കൊച്ചിയിലെ മലിനജല സംസ്‌ക്കരണത്തിനായി ബൃഹത്പദ്ധതി; ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു

മലിനജല സംസ്‌ക്കരണത്തിനായി കൊച്ചി നഗരത്തിന്റെ 70 ശതമാനം പ്രദേശം ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത്പദ്ധതി കിഫ്ബിയും കേരള വാട്ടര്‍ അതോറിട്ടിയും ചേര്‍ന്ന് വിഭാവനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എളംകുളം, വെണ്ണല, മുട്ടാര്‍, പേരണ്ടൂര്‍ എന്നിവിടങ്ങളില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനായി കിഫ്ബിയില്‍ നിന്നും 1,325 കോടി രൂപ അനുവദിക്കുകയും ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചുവരികയുമാണ്.

ALSO READ: എഡിജിപി ഫോണ്‍ ചോര്‍ത്തിയിട്ടില്ല; പിവി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല

കൊച്ചി നഗരത്തിലെ പ്രധാന കനാലുകളെ പുനരുജ്ജീവിപ്പിക്കുന്നതിനും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും, മലിനജല സംസ്‌ക്കരണത്തിനും, കനാലുകളിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിക്കുന്നതിനും വിഭാവനം ചെയ്ത പദ്ധതിയാണ് ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം. കിഫ്ബിയുടെ ധനസഹായത്തോടെ ഇതിന്റെ നിര്‍വ്വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആണ്.

ഇടപ്പള്ളി, ചിലവന്നൂര്‍, തേവര, പേരണ്ടൂര്‍, മാര്‍ക്കറ്റ്, കോന്തുരുത്തി, മംഗളവനം എന്നീ 7 കനാലുകളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പദ്ധതി നടപ്പിലാക്കുന്നതോടുകൂടി മേല്‍പ്പറഞ്ഞ എല്ലാ കനാലുകളുടെയും ഏറ്റവും ചുരുങ്ങിയ വീതി 16.50 മീറ്റര്‍ ആകും. ഭാവിയില്‍ കയ്യേറ്റങ്ങള്‍ ഉണ്ടാകാതിരിക്കുവാനും, സ്വീവേജ് പ്ലാന്റുകളിലേക്കുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും കെഎസ്ഇബി പോലുള്ള സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ഇടനാഴി സ്ഥാപിക്കുന്നതിനും വേണ്ടി കനാലുകളുടെ ഇരുകരകളിലും ചുരുങ്ങിയത് 2 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്ത് നടപ്പാത നിര്‍മ്മിക്കുന്നതിന് വിഭാവനം ചെയ്തിട്ടുണ്ട്. ഇതില്‍ ഇടപ്പള്ളി, ചിലവന്നൂര്‍, തേവര, പേരണ്ടൂര്‍ എന്നീ കനാലുകളുടെ വികസനത്തിനായി 42 ഹെക്ടര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരും. അതിനായുള്ള സ്ഥലമെടുപ്പും, പുറമ്പോക്ക് നിര്‍ണ്ണയിക്കുന്നതിനുള്ള ജോലികളും പുരോഗമിച്ചുവരികയാണ്.

ALSO READ: സ്കൂട്ടറിലിടിച്ച ശേഷം കാർ നിർത്താതെ പോയി, കാറുടമ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

സ്ഥലം ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത മാര്‍ക്കറ്റ് കനാലിന്റെ സൗന്ദര്യവല്‍ക്കരണവും ചിലവന്നൂര്‍ ടാങ്ക് ബണ്ട് റോഡ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളും ദ്രുതഗതിയില്‍ നടന്നുവരുന്നു. ഈ പദ്ധതി കൊച്ചി നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ഒരു പുതിയ ചുവടുവയ്പ്പാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News