംഗത്തുവന്നിട്ടുണ്ട്. അരമണിക്കൂറിന്റെ മാത്രം ഇടവേളകളില്‍ രണ്ട് ട്വീറ്റുകളാണ് ഈ വിഷയത്തില്‍ മഹ്‌വ മൊയ്ത്ര
പങ്കുവച്ചിരിക്കുന്നത്. ‘RS (രാജ്യസഭ) ആണ് ഉപരിസഭ, ആര്‍എസ്എസ് അല്ല. ദയവായി ആരെങ്കിലും അതിന്റെ അധികാരം ഒന്ന് പറഞ്ഞു കൊടുക്കണം’ എന്നായിരുന്നു ഏറ്റവും അവസാനമായി മഹ്‌വ ഈ വിഷയത്തില്‍ പങ്കുവെച്ചിരിക്കുന്ന പരിഹാസം. ജോണ്‍ ബ്രിട്ടാസിന് നോട്ടീസ് അയച്ച ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയുടെ ലിങ്കും ട്വീറ്റില്‍ പങ്കുവച്ചിട്ടിട്ടുണ്ട്.

‘ഇത് വലിയ തമാശയാണ്. അമിത് ഷായ്ക്കെതിരായ വിമര്‍ശനത്തെക്കുറിച്ച് വിശദീകരിക്കാന്‍ രാജ്യസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. എന്റെ പല വിമര്‍ശനങ്ങള്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് വിളിപ്പിക്കുന്നത് കാത്തിരിക്കുന്നു. ബനാന റിപ്പബ്ലിക്ക് നീണാള്‍ വാഴട്ടെ’ എന്ന മറ്റൊരു ട്വീറ്റും മഹ്‌വ മൊയ്ത്ര തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരവും ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ‘സത്യം വെളിപ്പെടുത്തിയതിന്റെ പേരിലാണ് ജോണ്‍ ബ്രിട്ടാസ് വലിച്ചിഴയ്ക്കപ്പെടുന്ന’തെന്നാണ് കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here