
‘വേൾഡ് ക്ലാസ് ഫിലിം, ലൂസിഫറാണോ എമ്പുരാനാണോ ഇഷ്ടമായതെന്ന് ചോദിച്ചാല്‍ എമ്പുരാന്‍’ ഈ വാക്കുകൾ എമ്പുരാൻ അദ്യ ഷോ കണ്ടതിനു ശേഷം മേജർ രവി പറഞ്ഞ വാക്കുകളാണ്. ഒരു ദിവസം കഴിഞ്ഞു, പലയിടങ്ങളിലും അസഹിഷ്ണുത വളരാൻ തുടങ്ങി മേജർ രവിക്ക് ഇരുപ്പുറച്ചില്ല. ഫേസ് ബുക്ക് എടുത്തു ഒരു കുറുപ്പിട്ടു. ഞാൻ വരുന്നു ഇന്ന് വൈകുന്നേരം എമ്പുരാനെ കുറിച്ച് പറയാൻ.
സമയം ആറു മണി, സ്ഥലം കാറിനകം ലൈവ് ഓണാക്കി എന്താണ് പറയുന്നതെന്ന് അറിയാൻ ആളുകൾ ലൈവിലേക്ക് എത്തി. പിന്നെ ഒരു കാച്ചായിരുന്നു എമ്പുരാൻ എന്ന സിനിമ റിലീസിന് മുന്നേ മോഹൻലാൽ കണ്ടിട്ടില്ല എന്ന് തനിക്ക് ആധികാരികമായി പറയാൻ കഴിയും. ഈ സംഭവങ്ങൾ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. താൻ അറിയുന്ന മോഹൻലാൽ ഈ സംഭവങ്ങളിൽ ഉറപ്പായും മാപ്പ് പറയും.
തീർന്നില്ല ഇനിയാണ് കിടിലൻ ഡയലോഗ്. ‘സെന്‍സര്‍ബോര്‍ഡില്‍ ഇരിക്കുന്ന കുറേ എണ്ണമുണ്ട്. ഇവരെയെല്ലാം ആദ്യം ചികഞ്ഞെടുത്ത് വെളിയില്‍ തള്ളണം. അവരാവും സിനിമ കാണുന്നില്ല. അതില്‍ രാജ്യസ്നേഹമുള്ള ഏതെങ്കിലും ഒരു വ്യക്തി ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും പടം കണ്ടിട്ട് അത് പ്രശ്നമാണെന്ന് മനസിലാക്കുമായിരുന്നു’ എന്നും കൂടി പറഞ്ഞു.
പക്ഷെ ബോധമുള്ള മേജർ രവി പടം കണ്ടിട്ട് നടത്തിയ ആദ്യ പ്രതികരണം ‘വേൾഡ് ക്ലാസ്’ ഫിലിം എന്നായിരുന്നു. ആളുകള്‍ എക്‌സ്‌പെക്റ്റ് ചെയ്യുന്നത് എന്താണോ അത് തിയേറ്ററില്‍ ചെന്നാല്‍ കിട്ടുമെന്നതില്‍ സംശയമില്ല എന്ന് പറഞ്ഞ മേജർ രവിക്കുള്ള മറുപടികളാണ് ഇപ്പോൾ കമന്റ് ബോക്സിൽ നിറയുന്നത്.
ചിലർ ലൂസിഫറിലെ സായികുമാർ സ്റ്റീഫൻ നെടുമ്പള്ളിയോട് പറയുന്ന ഡയലോഗിന്റെ മീമും, താൻ എവിടെയെങ്കിലുമൊന്ന് ഉറച്ച് നിൽക്കടോ എന്നൊക്കെയുമാണ് മേജർ രവിയുടെ കമന്റ് ബോക്സിൽ പറയുന്നത്.
സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍ ഗുജറാത്ത് കലാപമായിരുന്നു പശ്ചാത്തലം. ഗുജറാത്ത് കലാപത്തിന് കാരണക്കാരായവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം എമ്പുരാനിൽ ഉണ്ടെന്നതാണ് സ്വന്തം നിലപാടിൽ നിന്ന് മലക്കം മറിയാൻ ഇപ്പോൾ മേജർ രവിയെ പ്രേരിപ്പിച്ച ഘടകം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here